Latest News

ബാങ്കില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം കവര്‍ന്ന മുന്‍ മാനേജര്‍ അറസ്റ്റില്‍

കൊടകര: [www.malabarflash.com] ധനലക്ഷ്മി ബാങ്കിന്റെ കൊടകര ശാഖയിലെ ലോക്കറില്‍നിന്ന് ഒരു കിലോഗ്രാമിലേറെ സ്വര്‍ണം തട്ടിയ മുന്‍ മാനേജര്‍ പോലീസ് പിടിയിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം മൊണാസ്ട്രി റോഡില്‍ സപ്തഗിരി ഫ്‌ളാറ്റില്‍ താമസക്കാരനായ അനന്തപത്മനാഭനെ(33)യാണ് കൊടകര സിഐ സി.സുന്ദരന്റെ നേതൃത്വത്തില്‍ അറസ്റ്റ്‌ചെയ്തത്. 

2011 ജൂലൈ മുതല്‍ 2012 മേയ് വരെ കൊടകര ധനലക്ഷ്മി ബാങ്ക് ശാഖാ മാനേജരായിരുന്നു ഇയാള്‍. ഈ കാലയളവില്‍ ബാങ്കില്‍ പണയമായി സൂക്ഷിച്ചിരുന്ന 1,087 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ലോക്കറില്‍നിന്നു കവര്‍ന്നത്. നേരത്തേ ബാങ്കിന്റെ വയനാട് ശാഖയിലും ഇയാള്‍ ജോലി ചെയ്തിരുന്നു.

തട്ടിപ്പു നടത്തിയശേഷം ദുബായിലേക്കു കടന്ന ഇയാള്‍ അവിടെ ജോലി ചെയ്തുവരികയായിരുന്നു. 2012ല്‍ പകരം ചുമതലയേറ്റ ബ്രാഞ്ച് മാനേജര്‍ നടത്തിയ പരിശോധനയിലാണു സ്വര്‍ണം നഷ്ടപ്പെട്ടതായി കണെ്ടത്തിയത്. ഇതേത്തുടര്‍ന്നു ബാങ്ക് അധികൃതര്‍ അനന്തപത്മനാഭനെതിരെ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പ്രതി വിദേശത്തേക്കു കടന്നതായി പോലീസ് മനസിലാക്കി.

നാലുദിവസം മുമ്പ് ദുബായില്‍നിന്നു നാട്ടിലെത്തിയ അനന്തപത്മനാഭനെ രഹസ്യമായി നിരീക്ഷിച്ച പോലിസ് വെളളിയാഴ്ച എറണാകുളത്തുനിന്ന് അറസ്റ്റ്‌ചെയ്യുകയായിരുന്നു. തട്ടിയെടുത്ത സ്വര്‍ണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു അനന്തപദ്മനാഭനെന്നു പോലീസ് പറഞ്ഞു. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.