Latest News

കൊച്ചിയിലേക്കു തിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാരന്റെ ഷൂസില്‍ രണ്ടു കിലോഗ്രാം സ്വര്‍ണം

നെടുമ്പാശേരി: [www.malabarflash.com] കോഴിക്കോട് വിമാനത്താവളത്തിലെ സംഘര്‍ഷാവസ്ഥയില്‍ അവിടെ ഇറങ്ങാന്‍ കഴിയാതെ കൊച്ചിയിലേക്കു തിരിച്ചുവിട്ട വിമാനത്തിലെ യാത്രക്കാരന്റെ ഷൂസിനകത്തുനിന്നു രണ്ടു കിലോഗ്രാം സ്വര്‍ണം പിടിച്ചു. 

ഷാര്‍ജയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 354 വിമാനത്തില്‍വന്ന കോഴിക്കോട് സ്വദേശി അഹമ്മദ് റിയാസാണ് ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു സ്വര്‍ണ ബാറുകളുമായി പിടിയിലായത്. ഇതിനു വിപണിയില്‍ 55 ലക്ഷം രൂപ വിലയുണ്ട്. 

കോഴിക്കോട്ടു വിമാനമിറങ്ങുമ്പോള്‍ എമിഗ്രേഷന്‍ കൗണ്ടറിനടുത്തുതന്നെ സ്വര്‍ണം കൈമാറാന്‍ ആളെത്തുമെന്നാണത്രെ ഇയാളോടു പറഞ്ഞിരുന്നത്. കൊച്ചിയിലേക്കു വിമാനം തിരിച്ചുവിട്ടതിനാല്‍ ഈ ക്രമീകരണം പാളിയെന്നു പ്രതി മൊഴി നല്‍കിയതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഷാര്‍ജയില്‍നിന്നു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു ഫ്‌ളൈറ്റില്‍ (ഐഎക്‌സ് 434) നിന്ന് 104 കാര്‍ട്ടന്‍ വിദേശ സിഗരറ്റുകള്‍ പിടിച്ചു. കണ്ണൂര്‍ സ്വദേശികളായ രണ്ടു യാത്രക്കാരുടെ ബാഗുകളിലാണു സിഗരറ്റ് ഒളിപ്പിച്ചിരുന്നത്. 

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സഞ്ജയ് ബംഗാര്‍ ട്രെയില്‍, കെ.പി. ശിവദാസ്, സൂപ്രണ്ടുമാരായ എം. ഷൈരാജ്, എം.ആര്‍. രാമചന്ദ്രന്‍, കോശി അലക്‌സ്, എ. നൗഷാദ്, ടി.ബി. കാര്‍ത്തികേയന്‍, എന്‍.ജി. ജെയ്‌സന്‍, കെ.പി. മജീദ്, ഇന്‍സ്‌പെക്ടര്‍ ഒ.എസ്. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു സ്വര്‍ണവും സിഗരറ്റും പിടിച്ചത്.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.