Latest News

76.55 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളടക്കം നാല് യാത്രക്കാര്‍ കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: [www.malabarflash.com] കോഴിക്കോട് വിമാനത്താവളത്തില്‍ ശരീരത്തില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചു വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാലു യാത്രക്കാര്‍ പിടിയില്‍. രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 76.55 ലക്ഷം രൂപയുടെ 2.8 കിലോഗ്രാം സ്വര്‍ണം ഈ നാലുപേരില്‍നിന്നുമായി കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെടുത്തു.

കാസര്‍കോട് സ്വദേശികളായ അബ്ദുറഹിമാന്‍ (45), മുഹമ്മദ് ജാവേദ് (24), മുഹമ്മദ് സയീദ് (47), മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശി വിനോദ് വാസിസ്ത (31) എന്നിവരാണു പിടിയിലായത്.

തിങ്കളാഴ്ച രാവിലെ 8.30ന് ദോഹയില്‍നിന്നുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ എത്തിയ അബ്ദുറഹിമാന്‍, 10.30ന് ദുബായില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ മുഹമ്മദ് ജാവേദ് എന്നിവരില്‍നിന്ന് 816 ഗ്രാം വരുന്ന ഏഴു സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം പിടികൂടി. പുലര്‍ച്ചെ 3.30ന് ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ വിനോദ് വാവിസ്തയില്‍നിന്ന് 468 ഗ്രാം വരുന്ന നാലു ബിസ്‌കറ്റുകള്‍, വൈകിട്ട് 3.30ന് ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കറ്റില്‍നിന്ന് എത്തിയ മുഹമ്മദ് സയീദില്‍നിന്ന് 699 ഗ്രാം വരുന്ന ആറു സ്വര്‍ണ ബിസ്‌കറ്റുകള്‍ എന്നിവയും പിടികൂടി. തീരുവ അടയ്ക്കാതെ പുറത്തു കടക്കാന്‍ ശ്രമിക്കുമ്പോഴാണ് എല്ലാവരും പിടിയിലായത്.

അസിസ്റ്റന്റ് കമ്മിഷണര്‍മാരായ എസ്.പി. ശ്യാം സുന്ദര്‍, കെ.കെ. സുബ്രഹ്മണ്യം, ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ജി. ബാലഗോപാല്‍, വി.പി. ദേവസി, ഇ.സി. ശശിധരന്‍, അരുള്‍പ്രസാദ്, പി. ഇ. രഞ്ജിത്, ഓഫിസര്‍മാരായ സി. പ്രദീപ് കുമാര്‍, കൗസ്തുഭ്കുമാര്‍, സകേത് സിങ് ദില്ലന്‍ തുടങ്ങിയവരാണു സ്വര്‍ണവേട്ടയ്ക്കു നേതൃത്വം നല്‍കിയത്. ഒരു ദിവസം നാലു വിമാനങ്ങളില്‍ സമാന രീതിയില്‍ സ്വര്‍ണം കടത്തിയത് ഒരു സംഘത്തിനു വേണ്ടിയാണോ എന്നത് അന്വേഷിക്കുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.