Latest News

സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം; ചാവക്കാട് പൊലീസ് സ്‌റ്റേഷനിലെ ടെലിഫോണിനും പൊലീസുകാര്‍ക്കും വിശ്രമമില്ല

തൃശൂര്‍: [www.malabarflash.com] കാണാതായ കുട്ടിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിക്കുന്നു. മാതാപിതാക്കളെ നഷ്ടമായ ബാലനെ തൃശൂര്‍ ചാവക്കാട് പൊലീസ് സ്‌റ്റേഷനില്‍ കണ്ടെത്തിയെന്ന സന്ദേശമാണ് വൈറലായിരിക്കുന്നത്. ചിത്രം സഹിതമുള്ള സന്ദേശം വിശ്വസിച്ച് ആയിരക്കണക്കിനാളുകള്‍ സ്‌റ്റേഷനിലേക്ക് വിളിച്ചതോടെ ഉറവിടം തേടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ചാവക്കാട് പൊലീസ് സ്‌റ്റേഷനിലെ ടെലിഫോണിനും പൊലീസുകാര്‍ക്കും മൂന്ന് ദിവസമായി വിശ്രമമില്ല. ഫേസ്ബുക്കിലും വാട്‌സ് ആപിലും കണ്ട ഈ കുട്ടിയെ അന്വേഷിച്ചാണ് വിളികളെല്ലാം. കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ഈ കുട്ടിയുടെ മാതാപിതാക്കളെ കാണാതെയെന്നും കുട്ടിയിപ്പോള്‍ ചാവക്കാട് പൊലീസ് സ്‌റ്റേഷനിലുണ്ടെന്നുമാണ് ആരോ മെനഞ്ഞ കഥ.

വടക്കേ ഇന്ത്യയിലെവിടെയോ നടന്ന സംഭവത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ചാവക്കാട് സ്‌റ്റേഷന്റെ പേരില്‍ വ്യാജസന്ദേശം തയാറാക്കിയതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

ഒരുപക്ഷെ ഈ കുട്ടി യഥാര്‍ത്ഥത്തില്‍ കാണാതായതാണങ്കില്‍ പൊലീസ് അന്വേഷണം പോലും ഇതുമൂലം വഴിതെറ്റിയേക്കാം. അതിനാല്‍ കള്ളകഥയുടെ സൃഷ്ടാവിനെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടാനാണ് പൊലീസ് തീരുമാനം. മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെ പോലും ഇത്തരം വ്യാജസന്ദേശത്തിന് ഉപയോഗിക്കുന്നത് പതിവായതും അന്വേഷണം ആരംഭിക്കാന്‍ കാരണമായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.