Latest News

കോടതിക്കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: [www.malabarflash.com] നഗരത്തില്‍ ജില്ലാ കോടതി സമുച്ചയത്തിലുള്ള കെട്ടിടത്തിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. മൂന്നര മണിക്കൂറോളം പരാക്രമം നീണ്ടുനിന്നതിനാല്‍ കോടതി നടപടികളും തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് ആളുകളും തടിച്ചുകൂടിയതോടെ ഗതാഗതവും കുരുങ്ങി.

ഫയര്‍ഫോഴ്‌സും പോലീസും എത്തി ഏറെ പണിപ്പെട്ടാണ് ഒടുവില്‍ യുവാവിനെ താഴെയിറക്കിയത്. 25 വയസ്സ് തോന്നിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ ആനന്ദാണ് കെട്ടിടത്തിന് മുകളില്‍ കയറി ഭീഷണി മുഴക്കിയത്. പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ആനന്ദിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കോടതി സമുച്ചയത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കെട്ടിടത്തിന് മുകളില്‍ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി.
ശനിയാഴ്ച രാവിലെ ഒമ്പതിന് കോടതി ജീവനക്കാര്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന് മുകളില്‍ ഒരാള്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആളുകളെ കണ്ടതോടെ താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിമുഴക്കി. അതോടെ കോടതി ജീവനക്കാര്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു.

പത്തരയോടെ പോലീസും ഫയര്‍ഫോഴ്‌സും എത്തിയതോടെ ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഓടുകള്‍ വലിച്ചെറിയാന്‍ തുടങ്ങി. ഇതിനിടെ, ഫയര്‍ഫോഴ്‌സ് സംഘാംഗം കെട്ടിടത്തിനുള്ളിലൂടെ ഓടിളക്കി ഇയാളുടെ അടുത്തെത്തി വെള്ളം കൊടുക്കാനും ശ്രമിച്ചു. വെള്ളം വാങ്ങാതെ ഇയാള്‍ മറ്റൊരു കെട്ടിടത്തിലേക്ക് ചാടിയതോടെ ഏറെ ഓടുകള്‍ പൊട്ടി. എന്നിട്ടും താഴെ വീഴാതിരുന്ന ഇയാള്‍ അവിടെ നിന്ന് ആ കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിയതോടെ ഫയര്‍ഫോഴ്‌സ് കൂടുതല്‍ ബുദ്ധിമുട്ടിലായി.

അടുത്ത കെട്ടിടത്തിലേക്ക് കയറിയതോടെ പോലീസും ഫയര്‍ഫോഴ്‌സും വലവിരിച്ച് താഴെ കാത്തുനിന്നു. ഇതിനിടയിലും ഇയാള്‍ പിടിക്കാന്‍ വരുന്നവര്‍ക്കു നേരെ ഓടുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. ഇടക്ക് ഒരുതവണ കെട്ടിടത്തിന് മുകളില്‍ നിന്ന് അല്പം താഴേക്ക് തെന്നി വീഴുകയും ചെയ്തു. പിന്നീട് ഷര്‍ട്ട് ഈരി അരയില്‍ കെട്ടി കെട്ടിടത്തിന് മുകളില്‍ ഇരിപ്പുറപ്പിച്ചു. അതിനു ശേഷമാണ് ഫയര്‍ഫോഴ്‌സ് ഒരുക്കിക്കൊടുത്ത ഗോവണിയിലൂടെ ഇയാള്‍ താഴെയിറങ്ങിയത്.

Keywords: kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.