Latest News

തടവുകാരന്റെ താടി അധികൃതര്‍ നിര്‍ബന്ധിച്ചു വടിപ്പിച്ചു

കോഴിക്കോട്: [www.malabarflash.com] സഹതടവുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഡെപ്യൂട്ടി ജയിലറുടെ അനുവാദത്തോടെ തടവുകാരന്റെ താടി വടിച്ചുകളഞ്ഞതായി ആരോപണം. കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരനായിരുന്ന നിലമ്പൂര്‍ ചോക്കോട് സ്വദേശി കുന്നുമ്മല്‍ അബ്ദുല്‍ അസീസ് (45) ആണ് പരാതിക്കാരന്‍.

നേരത്തെ മദ്‌റസാ അധ്യാപകനായിരുന്നു ഇദ്ദേഹം. വ്യാജ വിസ നല്‍കി വഞ്ചിച്ചെന്നാരോപിച്ച് കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടിന് അസീസിനെ അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിലേക്കയക്കുകയായിരുന്നു. 

അഡ്മിഷന്‍ റൂമില്‍വച്ച് മൂന്നു തടവുകാര്‍ തന്റെ താടിയെ പരിഹസിക്കുകയും താടി വടിപ്പിക്കണമെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്‌തെന്ന് അസീസ് പറയുന്നു. എന്നാല്‍, മതവിശ്വാസത്തിന്റെ ഭാഗമായാണ് താടി വളര്‍ത്തിയിരിക്കുന്നതെന്നും താടി നീക്കംചെയ്യരുതെന്നും ഡെപ്യൂട്ടി ജയിലറോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം സഭ്യമല്ലാത്ത ഭാഷയില്‍ സംസാരിച്ചു. എല്ലാ തിരിച്ചറിയല്‍ രേഖകളിലും താടിയോടുകൂടിയ തന്റെ ഫോട്ടോയാണ് ഉള്ളതെന്നും താടി നീക്കംചെയ്യുന്നത് തനിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അസീസ് പറഞ്ഞെങ്കിലും ഡെപ്യൂട്ടി ജയിലര്‍ ചെവിക്കൊണ്ടില്ല. കൂടാതെ, സഹതടവുകാരും ഭീഷണിപ്പെടുത്തി. 

ഒടുവില്‍ നിര്‍ബന്ധിച്ച് താടി വടിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ എട്ടിന് ജാമ്യംലഭിച്ചു പുറത്തിറങ്ങിയ അസീസ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെയും ന്യൂനപക്ഷ കമ്മീഷനെയും സമീപിക്കാന്‍ ഒരുങ്ങുകയാണ്.
അതേസമയം, ആരോപണം ഡെപ്യൂട്ടി ജയിലര്‍ രാജീവ് നിഷേധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.