Latest News

എയര്‍ ഇന്ത്യ ചതിച്ചു; ലഗേജ് കിട്ടാതെ സൗദി ടൂറിസ്റ്റുകള്‍ മൂന്നാം ദിവസവും കൊച്ചിയില്‍

കൊച്ചി: [www.malabarflash.com] ദൈവത്തിന്‍െറ സ്വന്തം നാട് കാണാന്‍ പുറപ്പെട്ട സൗദി യുവാക്കള്‍ എയര്‍ ഇന്ത്യയുടെ ചതിയില്‍പ്പെട്ടതോടെ മാറാന്‍ വസ്ത്രമില്ലാതെ മൂന്നുദിവസമായി കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍.

ജിദ്ദ സ്വദേശികളും സഹോദരന്മാരുമായ അബ്ദുറഹ്മാന്‍ അല്‍ സലാമി, ഹമാം അല്‍ സലാമി എന്നിവരാണ് എറണാകുളം എളംകുളത്തെ ഹോട്ടലില്‍ വ്യാഴാഴ്ച മുതല്‍ തങ്ങളുടെ വസ്ത്രങ്ങളടങ്ങിയ ലഗേജിനായി കാത്തിരിക്കുന്നത്.
വസ്ത്രങ്ങളും കാമറയും വഴിയില്‍ കഴിക്കാന്‍ കരുതിയ ഡ്രൈ ഫ്രൂട്സ് ഉള്‍പ്പെട്ട ലഗേജ് വിമാനമിറങ്ങി രണ്ടുദിവസത്തിന് ശേഷവും എയര്‍ ഇന്ത്യ കൈമാറാത്തതാണ് പ്രശ്നം. പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും ധരിച്ചിരിക്കുന്ന ഡ്രസും മാത്രമാണ് സൗദിയില്‍നിന്നത്തെിയ സഹോദരന്മാരുടെ കൈവശമുള്ളത്.
നാലിന് രാവിലെ ജിദ്ദ-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഇവരോട് വൈകുന്നേരത്തോടെ ലഗേജ് കൈമാറാമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. 7.05ന് എത്തേണ്ടിയിരുന്ന വിമാനം, നാലുമണിക്കൂര്‍ വൈകി 11.15ന് ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. വൈകുന്നേരം ലഗേജ് എത്തിയില്ലെന്ന്‌
മാത്രമല്ല, അഞ്ചിന് രാവിലെ മുതല്‍ ലഗേജിനായി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വൈകുന്നേരം വിമാനത്താവളത്തില്‍ നേരിട്ടത്തെി ലഗേജ് ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ശനിയാഴ്ചയും ലഗേജ് ലഭിച്ചിട്ടില്ല. ശനിയാഴ്ച മൂന്നാറിലത്തൊമെന്നനിലക്ക് ബുക് ചെയ്ത മുറിക്കും ഭക്ഷണത്തിനും വിലയടക്കേണ്ട സ്ഥിതിയിലുമാണ് ഇവര്‍. 

ഇട്ട ഡ്രസില്‍ എറണാകുളത്തും പരിസരത്തും കറങ്ങിനടക്കുകയാണ് ഇവര്‍. കേരളത്തിന്‍െറ സൗന്ദര്യം നുകരാനത്തെിയ തങ്ങള്‍ക്ക് എയര്‍ ഇന്ത്യയില്‍നിന്നുണ്ടായ അനുഭവം നിരാശജനകമെന്ന് അബ്ദുറഹ്മാന്‍ അല്‍ സലാമി പറഞ്ഞു. ജിദ്ദയില്‍നിന്ന് ലഗേജ് കൂടിയതിനാല്‍ മിസായതാകാം പ്രശ്നമെന്നാണ് ഇതുസംബന്ധിച്ച എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനം തിരികെ വരുന്നമുറക്ക് ലഗേജ് കൈമാറാനാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറയുന്നു.

വിസിറ്റ് കേരള കാമ്പയിന്‍ വഴിയും മറ്റും ദൈവത്തിന്‍െറ നാട്ടിലെ വിശേഷങ്ങള്‍ വിളംബരം ചെയ്ത് ഇവിടേക്ക് സ്വാഗതം ചെയ്യുന്ന വിദേശ ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ കുറ്റപ്പെടുത്തി. 

സീസണ്‍ നോക്കി വിമാനനിരക്ക് കുത്തനെ ഉയര്‍ത്തുന്നതടക്കം നടപടികള്‍ തന്നെ വിദേശ ടൂറിസ്റ്റുകളെ നിരുത്സാഹപ്പെടുത്തുന്നു. ഇതിനുപുറമെയാണ് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസക്ക് കര്‍ശന നിബന്ധനകള്‍. ഇക്കാരണങ്ങളാല്‍ ശ്രീലങ്കയടക്കം രാജ്യങ്ങള്‍ തേടിപ്പോവുകയാണ് ടൂറിസ്റ്റുകള്‍. അതിനിടെയാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും കേരളത്തിലേക്കും വരുന്നവരെ ലഗേജ് സമയത്ത് കൈമാറാതെയും മറ്റും വിഷമിപ്പിക്കുന്നതെന്ന് മിഡില്‍ ഇസ്റ്റിലെ ടൂര്‍ ഓപറേറ്റര്‍മാരിലൊരാളായ മുഹമ്മദ് ബാവ പറഞ്ഞു. 

എയര്‍ ഇന്ത്യയടക്കം വിമാനക്കമ്പനികളുടെ നിലപാട് സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Keywords: Kannur, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.