Latest News

ഫഹദ് വധം:പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: [www.malabarflash.com]മൂന്നാം ക്ലാസ്സുകരനായ കല്ല്യോട്ടെ ഫഹദിനെ അയല്‍വാസി കഴുത്തറുത്ത് കൊന്ന സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കേരളാ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. സംസ്ഥാനത്ത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനോ കോണ്‍ഗ്രസിനോ ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ ശക്തമായ നിലപാട് എടുക്കുന്നത് തങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി. മൂന്നാം ക്ളാസുകാരന്‍െറ കൊലപാതകത്തിന് കാരണം പിതാവിനോടുള്ള വ്യക്തിവിരോധമാണ്. കേസിന്‍റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ രാഷ്ട്രീയ സാമുദായിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇതിനിടെ, പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ അംഗം എന്‍.എ നെല്ലിക്കുന്ന് നടത്തിയ പരാമര്‍ശം ബഹളത്തിന് വഴിവെച്ചു. മരിച്ച കുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല, രാഷ്ട്രീയ ലാഭം ലക്ഷ്യംവെച്ചാണ് പ്രതിപക്ഷം വിഷയം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു പരാമര്‍ശം. ഇതോടെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് ഇരിപ്പിടത്തിലേക്ക് മടങ്ങി.

നേരത്തെ സബ്മിഷന് അനുമതി തേടിയിരുന്ന നെല്ലിക്കുന്നിന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരമാണ് സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചത്. കൂടാതെ, പ്രാദേശിക എം.എല്‍.എയായ കെ. കുഞ്ഞിരാമനും വിഷയം ഉന്നയിക്കാന്‍ സ്പീക്കര്‍ ഒരു മിനിറ്റ് സമയം അനുവദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സമചിത്തതയോടെ വേണം വിഷയത്തെ കാണാനെന്നും മനോരോഗിയെന്ന പരിഗണന പ്രതിക്ക് നല്‍കില്ലെന്നും ചെന്നിത്തല തുടര്‍ന്ന് വിശദീകരിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, ബി.ജെ.പിക്കാരന്‍ കൂടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. പ്രവീണ്‍ തൊഗാഡിയ കേസും എം.ജി കോളജ് കേസും പിന്‍വലിച്ചത് ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നു. ഉമ്മന്‍ചാണ്ടി പാഷാണത്തില്‍ വര്‍ക്കിയാണെന്നും വി.എസ് പറഞ്ഞു.

ആഭ്യന്തര മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.