Latest News

വല്‍സലന്‍ വധം: മൂന്നു യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തൃശൂര്‍: [www.malabarflash.com] സി.പി.എം. നേതാവും ചാവക്കാട് നഗരസഭാ ചെയര്‍മാനുമായിരുന്ന കെ പി വല്‍സലനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നു യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിനതടവും പിഴയും. മൂന്നാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കരീം, ലീഗ് പ്രവര്‍ത്തകരായ നാലാം പ്രതി നസീര്‍, അഞ്ചാം പ്രതി ഹുസയ്ന്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

കേസിലെ അഞ്ചു പ്രതികളില്‍ ഒന്നാം പ്രതി സുലൈമാന്‍കുട്ടി വിചാരണയ്ക്കിടെ കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതി ഫൈസല്‍ ഇപ്പോഴും ഒളിവിലാണ്. നാലും അഞ്ചും പ്രതികളായ നസീര്‍, ഹുസയ്ന്‍ എന്നിവര്‍ മുസ്‌ലിംലീഗിന്റെ വാര്‍ഡ് പ്രസിഡന്റുമാരാണ്.

തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ പി സുധീറാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനു ജീവപര്യന്തവും കൊലപാതകശ്രമത്തിനു പത്തു വര്‍ഷം തടവുമാണ് ശിക്ഷ. മറ്റു വകുപ്പുകളിലായി 20 മാസം തടവുമുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാവും. മൂന്നു പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴത്തുകയില്‍ രണ്ടു ലക്ഷം രൂപ കൊല്ലപ്പെട്ട വല്‍സലന്റെ കുടുംബത്തിനും 75,000 രൂപ ഗുരുതരമായി പരിക്കേറ്റ എ എച്ച് അക്ബറിനും നല്‍കണം.

2006 ഏപ്രില്‍ 16ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് വല്‍സലന്‍ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ എച്ച് അക്ബറിന് ഗുരുതര പരിക്കേറ്റിരുന്നു. പുന്നയൂര്‍ ഒറ്റയിനി പമ്പിനു സമീപം എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയതായിരുന്നു വല്‍സലനും എ എച്ച് അക്ബറും എന്‍ കെ അക്ബറും. ഇവരുടെ കാര്‍ തടഞ്ഞുനിര്‍ത്തി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ അക്ബറിനെ ആക്രമിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വല്‍സലനെ കുത്തിയത്. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു.

കേസ് അന്വേഷിച്ച ചാവക്കാട് സി.ഐ. അജയകുമാറാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വാദികള്‍ക്കു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി പി ഹാരിസ്, പി സി സിജില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.