Latest News

സമൂഹത്തിലെ ദുഷിച്ച പ്രവണതകളെ അകറ്റണം: സമദാനി

ദുബായ്: [www.malabarflash.com]മാനവ ജീവിതത്തിന്റെ വിവിധ മേഖലകളിലും വ്യവഹാരങ്ങളിലും വര്‍ധിച്ചുവരുന്ന ദുഷിച്ച പ്രവണതകളെ മാനുഷികതയാലും തത്ത്വശാസ്ത്രം കൊണ്ടും പരിഹരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. 

മനുഷ്യന്റെ സൗമ്യ ഭാവങ്ങള്‍ക്കായി മാനവരാശി തന്നെ കേഴുന്ന ലോക സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അവന്റെ പാരുഷ്യത്തിന് കീഴില്‍ ഞെരിഞ്ഞമരുന്ന മനുഷ്യത്വത്തെ രക്ഷിക്കാനും പരിപോഷിപ്പിക്കാനും എല്ലാ വിഭാഗീയതകള്‍ക്കും അതീതമായ പൊതുവേദി ആഗോളതലത്തില്‍ തന്നെ ഉയര്‍ത്തേണ്ടതുണ്ടെന്നും സമദാനി പറഞ്ഞു. 

ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ നിശ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തിന്റെ ആന്തരികമായ അര്‍ഥം നഷ്ടപ്പെടുകയും മനുഷ്യന്റെ മഹിമ നിഷേധിക്കപ്പെടുകയും ചെയ്തതാണ് ഈ ദു:സ്ഥിതിക്ക് ഹേതുവായത്. ജീവിതം കേവലം കച്ചവടവും മനുഷ്യന്‍ അതിനുള്ള ഉപകരണവുമാണിന്ന്. 

വിപണിയുടെ സംസ്‌കാരം രാജ്യാന്തര തലത്തില്‍ തന്നെ നിലയുറപ്പിച്ചുകഴിഞ്ഞു. വ്യക്തിയിലും കുടുംബത്തിലും ആര്‍ത്തി പടര്‍ത്തി അതിനെ മുതലെടുക്കാനുള്ള ഉല്‍പന്നങ്ങളുമായി അത്യന്താധുനിക ഭൗതിക സംസ്‌കൃതി ഏതറ്റം വരെ പോകാനും തയാറായിരിക്കുന്നു. 

ഈ കമ്പോളത്തില്‍ ഏറ്റവും വിലയിടിഞ്ഞ ചരക്കാക്കി മനുഷ്യനെ മാറ്റുകയും ചെയ്തിരിക്കുന്നു. അവനിന്ന് ഒരു പദാര്‍ഥം മാത്രമാണ്. ബാഹ്യമായി കൊഴുപ്പിക്കേണ്ട വെറും ജഡം മാത്രമായി മാറി. ഇതിനുളള സകല തന്ത്രങ്ങളും വിപണി സജ്ജീകരണത്തിന്റെ തിരശ്ശീലക്കു പിന്നില്‍ അരങ്ങേറുകയാണെന്നും അദ്ദേഹം പറഞ്ഞു.


മുസാബഖ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഖുര്‍ആന്‍ നിശ സംഘടിപ്പിച്ചത്. ആക്ടിങ് പ്രസിഡന്റ് എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, പി.കെ. അന്‍വര്‍ നഹ, അഡ്വ. സാജിദ് അബൂബക്കര്‍, അഡ്വ. സിറാജുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. 

മുസാബഖ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്ലത്തീഫ് പാലക്കാടിന് അബ്ദുസ്സമദ് സമദാനിയും രണ്ടാം സ്ഥാനം നേടിയ സി.എച്ച്.സിയാദിന്‌സി കെ.പി. മുഹമ്മദും ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷുഹൈബ് അബ്ദുല്ലത്തീഫിന് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫസീഹ് അഹമ്മദിന് എ.സി ഇസ്മായിലും സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഒ.കെ. ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അബു ചിറക്കല്‍, ബഷീര്‍ തിക്കോടി, ഹാരിസ് നീലാമ്പ്ര, ഖാദര്‍, അഷ്‌റഫ്, നൗഷാദ്, സത്താര്‍, കെ.പി. റഫീഖ്, മുഹമ്മദ് തെക്കയില്‍, റാഫി എന്നിവര്‍ സംബന്ധിച്ചു. നാസര്‍ മുല്ലക്കല്‍, സി.വി.എ, ലത്തീഫ്, മൊയ്തു അരൂര്‍, വി.കെ.കെ. റിയാസ്, കെ.പി. മുഹമ്മദ്, ഹാഷിം എലത്തൂര്‍, ഷിഹാബ് കുന്ദമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. സാജിദ് കോറോത്ത്, നജീബ് തച്ചംപൊയില്‍ എന്നിവര്‍ പ്രസംഗിച്ചു.



Keywords: Gulf News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.