Latest News

ബിഎസ്എന്‍എല്‍ സംവിധാനം അവതാളത്തില്‍; ഫോണുകള്‍ക്ക് മിണ്ടാട്ടമില്ല, ഇന്റര്‍നെററ് സംവിധാനം നിലച്ചു

കാസര്‍കോട്: [www.malabarflash.com] ബിഎസ്എന്‍എല്‍ സംവിധാനം പരാതികള്‍ കാരണം അവതാളത്തിലായി. മഴ പെയ്തുതുടങ്ങിയതോടെ സേവനം കിട്ടാത്ത നിലയായി. ലാന്‍ഡ്‌ഫോണുകള്‍ ബിഎസ്എന്‍എല്‍ അധികൃതരുടേതുള്‍പ്പെടെ പലതിനും മിണ്ടാട്ടമില്ല. പരാതികള്‍ കേട്ടു മടുത്തുവെന്നാണ് അധികൃതരുടെ വിശദീകരണം. ഇതേത്തുടര്‍ന്നു കോള്‍ എടുക്കാതെ ഒഴിഞ്ഞു മാറുകയാണ് അധികൃതര്‍.
ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെററ് സംവിധാനം ഉപയോഗിക്കുന്നവര്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഇന്റര്‍നെററ് ഉപയോഗിക്കാന്‍ പററാത്ത അവസ്ഥലയിലാണ്.

198ല്‍ പരാതി റജിസ്റ്റര്‍ ചെയ്താല്‍ റജിസ്റ്റര്‍ ചെയ്ത നമ്പര്‍ കിട്ടുമെങ്കിലും ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാകാനുള്ള നടപടികള്‍ അപൂര്‍വമായി. മൂന്നാഴ്ച മുന്‍പ് പരാതിപ്പെട്ട പല ഉപയോക്താക്കള്‍ക്കും തുടര്‍ച്ചയായി 198ല്‍ ബന്ധപ്പെട്ടപ്പോള്‍ വര്‍ക് ഇപ്പോഴും പ്രോഗ്രസിലാണ് എന്ന മറുപടി. ലാന്‍ഡ്‌ഫോണ്‍ തകരാറുകളെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം നിലച്ചതും ദുരിതമായി. എന്നാല്‍ പ്രവര്‍ത്തിക്കാത്ത ഫോണുകള്‍ക്കും ബില്ല് മുറയ്ക്ക് അടയ്ക്കണം. പലര്‍ക്കും ഇത് കാഴ്ചവസ്തു മാത്രമായി മാറി.

ലാന്‍ഡ് ഫോണ്‍ ബന്ധം നിലച്ചതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്കുള്‍പ്പെടെ പുറമെ സഹായം തേടണം. ഇതിനുള്ള ചെലവ് അധികബാധ്യതയായി. ബിഎസ്എന്‍എല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഒരു നടപടികളുമുണ്ടാകുന്നില്ലെന്നും സ്വകാര്യ കമ്പനികളെ അതിരുവിട്ടു സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നുമാണ് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിലപാട്. ആവശ്യമായ സാമഗ്രികളില്ലാത്തതും ജീവനക്കാരുടെ കുറവുമാണ് പരാതികള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനു തടസ്സമെന്നു പറയുന്നു.

ബിഎസ്എന്‍എല്‍ കേബിള്‍ കുഴിച്ചിട്ടതിലെ അപാകതകള്‍ കാരണം കാസര്‍കോട്, വിദ്യാനഗര്‍, ഉദുമ എക്‌സ്‌ചേഞ്ച് പരിധികളില്‍ എന്നും പരാതികളാണ്. പരാതികള്‍ പറഞ്ഞു മടുക്കുകയാണ് ഉപയോക്താക്കള്‍. പലയിടങ്ങളിലും ഏച്ചുകെട്ടിയ കേബിളുകളിലൂടെയാണ് ഫോണ്‍ ബന്ധം. ഇത് മാസത്തില്‍ പല ദിവസങ്ങളിലും ടെലിഫോണ്‍ ബന്ധം മുറിയാനിടയാക്കുന്നു. ബിഎസ്എന്‍എല്ലിനു എന്തു സംഭവിച്ചാലും കുലുക്കമില്ലാത്ത നിലയിലാണു മേലധികാരികളെന്ന സ്ഥിതിയാണുള്ളത്.

ഉദുമ എക്‌സ്‌ചേഞ്ച് പരിധിയില്‍ അഞ്ചൂറോളം ലാന്റ്‌ഫോണുകളും, നൂറോളം ബ്രോഡ്ബാന്റ് കണക്ഷനുകളും തകരാറിലായിട്ട് ദിവസങ്ങളായി.
കെ.എസ്.ഡി.പി റോഡ് നിര്‍മ്മാണമാണ് ഉദുമയിലെ ബിഎസ്എന്‍എല്‍ സംവിധാനങ്ങളെ താറുമാറാക്കിയത്. ജീവനക്കാരുടെ കുറവും ആവശ്യമായ സാമഗ്രികളില്ലാത്തതും ഉദുമക്കാര്‍ക്ക് ബി.എസ്.എന്‍.എല്ലിനെ അന്യമാക്കുകയാണ്.
ഇന്റര്‍നെററ് സംവിധാനം തകരാറിലായത് കാരണം ബാങ്കുകളുടെയും മററു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ പലരും മററു സ്വകര്യ നെററ്‌വര്‍ക്കുകളിലേക്ക് മാറിയിരിക്കുകയാണ്.
ഇത്തരത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കകം ഉദുമ എക്‌സ്‌ചേഞ്ച് പരിധിയിലെ അമ്പതോളം ഇന്റര്‍കണക്ഷനുകളാണ് ബിഎസ്എന്‍എല്ലിന് നഷ്ടമായത്.

വന്‍കിട കമ്പനികളുടെ സൗകര്യം വര്‍ധിപ്പിക്കാനിടയാക്കുകയും ബിഎസ്എന്‍എല്ലിനെ കുഴിയിലാക്കുകയും ചെയ്യുന്ന തരത്തിലാണു നടപടികളെന്നുള്ള പരക്കെയുള്ള ആക്ഷേപം ശരിവയ്ക്കുന്ന രീതിയിലാണ് ഉപയോക്താക്കളുടെ തീരാത്ത പരാതികള്‍ക്കു നേരെയുള്ള അവഗണന. അതിനിടെ റോഡ് നിര്‍മാണത്തിനിടെയും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനിടെയും ടെലിഫോണ്‍ കേബിളുകള്‍ മുറിയാനിടയാകുന്നതും ബിഎസ്എന്‍എല്‍ ഉപയോക്താക്കളെയാണു സാരമായി ബാധിക്കുന്നത്.

Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.