Latest News

മക്കളെയും കൊണ്ട് ഒളിച്ചോടിയ അമ്മമാരെ തേടി പോലീസ് വലയുന്നു

കാഞ്ഞങ്ങാട്: [www.malabarflash.com] മക്കളെയും കൊണ്ട് ഒളിച്ചോടിയ അമ്മമാരെയും തേടി പോലീസ് വലയുന്നു. ഹൊസ്ദുര്‍ഗ് എല്‍വി ടെമ്പിളിനടുത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ പി കെ കൃഷ്ണന്റെ മകളും തലശ്ശേരിയിലെ സഞ്ജയിന്റെ ഭാര്യയുമായ റിഷ്ണ (34), മകള്‍ ആര്യ(8) എന്നിവരെ കാണാതായത് മാര്‍ച്ച് 23 ന് രാവിലെയാണ്. രണ്ടരമാസമായിട്ടും ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

ഇവരെ തേടി പോലീസ് സംഘം ഹൈദരാബാദ് വരെ ചെന്നെങ്കിലും അവിടെ നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താനായില്ല. ആദ്യത്തെ ഒന്നരമാസത്തോളം മൊബൈല്‍ ഫോണ്‍ റിഷ്ണ സ്വിച്ച് ഓഫ് ചെയ്തത് പോലീസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. 

പിന്നീട് ഒരിക്കല്‍ മൊബൈല്‍ ഫോണ്‍ ചെയ്തപ്പോള്‍ സൈബര്‍ സെല്‍ പരിശോധനയില്‍ ലൊക്കേഷന്‍ ഹൈദരാബാദ് ടവര്‍ പരിധിയിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് ഹൈദരാബാദിലേക്ക് പോയത്. ഗള്‍ഫിലായിരുന്ന റിഷ്ണയും മകള്‍ ആര്യയും ഭര്‍ത്താവ് സഞ്ജയനോടൊപ്പം മാര്‍ച്ച് 13 നാണ് നാട്ടിലെത്തിയത്.

16ന് മൂന്നുപേരും ഹൊസ്ദുര്‍ഗിലെ വീട്ടിലെത്തി. പിന്നീട് സഞ്ജയ് തനിച്ച് തലശ്ശേരിയിലേക്ക് മടങ്ങി. 23 ന് രാവിലെ എട്ടുമണിക്ക് എഗ്മൂര്‍ എക്‌സ്പ്രസിന് തലശ്ശേരിയിലെ ഭര്‍തൃ വീട്ടിലേക്ക് യാത്ര പുറപ്പെട്ട റിഷ്ണയും മകളും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമാകുകയായിരുന്നു.
ഇപ്പോള്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.
പനയാലില്‍ നിന്ന് ഒമ്പതു വയസ്സുകാരനായ മകനെയും കൂട്ടി നാടുവിട്ട അമ്മയെ കണ്ടെത്താനായില്ല. കല്ലുചെത്ത് തൊഴിലാളി പനയാല്‍ കളത്തിങ്കാലിലെ പീതാംബരന്റെ ഭാര്യ വിനീത(30) യാണ് മകന്‍ സൂര്യനാരായണനെയും കൂട്ടി മുങ്ങിയത്. വ്യാഴാഴ്ച ഉച്ചക്കാണ് ഇവര്‍ അപ്രത്യക്ഷരായത്. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും ഇരുവരെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Keywords: Kasaragod, Malabarflash, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.