Latest News

പാനൂര്‍ സ്‌ഫോടനം: സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ വനിത അറസ്റ്റില്‍

പാനൂര്‍: [www.malabarflash.com] പാനൂര്‍ ചെറ്റക്കണ്ടിയില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ ഒരു സ്ത്രീ അറസ്റ്റില്‍. ഈസ്റ്റ് ചെറ്റക്കണ്ടി മുന്‍ ബ്രാഞ്ച് സെക്രട്ടറിയും അങ്കണവാടി വര്‍ക്കറുമായ നിര്‍മല(35)യാണ് അറസ്റ്റിലായത്.

സംഭവംനടന്ന സ്ഥലത്ത് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ ജാമ്യത്തില്‍വിട്ടു. സ്‌ഫോടനം നടന്ന ഉടനെ തെളിവ് നശിപ്പിക്കാന്‍ സ്ഥലത്ത് ഓലകൂട്ടിയിട്ട് കത്തിച്ചിരുന്നു.

ഇതിനായെത്തിയവരില്‍ നിര്‍മലയുമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതുവരെ ചോദ്യംചെയ്തവരില്‍നിന്നാണ് നിര്‍മല പങ്കെടുത്തിരുന്നുവെന്ന് സൂചന ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് കേസന്വേഷിക്കുന്ന പാനൂര്‍ സി.ഐ. സി.എന്‍.അനില്‍കുമാര്‍ ഇവരെ ചോദ്യംചെയ്യാനായി തിങ്കളാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യംചെയ്യലില്‍ കുറ്റം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ചെയ്തത്. 

കേസിലെ ഏഴാംപ്രതിയാണ് നിര്‍മല. ഈ കേസില്‍ അറസ്റ്റിലാവുന്ന മൂന്നാമത്തെ സി.പി.എം. നേതാവാണ് നിര്‍മല. നേരത്തേ ഒരു ലോക്കല്‍കമ്മിറ്റി അംഗം വിജിത്ത് ലാലും ബ്രാഞ്ച് സെക്രട്ടറി വി.എം.ചന്ദ്രനും അറസ്റ്റിലായിരുന്നു.

Keywords: Kannur News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.