Latest News

ശരീരത്തില്‍ ചുറ്റിയ മലമ്പാമ്പുമായി അമ്മിണി മല്ലിട്ടത് മൂന്ന് മണിക്കൂര്‍

മൂവാറ്റുപുഴ: [www.malabarflash.com] ഒമ്പത് തവണ കടിച്ച് കൈയില്‍ ചുറ്റിയ മലമ്പാമ്പുമായി 65കാരി അമ്മിണി മല്ലിട്ടത് മൂന്ന് മണിക്കൂര്‍.

വ്യാഴാഴ്ച അര്‍ധരാത്രി കടാതിമുടവൂര്‍ റോഡില്‍ കടാതി പാംകുളങ്ങരയില്‍ ഇടക്കാട്ട് അമ്മിണിയുടെ ഒറ്റമുറി കുടിലിലാണ് സംഭവം. ഓലയും കല്ലുംകൊണ്ട് നിര്‍മിച്ച കുടിലില്‍ ഉറങ്ങുകയായിരുന്ന അമ്മിണി. ഒരു മണിയോടെ അസാധാരണ ശബ്ദം കേട്ട് ഉണര്‍ന്ന് ടോര്‍ച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടതു കൈയില്‍ മലമ്പാമ്പ് കടിച്ചു. ലൈറ്റ് തെളിച്ചതോടെ ഇടത് കൈയില്‍ ചുറ്റിയ പാമ്പ് തുരുതുരെ കടിച്ചു. 

ഇതോടെ അമ്മിണി വലതു കൈകൊണ്ട് പാമ്പിന്‍െറ തലയില്‍ പിടിച്ചു. ഇതോടെ പാമ്പ് ഇടതുകൈയുടെ തോള്‍ മുതല്‍ വിരല്‍ വരെയുള്ള ഭാഗം ചുറ്റിവരിഞ്ഞു. കിടന്ന പ്ളാസ്റ്റിക് പായക്കൊപ്പമാണ് വരിഞ്ഞുമുറുക്കിയത്. പേടിച്ചരണ്ട അമ്മിണി കുടിലിന് പുറത്തുചാടി അയല്‍വാസികളെ വരുത്തിയെങ്കിലും അവരും നിസ്സഹായരായി. ഇതിനിടെ പാമ്പ് ദേഹത്ത് ചുറ്റാനും തുടങ്ങി. മുടി അഴിഞ്ഞുവീണതോടെ മുടിയിലും ചുറ്റി. നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിളിച്ചെങ്കിലും ആരും എത്തിയില്ല.
മണിക്കൂറോളം പാമ്പിന്‍െറ തല വലതു കൈകൊണ്ട് ഒതുക്കിപ്പിടിച്ച് അമ്മിണിയും അമ്മിണിയെ ചുറ്റിവരിഞ്ഞ് പാമ്പും കിടന്നു. ഒടുവില്‍ അയല്‍വാസിയായ പാംകുളങ്ങരയില്‍ കുഞ്ഞ് ചാക്ക് ഉപയോഗിച്ച് അമ്മിണിയുടെ ദേഹത്തുനിന്ന് പാമ്പിനെ മാറ്റുകയായിരുന്നു. 

തളര്‍ന്നുവീണ അമ്മിണിക്ക് പ്രഥമ ശുശ്രൂഷ നല്‍കി. മലമ്പാമ്പിന് ജൂണ്‍, ജൂലൈ മാസങ്ങളില്‍ ചെറിയ വിഷം ഉണ്ടാകുമെന്നതിനാല്‍ വിഷവൈദ്യനെ കണ്ട് മരുന്ന് കഴിച്ചിരിക്കുകയാണ്. പത്തടിയിലേറെ നീളമുള്ള മലമ്പാമ്പിനെ കുടിലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Manglore News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.