Latest News

  

റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഒളിക്യാമറയില്‍ വിറച്ച്‌ അരുവിക്കരയിലെ യുഡിഎഫ് നേതൃത്വം

തിരുവനന്തപുരം: [www.malabarflash.com] സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നിലനില്‍പ്പിന് തന്നെ നിര്‍ണായകമായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത് റിപ്പോര്‍ട്ടര്‍ ചാനല്‍.

ഇടത് പക്ഷത്തിന്റെയും ബിജെപിയുടെയും പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ സമിതിയുടെയും ആരോപണങ്ങളെയും പ്രചാരണങ്ങളെയും അതിജീവിച്ച് ആദ്യ റൗണ്ട് തന്നെ വിജയ പ്രതീക്ഷ നല്‍കിയ യുഡിഎഫിന് ഇപ്പോള്‍ പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും എംല്‍എയും അടക്കമുള്ളവര്‍ സരിതാ നായര്‍ക്ക് പണം നല്‍കിയതായുള്ള സരിതാ നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ സംഭാഷണം റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘം ഒളിക്യാമറയില്‍ പകര്‍ത്തിയതും, ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടതുമാണ് ഇപ്പോള്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട ഈ വിവരങ്ങള്‍ ഇടത് പക്ഷത്തിന്റെയും ബിജെപിയുടെയും പ്രധാന പ്രചരണായുധമാകുന്ന കാഴ്ചയാണ് അരുവിക്കരയില്‍ കാണുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ ആക്രമണമെങ്കിലും ആത്യന്തികമായി അവര്‍ ലക്ഷ്യമിടുന്നത് ശബരീനാഥിന്റെ തോല്‍വിയാണ്.

രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി ഫെനി ബാലകൃഷ്ണന്‍ ഒളിക്യാമറയിലെ പരാമര്‍ശങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും പൊതു സമൂഹത്തിന്റെ മുന്നില്‍ അത് എത്രമാത്രം വിശ്വാസയോഗ്യമായി എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്.

സരിതയെക്കൊണ്ട് പരാതി കൊടുപ്പിച്ചും ആരോപണങ്ങള്‍ നിഷേധിപ്പിച്ചും ഒളിക്യാമറ വിവാദത്തിന് വിരാമമിടാന്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ശ്രമം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി വിജിലന്‍സ് എസ്.പിയുടെ സംഭാഷണം പുറത്തുവിട്ട് വീണ്ടും റിപ്പോര്‍ട്ടര്‍ ചാനല്‍ രംഗത്ത് വന്നത് യുഡിഎഫ് ക്യാംപിന് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിക്കെതിരെ 60 ശതമാനം തെളിവുണ്ടെന്നും താന്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് നെറ്റിലിടണമെന്നുമാണ് സംഭാഷണത്തില്‍ എസ്.പി സുകേശന്‍ തുറന്നടിക്കുന്നത്.

വികാരിമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അഗസ്റ്റിന്‍ നിയമോപദേശം നല്‍കിയതെന്ന് മനസ്സിലായെന്നും, കുറ്റപത്രം നല്‍കാനാവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സുകേശന്‍ വ്യക്തമാക്കുന്നുണ്ട്.

പാലായില്‍ വച്ച് പണം നല്‍കിയതിന്റെ എല്ലാ തെളിവുകളുമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിവാദ സംഭാഷണത്തില്‍ എടുത്ത് പറയുന്നു. തന്റെ കണ്ടെത്തലുകള്‍ നിയമജ്ഞരും വിരമിച്ച ജഡ്ജിമാരും വിലയിരുത്തട്ടെ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നുണ്ട്.

വെളിപ്പെടുത്തല്‍ പുറത്ത് വന്ന ഉടനെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇടത് പക്ഷവും ബിജെപിയും ശക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

സോളാര്‍ കേസും, ബാര്‍ കോഴയും അരുവിക്കരയിലെ പ്രധാന പ്രചരണ വിഷയമാകുന്നത് തങ്ങള്‍ക്ക് വിജയ പ്രതീക്ഷ നല്‍കുന്ന ഘടകമാണെന്നാണ് ഇടത് പക്ഷത്തിന്റെയും ബിജെപിയുടെയും അവകാശ വാദം.

ഫെനി ബാലകൃഷ്ണന്റെയും സുകേശന്റെയും വെളിപ്പെടുത്തലുകള്‍ നോട്ടീസ് രൂപത്തില്‍ പ്രത്യേകം അച്ചടിച്ച് വീടുകളില്‍ വിതരണം ചെയ്യാന്‍ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്.

പ്രചരണ വാഹനങ്ങളിലും കവല യോഗങ്ങളിലും ബാര്‍ കോഴയും സോളാര്‍ വിവാദവുമാണ് ഇപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.