Latest News

എ.ടി.എം. കാര്‍ഡ് പുതുക്കാനെന്ന് അറിയിച്ച് കാര്‍ഡിലെ ഡിജിറ്റല്‍ നമ്പര്‍ ചോദിച്ചു വാങ്ങി തട്ടിപ്പ്

കണ്ണൂര്‍: [www.malabarflash.com] എ.ടി.എം. കാര്‍ഡ് പുതുക്കാനായെന്ന് ഫോണ്‍ വിളിച്ചറിയിച്ച് കാര്‍ഡിലെ ഡിജിറ്റല്‍ നമ്പര്‍ ചോദിച്ചു വാങ്ങി തട്ടിപ്പ്. ഇത്തരത്തില്‍ കാര്‍ഡ് നമ്പര്‍ കൊടുത്ത നിരവധി പേര്‍ക്ക് പണം നഷ്ടമായി.

കേരളത്തിലും പുറത്തും ജോലിചെയ്യുന്ന പട്ടാളക്കാരാണ് കൂടുതല്‍ തട്ടിപ്പിനിരയായതെന്നാണ് വിവരം. ബിഹാറിലും കര്‍ണാടകയിലും കശ്മീരിലും ഡല്‍ഹിയിലുമൊക്കെ ജോലിചെയ്യുന്ന പട്ടാളക്കാരാണ് തട്ടിപ്പിനിരയായതില്‍ ഏറെയും.

അക്കൗണ്ട് ഉടമകളെ ഫോണ്‍ വിളിച്ച് ബാങ്കില്‍ നിന്നാണെന്നും താങ്കളുടെ എ.ടി.എം. പുതുക്കേണ്ട സമയമായെന്നും അറിയിക്കും. തുടര്‍ന്ന് കാര്‍ഡ് പുതുക്കാനുള്ള നടപടിയെന്ന മട്ടില്‍ കാര്‍ഡിന് മുകളിലെ ഡിജിറ്റല്‍ നമ്പര്‍ ചോദിക്കും. ആ നമ്പര്‍ പറഞ്ഞു തന്നാല്‍ പിന്നീട് ബാങ്കിലേക്ക് വരുമ്പോഴേക്കും കാര്‍ഡ് ശരിയാക്കുമെന്നാണ് ഫോണ്‍ സന്ദേശം വരുന്നത്. നമ്പര്‍ പറഞ്ഞു കൊടുത്തവര്‍ക്കെല്ലാം പിന്നീട് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടതായാണ് പരാതി.

കണ്ണൂരിലെ ഒരു മിലിട്ടറി ഉദ്യോഗസ്ഥന് 30,000 രൂപ നഷ്ടപ്പെട്ടു. ബിഹാറില്‍ ജോലിചെയ്യുന്ന പോരാവൂര്‍ സ്വദേശിയായ പട്ടാളക്കാരന് അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 600 രൂപയില്‍ 500 രൂപയും നഷ്ടപ്പെട്ടു. സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന പട്ടാളക്കാരാണ് കൂടുതലും ഈ തട്ടിപ്പിനിരയായത്. വിളിക്കുന്നവര്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്.

പിന്‍ നമ്പറില്ലാതെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുക സാധ്യമല്ലെന്നും കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നതെന്നുമാണ് അറിവ്. ഇത്തരം സംഘങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ബാങ്കുകാര്‍ നല്കുന്ന വിവരം. കണ്ണൂര്‍ എസ്.ബി.ഐയില്‍ സമീപകാലത്ത് ഇത്തരം രണ്ടു പരാതികളെത്തിയിരുന്നു. ബാങ്കുകാര്‍ പിന്നീട് എ.ടി.എം. കാര്‍ഡ് മാറ്റിക്കൊടുക്കുകയാണ് ചെയ്തത്.

കാര്‍ഡ് ഉടമകള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നാണ് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നത്. ഈ കാര്യം കാണിച്ച് എസ്.ബി.ഐ. പോലുള്ള ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങളും നല്കുന്നുണ്ട്. കുറേക്കാലമായി ഉപയോഗിക്കുന്ന പിന്‍ നമ്പര്‍ മാറ്റാനും ബാങ്കുകള്‍ നിര്‍ദേശിക്കുന്നു.

അക്കൗണ്ട് ഉടമയെകുറിച്ചും എ.ടി.എം. കാര്‍ഡിനെ കുറിച്ചും ബാങ്ക് ഒരു അന്വേഷണവും വിവരങ്ങളും അക്കൗണ്ട് ഉടമയില്‍ നിന്ന് തേടുന്നില്ല. ആരെങ്കിലും ഇത്തരം വിവരങ്ങളന്വേഷിച്ച് വിളിച്ചാല്‍ ഒരു വിവരവും കൈമാറരുതെന്നും എസ്.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വന്തം ജനനത്തീയതി, ഭാര്യയുടെയും മക്കളുടെയും ജനനത്തീയതി തുടങ്ങിയവ രഹസ്യ പിന്‍ നമ്പറാക്കാതിരിക്കണം. വ്യക്തിപരമായ വിവരങ്ങള്‍ എ.ടി.എം. കാര്‍ഡ് പിന്‍ നമ്പറാക്കിയാല്‍ കാര്‍ഡ് കൈവശപ്പെടുത്തുന്ന മറ്റൊരാള്‍ക്ക് പണം തട്ടാന്‍ സാധിക്കും.
(കടപ്പാട്: മാതൃഭൂമി)


Keywords: Kannur, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.