Latest News

സ്‌ഫോടനത്തില്‍ കണ്ണൂര്‍ നടുങ്ങി

പാനൂര്‍: [www.malabarflash.com] കൊളവല്ലൂര്‍ ഈസ്റ്റ് ചെറ്റക്കണ്ടിയില്‍ ഇന്നലെ പട്ടാപ്പകല്‍ നടന്ന ബോംബ് സ്‌ഫോടനം കണ്ണൂരിനാകെ നടുക്കമായി. അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധി നേടിയ പാനൂരിനു സമീപം ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്കാണു ജീവന്‍ നഷ്ടമായത്. നാലു പേര്‍ക്കു പരിക്കേറ്റു. 

ഏറ്റുമുട്ടലിലാണു രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നാണ് ആദ്യം വാര്‍ത്ത പരന്നത്. ഇതാകട്ടെ ആശങ്കകള്‍ വര്‍ധിപ്പിച്ചു. പോലീസ് കേന്ദ്രങ്ങള്‍ക്കു പോലും ആദ്യഘട്ടത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.

സ്‌ഫോടനം നടന്ന ഈസ്റ്റ് ചെറ്റക്കണ്ടി തെക്കുംമുറി കാക്കറോട്ടുംകുന്ന് സിപിഎമ്മിന്റെ കോട്ടയാണ്. ഇവിടെനടന്ന സ്‌ഫോടനം പുറംലോകം അറിയുന്നത് ഏറെ കഴിഞ്ഞാണ്. സ്‌ഫോടന ശബ്ദം കേട്ട് ആദ്യം സംഭവസ്ഥലത്തെത്തിയവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. 

മൂന്നു മണിക്കൂര്‍ കഴിഞ്ഞു പോലീസ് എത്തുമ്പോഴേക്കും മരിച്ചവരെയും പരിക്കേറ്റവരെയും രഹസ്യമായി മാറ്റിയിരുന്നു. കൂടാതെ ബോംബിന്റെ അവശിഷ്ടങ്ങളും നീക്കംചെയ്തു. സ്‌ഫോടനം നടന്ന സ്ഥലം തീയിട്ടനിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്നു പോലീസിനു കാര്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണു സൂചന. എത്രപേര്‍ക്കു പരിക്കേറ്റിട്ടുണെ്ടന്ന കാര്യവും അവ്യക്തമാണ്.

പരിക്കേറ്റവരെ പിക്കപ്പ് വാനിലാണു തലശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഈ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിനെത്തുടര്‍ന്നു പാനൂര്‍ ടൗണില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. 

ചെറ്റക്കണ്ടിയുടെ ഒരു ഭാഗത്തു ബിജെപി ശക്തി കേന്ദ്രമായ പൊയിലൂരും മറുഭാഗം മുസ്‌ലിംലീഗ് ശക്തികേന്ദ്രമായ കോഴിക്കോട് ജില്ലയുടെ പാറക്കടവുമാണ്. അടുത്തിടെ വ്യാപകമായ സംഘര്‍ഷം അരങ്ങേറിയ നാദാപുരം ഉള്‍പ്പെടെയുള്ള മേഖല പാറക്കടവിനു സമീപമാണ്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണു സ്‌ഫോടനം നടന്ന സ്ഥലം. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത ക്രിമിനല്‍ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നുണ്ട്. വിജനമായ ഇവിടുത്തെ കുന്നിന്‍ പ്രദേശങ്ങളില്‍ ഇരുജില്ലകളിലെയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ തങ്ങള്‍ക്കു സ്വാധീനമുള്ള കുന്നിന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ബോംബ് നിര്‍മാണം ഉള്‍പ്പെടെയുള്ളവ നടത്തുന്നതായി നേരത്തെ രഹസ്യ പോലീസ് വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പോലീസിനു പോലും ഇവിടങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാറില്ല.രണ്ടുമാസം മുമ്പ് ചെറ്റക്കണ്ടിയുടെ സമീപ പ്രദേശമായ പൊയിലൂരില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ ബിജെപി ആണെന്നായിരുന്നു സിപിഎം ആരോപിച്ചിരുന്നത്. 

സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണു ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അവരുടെ രണ്ടു പ്രവര്‍ത്തകര്‍ മരിച്ചിരിക്കുന്നത്.

Keywords: Kannur, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.