Latest News

ദുബൈയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ഭിക്ഷാടനം; 70 പേര്‍ പിടിയില്‍

ദുബൈ:[www.malabarflash.com] ഭിക്ഷാടനം തടയുന്നതിനായി പൊലീസ് നടത്തിയ പരിശോധനയില്‍ 70 പേര്‍ പിടിയിലായി. ഇവരില്‍ പലരും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചാണു പണപ്പിരിവിന് ഇറങ്ങിയിരുന്നത്. 

ജൂണ്‍ ഏഴിനാണ് ഭിക്ഷാടനം നിയന്ത്രിക്കുന്നതിനായി ദുബൈ പൊലീസ് പരിശോധന തുടങ്ങിയത്. യാചകര്‍ കൂടുതല്‍ തമ്പടിക്കുന്ന മേഖലകളിലാണ് പൊലീസ് നിരീക്ഷണം. പതിമൂന്ന് ദിവസത്തെ പരിശോധനയിലാണു എഴുപത് ഭിക്ഷാടകര്‍ പൊലീസിന്റെ വലയിലായതെന്നു സിഐഡിയിലെ ഭിക്ഷാടന പ്രതിരോധ വകുപ്പ് തലവന്‍ ലഫ്. കേണല്‍ അലി സാലിം അല്‍ ഷംസി അറിയിച്ചു.

വ്യവസായികളുടെ വീസയില്‍ രാജ്യത്തേക്ക് പ്രവേശിച്ച ശേഷം യാചന പതിവാക്കിയവരെയും പൊലീസ് പൊക്കിയിട്ടുണ്ട്. ഇവരില്‍ പലരും പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു താമസം. സ്യൂട്ടും കോട്ടും അണിഞ്ഞു വ്രതമാസത്തില്‍ പണപ്പിരിവിനു രാജ്യത്തേക്കു വരുന്നവരുണ്ട്. പിടിയിലായവരുടെ താമസയിടം പരിശോധിച്ചപ്പോഴാണ് ആര്‍ഭാട ജീവിതത്തിനാണു പലരും പണപ്പിരിവിനു വരുന്നതെന്നു ബോധ്യപ്പെട്ടതെന്ന് അല്‍ ഷംസി സൂചിപ്പിച്ചു.

നാല് കുട്ടികളെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിപ്പിച്ചു ഭിക്ഷാടനത്തിനു ഇറങ്ങിയ സ്ത്രീയില്‍ നിന്നും 13,000 ദിര്‍ഹം പൊലീസ് കണ്ടെടുത്തു. മറ്റാെരു ഭിക്ഷാടകന്റെ അലമാരയില്‍ രാജ്യാന്തര ട്രേഡ്മാര്‍ക്കുള്ള സ്യൂട്ടും കോട്ടും കണ്ടെത്തി. നായിഫ് മേഖലയില്‍ നിന്നു പിടിക്കപ്പെട്ട മൂന്ന് ഏഷ്യന്‍ രാജ്യക്കാരായ സ്ത്രീകള്‍ ഭിക്ഷയാചിക്കാന്‍ മാത്രമാണ് ദുബായിലെത്തിയത്. 

കാല്‍നട യാത്രക്കാരെയും കച്ചവടക്കാരെയുമാണു ഇവര്‍ പണം സ്വരൂപിക്കാനായി സമീപിച്ചിരുന്നത്. ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളുമാണു മിക്കവരുടെയും ഭിക്ഷാടന കേന്ദ്രം. പാര്‍പ്പിട മേഖലകളില്‍ കയറിയിറങ്ങി പണമൊപ്പിക്കുന്നവരുമുണ്ട്. പുണ്യമാസത്തിന്റെ പവിത്രതയ്ക്കു കളങ്കം ഏല്‍പ്പിക്കും വിധം പണപ്പിരിവിന് ഇറങ്ങുന്നവരെ കുടുക്കാന്‍ പൊലീസ് പല മേഖലകളിലും വലവിരിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.