Latest News

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരം: ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തി

ബെംഗളൂരു: [www.malabarflash.com] ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനോട് പൊരുതിത്തോറ്റു. ഇന്ത്യയ്ക്ക് ഒരു ഗോള്‍ അനുവദിക്കാതെപോയ ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അനാവശ്യമായ ഒരു പെനാല്‍റ്റി വില കൊടുത്തു വാങ്ങിയതാണ് ഇന്ത്യയ്ക്ക് വിനയായത്.

ഇന്ത്യന്‍ ഡിഫന്‍ഡര്‍മാര്‍ ഉണരും മുന്‍പ് ഖ്വാസിം സയിദിമിലൂടെ 25-ാം സെക്കന്‍ഡില്‍ തന്നെ ഒമാന്‍ ഇന്ത്യയെ ഞെട്ടിച്ച് മുന്നിലെത്തി. മത്സരത്തിലെ ആദ്യ നീക്കമായിരുന്നു ഇത്. ഖ്വാസിം സെയ്ദിന് പന്ത് മലയാളിതാരം റിനോ ആന്റണി അനുവദിച്ചുകൊടുത്ത ഒഴിവിടത്തിലൂടെ മുന്നേറി ഗോളി സുബ്രതോ പാലിന്റെ കാലുകള്‍ക്കിടയിലൂടെ നിറയൊഴിക്കാന്‍ അത്രയൊന്നും ആയാസപ്പെടേണ്ടിവന്നില്ല ഖ്വാസിമിന്.

ലീഡ് നേടിയതോടെ ഒമാന്‍ കരുത്താര്‍ജിച്ചു. പിന്നീട് ഇന്ത്യന്‍ ഗോള്‍മുഖത്തേയ്ക്ക് നിരന്തരം ആക്രമണമായിരുന്നു. ഒന്നുരണ്ട് തവണ ഭാഗ്യം കൊണ്ടാണ് ഇന്ത്യ രക്ഷപ്പെട്ടത്. എന്നാല്‍, മത്സരഗതിക്ക് വിപരീതമായി ഇന്ത്യ അത്ഭുതകരമായി സമനില ഗോള്‍ നേടി. 26-ാം മിനിറ്റില്‍ വലതു ഭാഗത്തുനിന്നുള്ള ആന്റോയുടെ ത്രോ പിടിച്ചെടുത്ത സുനില്‍ ഛേത്രി ഗോളിലേയ്ക്ക് ഒരു കരുത്തുറ്റ ഇടങ്കാലന്‍ ബുള്ളറ്റ് പായിക്കുകയായിരുന്നു. ഇടതു പോസ്റ്റിലിടിച്ച പന്ത് നേരെ വലയില്‍.

സമനില നേടിയതോടെ ഇന്ത്യ ആത്മവിശ്വാസവും തിരിച്ചുപിടിച്ചു. ആര്‍ണബ് മൊണ്ഡലിനും റോബിന്‍സിങ്ങിനും നിരവധി അവസരങ്ങള്‍ തുറന്നുകിട്ടി. എന്നാല്‍, ഈ അര്‍ദ്ധാവസരങ്ങള്‍ ഗോളായി പരിവര്‍ത്തനം ചെയ്യാന്‍ മാത്രം ഇവര്‍ക്ക് കഴിഞ്ഞില്ല. മലയാളിതാരം സി.കെ. വിനീതും ചില നല്ല നീക്കങ്ങള്‍ കരുപ്പിടിപ്പിച്ചെങ്കിലും ഒമാന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല.

ഇന്ത്യയുടെ ആഹ്ലാദത്തിനും ആത്മവിശ്വാസത്തിനും ഏറെ ആയുസുണ്ടായില്ല. 38-ാം മിനിറ്റില്‍ അല്‍ ഫാര്‍സിയുടെ ഒരു നീക്കം തടയാനുള്ള ഡിഫന്‍ഡര്‍ ധനചന്ദ്രസിങ്ങിന്റെ ശ്രമം വിധി നിര്‍ണയിച്ച പെനാല്‍റ്റിയിലാണ് കലാശിച്ചത്. അനാവശ്യമായിരുന്നു ഫൗള്‍. രണ്ടു തവണ കിക്കെടുത്ത ഇമാദ് അല്‍ ഹൊസ്‌നിക്ക് പിഴച്ചില്ല. വലത്തോട്ട് ചാടിയ സുബ്രതാ പാലിനെ കീഴടക്കി പന്ത് ഇടതുവശത്തൂടെ വലയില്‍.

രണ്ടാം പകുതിയില്‍ റോബിന്‍ സിങ് വല ചലിപ്പിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.