Latest News

കരിപ്പൂര്‍ വെടിവയ്പ്; 15 പേര്‍ കസ്റ്റഡിയില്‍; എഡിജിപി ശങ്കര്‍റെഡ്ഡി അന്വേഷിക്കും

കോഴിക്കോട്: [www.malabarflash.com] കരിപ്പൂര്‍ വിമാനത്താവളത്തിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വെടിവയ്പിനെത്തുടര്‍ന്നു പതിനഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ സിഐഎസ്എഫുകാരും അഗ്നിശമന രക്ഷാ സേനാംഗങ്ങളുമായവര്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം വ്യാഴാഴ്ച തന്നെ അറസ്റ്റുണ്ടാകും. സിഐഎസ്എഫ് ജവാന്‍ സിതാറാം ചൗധരിയുടെ തോക്കില്‍നിന്നാണ് വെടിപൊട്ടിയതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. അന്വേഷണച്ചുമതല എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡിക്കു നല്‍കി.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് അക്രമത്തിന്റെ വിശദാംശങ്ങള്‍ പൊലീസിനു വ്യക്തമായതായാണു സൂചന. വെടിയേറ്റ ജയ്പാല്‍ യാദവ് തല്‍ക്ഷണം മരിച്ചതായാണ് സൂചന. പരുക്കേറ്റു ചികിത്സയിലുള്ളവരായിരിക്കും മുഖ്യപ്രതികള്‍. വെടിപൊട്ടിയ ബാലിസ്റ്റിക് തോക്ക് ഫോറന്‍സിക് അധികൃതര്‍ പരിശോധിക്കും. മരിച്ച ജയ്പാല്‍ യാദവിന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും.

സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഡിജിപിയോട് കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി. സിഐഎസ്എഫ് ഉന്നതരും കരിപ്പൂരിലെത്തി. സിഐഎസ്എഫ് ജവാന്റെ തോക്ക് തട്ടിപ്പറിച്ച് അഗ്നിശമനരക്ഷാ സേനാംഗങ്ങള്‍ ജയ്പാല്‍ യാദവിനെ വെടിവയ്ക്കുകയായിരുന്നെന്നും പ്രവേശനപ്പാസ് പരിശോധനയോടു അഗ്നിശമന രക്ഷാ സേന പ്രവര്‍ത്തകര്‍ സഹകരിച്ചില്ലെന്നും സിഐഎസ്എഫ് വക്താവ് പ്രതികരിച്ചു. 

അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായിട്ടുണ്ട്. പ്രവേശനപാസ് തര്‍ക്കത്തെത്തുടര്‍ന്നു പുറത്തുനിന്നു അഗ്നിശമനരക്ഷാ വിഭാഗം അംഗങ്ങള്‍ കൂടുതലെത്തി സിഐഎസ്എഫുകാരെ മര്‍ദിക്കുന്നതായും വ്യക്തമായി. ഇതിനിടയിലായിരുന്നു വെടിവയ്പ്.

സംഭവമറിഞ്ഞയുടന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി എന്‍ ശങ്കര്‍ റെഡ്ഡി കരിപ്പൂരിലെത്തി. പ്രശ്‌നപരിഹാരത്തിന് ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി. പുലര്‍ച്ചെ മൂന്നോടെ സുരക്ഷാച്ചുമതല കേരള പൊലീസ് ഏറ്റെടുക്കുന്നതായി എഡിജിപി അറിയിക്കുകയായിരുന്നു. 

തുടര്‍ന്നു കോഴിക്കോട്ടുനിന്നും മലപ്പുറം എംഎസ്പി ക്യാമ്പില്‍നിന്നും കൂടുതല്‍ പൊലീസിനെ എത്തിച്ചാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കാക്കാന്‍ ശ്രമം ആരംഭിച്ചത്. രാവിലെ അഞ്ചരയോടെ വിമാനത്താവളം പൂര്‍ണമായി കേരള പോലീസിന്റെ നിയന്ത്രണത്തിലായി. ഇതോടെ, പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ വിമാനത്താവള അഥോറിട്ടി തീരുമാനിച്ചു. 

യാത്രക്കാരുടെ ചെക്കിന്‍, ബോര്‍ഡിംഗ് പാസുകള്‍ നല്‍കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ആദ്യ വിമാനം ഏഴേമുക്കാലോടെ പറന്നത്. പിന്നീട് പുതുക്കിയ സമയക്രമപ്രകാരം കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരിന്റെ റണ്‍വേ വിട്ടു. രാവിലെ പത്തോടെ വിമാനത്താവള ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലായി.

സംഭവം അതീവ ഗൗരവമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണക്കിലെടുത്തിരിക്കുന്നത്. പുലര്‍ച്ചെതന്നെ കേന്ദ്ര അഭ്യന്തര സെക്രട്ടറി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡിജിപി എന്നിവരുമായി ബന്ധപ്പെട്ടു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡിജിപിയോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേന്ദ്ര സേനയായതിനാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. 

കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയുണ്ടായ അക്രമത്തെത്തുടര്‍ന്നു പത്തു മണിക്കൂറോളം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിലച്ചു. രാത്രി എത്തിയ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്കു തിരിച്ചുവിടുകയായിരുന്നു.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.