Latest News

നര്‍മം വിതറി ‘ഇന്നസെന്‍റ് ഷോ’

ആര്യനാട്: [www.malabarflash.com] എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണവുമായി നടന്‍ ഇന്നസെന്‍റ് അരുവിക്കരയില്‍. ‘നമുക്കൊക്കെ അറിയാവുന്ന ആള്‍ക്കാരല്ലെ , കാര്യം കാശൊക്കെ വാങ്ങിയിട്ടുണ്ട്, പക്ഷേ, മുഴുവനും വീട്ടില്‍കൊണ്ടുപോകാന്‍ അവര്‍ക്ക് പറ്റിയിട്ടില്ല, കേസൊതുക്കാനും കുറേ ചെലവാക്കിയിട്ടുണ്ട്. ഇവരൊക്കെ ജയിലില്‍ കിടക്കുന്നത് കാണാന്‍ ബുദ്ധിമുട്ടുണ്ട്...’ സ്വതസിദ്ധ ശൈലിയില്‍ ഇന്നസെന്‍റിന്‍െറ പ്രസംഗം കത്തിക്കയറിയപ്പോള്‍ കാണികളില്‍ ആവേശം.

അഭ്രപാളികളില്‍ കണ്ടുപരിചയിച്ച മുഖം മുന്നിലത്തെിയപ്പോള്‍ കാണികള്‍ തിക്കിത്തിരക്കി. വിജയകുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥമുള്ള റോഡ്ഷോയുടെ സ്വീകരണകേന്ദ്രങ്ങളിലാണ് ഇന്നസെന്‍റ് ആളുകളെ കൈയിലെടുത്തത്. ഹൈദരാബാദില്‍ എം. പത്മകുമാര്‍ മോഹന്‍ലാല്‍ ചിത്രം ‘കനലി’ന്‍െറ ഷൂട്ടിങ് തിരക്കുകള്‍ക്ക് രണ്ടുദിവസത്തെ അവധി നല്‍കിയാണ് ഇന്നസെന്‍റ് എത്തിയത്. സ്വീകരണകേന്ദ്രങ്ങളില്‍ ചുരുക്കം വാക്കുകളില്‍ കേട്ടുനില്‍ക്കുന്നവര്‍ക്ക് കാര്യം വ്യക്തമാകുംവിധം നര്‍മത്തില്‍ പൊതിഞ്ഞായിരുന്നു ഇന്നസെന്‍റിന്‍െറ പ്രസംഗം.

ചാലക്കുടിയുടെ എം.പിയും എല്‍.ഡി.എഫ് പ്രവര്‍ത്തകനുമെന്നനിലയില്‍ വിജയകുമാറിനുവേണ്ടി വോട്ടുചോദിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞാണ് സംസാരം തുടങ്ങുന്നത്. യു.ഡി.എഫുകാര്‍ ബാറുകാരില്‍നിന്ന് കോഴ വാങ്ങിയിട്ടില്ല, സോളാര്‍ അഴിമതി നടത്തിയിട്ടില്ല എന്നൊക്കെ ഇപ്പോഴും വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് എന്തോ തകരാറുണ്ട്. അവരെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ കൈയടിയും ചിരിയുമായി ജനം അത് ആസ്വദിച്ചു. ചെറിയകൊണ്ണിയില്‍നിന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എക്കൊപ്പമാണ് ഇന്നസെന്‍റിന്‍െറ റോഡ്ഷോ തുടങ്ങിയത്. ഭഗവതിപുരത്തുനിന്ന് കലമാനൂരിലേക്കും.

യാത്രയില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ കണ്ട് അതും അദ്ദേഹം പ്രസംഗത്തില്‍ വിഷയമാക്കി. ടി.വിയില്‍ ഇവിടത്തെ റോഡുകളെക്കുറിച്ച് വാര്‍ത്ത കണ്ടപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല. ഇവിടെനിന്ന് പോയാല്‍ നേരെ തൈക്കാട്ട് മൂസിന്‍െറ അടുത്ത് രണ്ടുമാസത്തെ തിരുമ്മുചികിത്സ വേണ്ടിവരുമെന്നാണ് തോന്നുന്നതെന്ന് ഇന്നസെന്‍റ് പറഞ്ഞു. 

അരുവിക്കരയിലത്തെുമ്പോള്‍ അഴിമതിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട ഒറ്റപ്പാലം മുന്‍ എം.പി എസ്. ശിവരാമന്‍ അവിടെയുണ്ടായിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തില്‍ വിജയകുമാറിന്‍െറ വിജയം ഉറപ്പാക്കണമെന്ന് ഇന്നസെന്‍റ് ആവശ്യപ്പെട്ടു.
(കടപ്പാട്: മാധ്യമം)

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.