Latest News

വെടിവെപ്പ്: കരിപ്പൂര്‍ വിമാനത്താവള ചരിത്രത്തിലെ ആദ്യ സംഭവം

കൊണ്ടോട്ടി: [www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) ജവാന്മാരും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മില്‍ ഉണ്ടായ സംഘര്‍ഷവും വെടിവെപ്പും അപൂര്‍വങ്ങളില്‍ അപൂര്‍വം. 

വിമാനത്താവളത്തിന് സുരക്ഷ നല്‍കാന്‍ ഉത്തരവാദിത്തമുള്ള രണ്ട് വിഭാഗങ്ങളുടെയും സംഘര്‍ഷം വിമാനത്താവളത്തിലെ സുരക്ഷാകാര്യങ്ങളെ ചോദ്യം ചെയ്യുന്ന സംഭവമാണ്. ഇന്ത്യന്‍ വ്യോമചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കും കരിപ്പൂരില്‍ നടന്നത്.
സംഘര്‍ഷത്തെ തുടര്‍ന്ന് സി.ഐ.എസ്.എഫ് ജവാന്മാരുടെ തേര്‍വാഴ്ചയാണ് നടന്നത്. ജവാന്‍ വെടിയേറ്റ് മരിച്ചതോടെ സംഘടിച്ചത്തെിയ മറ്റു ജവാന്മാര്‍ കണ്ണില്‍ കണ്ടവര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യാത്രക്കാരെ സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് നേരെയും വിമാനത്താവളത്തിലെ മറ്റ് ജീവനക്കാര്‍ക്ക് നേരെയും ജവാന്മാര്‍ തിരിഞ്ഞു. 

അകത്തേക്ക് പ്രവേശിപ്പിക്കാതെ എയര്‍പോര്‍ട്ട് ഡയറക്ടറെയും എയര്‍ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരെയും തടഞ്ഞുവെക്കുകയും ചെയ്തു. ഒടുവില്‍ കൊണ്ടോട്ടി, കരിപ്പൂര്‍ ലോക്കല്‍ പൊലീസ് രംഗത്തത്തെിയതോടെയാണ് സംഘര്‍ഷത്തിന് കുറച്ചെങ്കിലും അയവ് വന്നത്.
ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല എ.ഡി.ജി.പി സുധാകര്‍ റെഡ്ഡി, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, മലപ്പുറം ജില്ലാ കലക്ടറുടെ ചുമതലയുള്ള വി. രാമചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തത്തെി. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ റണ്‍വേ ഉപരോധിച്ചതോടെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനാകാതെ വലഞ്ഞു.
മുംബൈയില്‍നിന്നത്തെിയ ഇന്‍ഡിഗോ എയര്‍ലൈന്‍സും ദുബൈയില്‍ നിന്നത്തെിയ എയര്‍ ഇന്ത്യ എക്സ്പ്രസും ലാന്‍ഡിങ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി.
സി.ഐ.എസ്.എഫ് ജീവനക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മിലെ മൂപ്പിളമ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സുരക്ഷാ പരിശോധനക്ക് വിധേയരാകാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ തയാറാകാത്തതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. 

അതീവ സുരക്ഷാ മേഖലയായ വി.ഐ.പി ഗേറ്റിലടക്കം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് ചട്ടം. എന്നാല്‍, യൂനിഫോം ധരിച്ച എയര്‍പോര്‍ട്ട് ജീവനക്കാരെ പരിശോധിക്കുന്നതില്‍ ജീവനക്കാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അതേസമയം, സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച നല്‍കാന്‍ സി.ഐ.എസ്.എഫ് ജവാന്മാരും തയാറായില്ല. 

വിമാനത്താവളത്തിന് സുരക്ഷ നല്‍കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ വിമാനത്താവളത്തില്‍ അക്രമം അഴിച്ചുവിട്ടതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.