Latest News

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: [www.malabarflash.com] പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും പിന്നണി ഗായകനുമായ മുഴപ്പിലങ്ങാട് സജില പാലസില്‍ കണ്ണൂര്‍ സലീം (കെ.വി. സലീം 58) കാറപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതിനു ചാലക്കുന്ന് ഇറക്കത്തിലെ വളവില്‍ സലീം ഓടിച്ചിരുന്ന കാറും എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സലീം കണ്ണൂരില്‍ നിന്നു വീട്ടിലേക്കു മടങ്ങവെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ സീറ്റിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിയ സലീമിനെ നാട്ടുകാരും അഗ്‌നിശമനേ സേനയും ചേര്‍ന്ന് കാര്‍ തകര്‍ത്താണ് പുറത്തെടുത്തത്. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാപ്പിളപ്പാട്ട് രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സലീം പഴയകാല മാപ്പിള പാട്ടുകളെ നിലനിര്‍ത്താനായി എരഞ്ഞോളി മൂസയടക്കമുള്ള പ്രശസ്ത കലാകാരന്മാരുമായി ചേര്‍ന്ന് ഒട്ടേറെ സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പാലം, മണിയറ, മണിത്താലി, അന്നുമുതല്‍ ഇന്നുവരെ, നായകന്‍ തുടങ്ങി പതിനഞ്ചിലേറെ സിനിമകളില്‍ പാടിയിട്ടുണ്ട്. നായകന്‍ എന്ന സിനിമയിലെ 'എന്തിനാണീ കള്ളനാണം' സലീം പാടിയ ഹിറ്റ്ഗാനമാണ്. ചില റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബദര്‍ കിസ്സപാട്ടുകളിലും ശ്രദ്ധേയനായിരുന്ന സലീം ഗള്‍ഫിലും ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മക്കളും ഭാര്യയും ഉള്‍പ്പടെ സലീമിന്റെ കുടുംബവും മാപ്പിളപാട്ട് രംഗത്ത് സജീവമാണ്. വളപട്ടണത്തെ കെ.എന്‍. മഹമൂദിന്റെയും കെ.വി.ബിഫാത്തുവിന്റെയും മകനാണ്.
ഭാര്യ: ലൈല, മക്കള്‍: സലീജ്, സജില, സജിലി, സാലിജ്, മരുമക്കള്‍: ഫായിസ്, ഷബാസ്. സഹോദരങ്ങള്‍: അസീസ്, നിസാര്‍, ഫൈസല്‍, ഷക്കീല്‍, സീനത്ത്, റുക്‌സാന.
കബറടക്കം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ്.
 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.