Latest News

അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ചു; ഒരാളെ കാണാതായി

അതിരപ്പിള്ളി: [www.malabarflash.com] അതിരപ്പിള്ളിയില്‍ വിനോദയാത്രയ്ക്കുവന്ന സംഘത്തിലെ രണ്ടു വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി. ചിയ്യാരം പള്ളിക്കു സമീപം ഒല്ലൂര്‍ തട്ടില്‍ വിത്സന്റെ മകന്‍ ഗോഡ്‌വിനാണു (15) മരിച്ചത്. ഒല്ലൂര്‍ പള്ളിനടയില്‍ കാട്ടൂക്കാരന്‍ മാര്‍ട്ടിന്റെ മകന്‍ പ്രിന്‍സിനെ(17)യാണു കാണാതായത്.

ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. ഒല്ലൂരിലെ ഒരു ഫാമിലി ക്ലബ്ബില്‍നിന്നു സ്ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പത്തിനാലംഗ സംഘമാണ് അതിരപ്പിള്ളിയിലേക്കു വിനോദയാത്രയ്ക്കു പോയത്. സംഘത്തിലെ കുറേപേര്‍ റിസോര്‍ട്ടിലേക്കു പോയപ്പോള്‍ മറ്റുചിലര്‍ കണ്ണകുഴി ഭാഗത്തു പുഴയില്‍ കുളിക്കാനിറങ്ങി. ഗോഡ്‌വിനും പ്രിന്‍സും ഉള്‍പ്പെടെ നാലു യുവാക്കള്‍ പുഴയിലൂടെ നടക്കുന്നതിനിടെ മുന്നില്‍ പോയിരുന്ന ഗോഡ്‌വിന്‍ കയത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്നു ഗോഡ്‌വിനെ രക്ഷിക്കാന്‍ ശ്രമിച്ച പ്രിന്‍സും കയത്തിലകപ്പെട്ടു. മറ്റുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കല്ലല കയത്തിലാണു ഇവര്‍ അകപ്പെട്ടത്.

യുവാക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ഏറെനേരം തെരച്ചില്‍ നടത്തിയതിനെത്തുടര്‍ന്ന് ആറോടെയാണു ഗോഡ്‌വിന്റെ മൃതദേഹം കിട്ടിയത്. കരയില്‍നിന്നു വളരെ അകലെ ഒരുതുരുത്തിന് അപ്പുറത്തായിരുന്നു അപകടം. ഏറെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കാട്ടാനകളുടെ ശല്യമുള്ള സ്ഥലമായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവച്ചു.

ഗോഡ്‌വിന്റെ മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഗോഡ്‌വിന്റെയും പ്രിന്‍സിന്റെയും മാതാപിതാക്കളും വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു.

ഗോഡ്‌വിന്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയും പ്രിന്‍സ് പ്ലസ്ടു വിദ്യാര്‍ഥിയുമാണ്. റെജിയാണു ഗോഡ്‌വിന്റെ അമ്മ. സഹോദരന്‍: ഗോഡ്‌സണ്‍. പ്രിന്‍സിന്റെ അമ്മ: ആന്‍സി. സഹോദരിമാര്‍: റിമ, അനിറ്റ.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.