Latest News

പോസ്റ്റര്‍ വിവാദം: യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡന്റിനെ നീക്കി

പൊയിനാച്ചി: [www.malabarflash.com] യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം പ്രസിഡന്റ് വിനോദ് വലിയവീടിനെ സ്ഥാനത്തുനിന്ന് നീക്കി. സംഘടനാപ്രവര്‍ത്തനം നടത്താത്തതിനും സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതിനാലുമാണ് നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ അറിയിച്ചു. 

കോഴിക്കോട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പൊയിനാച്ചിയില്‍ പതിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിനോദിനെ നീക്കിയതിനുള്ള കാരണമെന്നാണ് സൂചന. പൊയിനാച്ചിയിലെ ഏതാനും കടകളുടെ ചുമരുകളിലും യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍ പതിച്ചിരുന്നു. 

പൊയിനാച്ചിയിലെ വ്യാപാരികള്‍ പിന്നീട് യോഗംകൂടി കടകളില്‍പതിച്ച പോസ്റ്ററുകള്‍ നീക്കണമെന്ന് മണ്ഡലം പ്രസിഡന്റായ വിനോദിന് കത്തുനല്കി. സ്ഥലത്തെ മൊബൈല്‍ കടയുടമകൂടിയായ വിനോദ് നേതൃത്വവുമായി ആലോചിക്കാതെ കടകളില്‍പതിച്ച പോസ്റ്ററുകള്‍ സ്വയം നീക്കിയത് പിന്നീട് പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. 

ഇതിനിടെ കോണ്‍ഗ്രസ് പൊയിനാച്ചി വാര്‍ഡ് കമ്മിറ്റി യോഗംചേര്‍ന്ന് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം പുകയുന്നതിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പൊയിനാച്ചിയില്‍ മണ്ഡലം പ്രസിഡന്റിനെതിരെ മോശമായ രീതിയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

 'എ' വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് സമവായത്തിലൂടെ വിനോദ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായത്. ഒടുവില്‍ വലിയ എതിര്‍പ്പുണ്ടായതും 'എ' വിഭാഗത്തില്‍നിന്നുതന്നെയാണ്. മണ്ഡലം പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഒഴിവാക്കിയതിനെപ്പറ്റി തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് വിനോദ് വലിയവീട് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.