Latest News

വയറിനുള്ളില്‍ തുണിവെച്ച് മറന്നു; ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരിച്ചു

മണിപ്പാല്‍: [www.malabarflash.com] ഓപ്പറേഷനിടെ വയറിനുള്ളില്‍ തിരുകിയ തുണി നീക്കാന്‍ മറന്നതുകാരണം യുവാവ് മണിപ്പാലില്‍ മരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ദൊഡ്ഡപുര ഹൊസൂര്‍ ചന്ദ്രപ്പയുടെ മകന്‍ വെങ്കിടേഷ് (24) ആണ് മരിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 24-ന് ചിത്രദുര്‍ഗയിലെ സ്വകാര്യ ആസ്പത്രിയില്‍ വെങ്കിടേഷ് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഏപ്രില്‍ ഏഴിന് ആസ്പത്രിവിട്ട വെങ്കിടേഷിന്റെ വയറുവേദന പിന്നെയും തുടര്‍ന്നു. മെയ് 13-ന് വീണ്ടും അതേ ആസ്പത്രിയില്‍ ഡോക്ടറെ ചെന്നുകണ്ടു. ദിവസങ്ങള്‍ക്കകം എല്ലാം സാധാരണനിലയിലാകും എന്ന മറുപടി നല്കി ഡോക്ടര്‍ യുവാവിനെ തിരിച്ചയച്ചു.

വയറുവേദന കലശലായതോടെ ചികിത്സതേടി വെങ്കിടേഷ് മണിപ്പാലിലെത്തി. മെയ് 25-ന് നടന്ന സ്‌കാനിങ്ങില്‍ ശസ്ത്രക്രിയയില്‍ വെച്ചുമറന്ന തുണി വയറ്റില്‍ കണ്ടെത്തി. വീണ്ടും ശസ്ത്രക്രിയ നടത്തി മാംസം വലയംചെയ്ത തുണി പുറത്തെടുത്തെങ്കിലും കഴിഞ്ഞദിവസം യുവാവ് മരിച്ചു.

ചിത്രദുര്‍ഗയിലെ ആസ്പത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെങ്കിടേഷിന്റെ ചെറുകുടലും ഡോക്ടര്‍ മുറിച്ചുമാറ്റിയതായി അമ്മാവന്മാരായ തിപ്പെസ്വാമിയും ദേവരാജും ആരോപിച്ചു. ശസ്ത്രക്രിയനടത്തിയ ഡോക്ടറുടെ അറിവില്ലായ്മയും അശ്രദ്ധയുമാണ് മരണത്തിന് കാരണമായതെന്ന് സഹോദരന്‍ കൃഷ്ണയും മാധ്യമങ്ങളോട് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.