കാസര്‍കോട്: [www.malabarflash.com] മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അടുത്തമാസം 10 മുതല്‍ 25 വരെ പ്രതിരോധകുത്തിവെപ്പ് നടത്താന്‍ ജില്ലാ ആസൂത്രണസമിതി യോഗം തീരുമാനിച്ചു.
കുത്തിവെപ്പ് നടത്തിയതിനുശേഷം നായകള്‍ക്ക് ലൈസന്‍സ് അനുവദിക്കും, ജില്ലാ ആസൂത്രണസമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ സംബന്ധിച്ചു.
പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനാവശ്യമായ മരുന്നും സിറിഞ്ചും വാക്‌സിനേറ്റര്‍മാരെയും മൃഗസംരക്ഷണവകുപ്പ് ലഭ്യമാക്കും. ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുളള ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും.
പേവിഷബാധ തടയുന്നതിനുളള തെരുവുനായ്ക്കളെ അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് എബിസി പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ആദ്യഘട്ടത്തില്‍ കാസര്‍കോട് ജില്ലാ മൃഗാശുപത്രിയിലും നീലേശ്വരം മൃഗാശുപത്രിയിലും സൗകര്യം ഒരുക്കും. എല്ലാ ബ്ലോക്കുകളിലും മൃഗാശുപത്രികളിലും ഇതിനായി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ജില്ലാതലത്തില്‍ എബിസി പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍പേഴ്‌സണും ജില്ലാ കളക്ടര്‍ സെക്രട്ടറിയുമായുളള സമിതി രൂപീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി), ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് , മൂന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
പദ്ധതി നടത്തിപ്പിനായി ഗ്രാമപഞ്ചായത്തുകള്‍ രണ്ട് ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ അഞ്ച് ലക്ഷം രൂപ വീതവും ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയും വകയിരുത്തുന്നതിനും ഭേദഗതി പ്രൊജക്ട് തയ്യാറാക്കുന്നതിനും ആസുത്രണസമിതി യോഗം തീരുമാനിച്ചു.
ഇതിനായി ജില്ലയില്‍ 131 ലക്ഷം രൂപ സമാഹരിക്കും. എബിസി പദ്ധതിയില്‍ വെറ്ററിനറി സര്‍ജന്‍മാരെയും നായപിടുത്തക്കാരെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. ആരോഗ്യ വകുപ്പ് മാലിന്യനിര്‍മ്മാര്‍ജ്ജനം ശാസ്ത്രീയമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. തെരുവ് നായ്ക്കളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പിടികൂടി വന്ധീകരിച്ച് പ്രതിരോധകുത്തിവെപ്പുകള്‍ എടുത്തശേഷം പിടിച്ചെടുത്ത സ്ഥലത്ത് തന്നെ തിരിച്ചുവിടും. 2012 ലെ സെന്‍സസ് പ്രകാരം ജില്ലയില്‍ 40119 വളര്‍ത്തുനായ്ക്കളും 9331 തെരുവ് നായ്ക്കളുമുണ്ട്.
മൃഗസംരക്ഷണവകുപ്പിന് കീഴില്‍ 35 ഡിസ്‌പെന്‍സറികളും ആറ് ആശുപത്രികളും ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളുമുണ്ട് . എന്നാല്‍ 14 വെറ്ററിനറി സര്‍ജന്മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജഗോപാല്‍ കര്‍ത്ത ജില്ലയില്‍ നടപ്പിലാക്കുന്ന തെരുവ് നായ്ക്കള്‍ നിയന്ത്രണ പരിപാടിയുടെ സമീപനരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ പദ്ധതി വിശദീകരിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്പില്‍ഓവര്‍ പ്രവര്‍ത്തികള്‍ സപ്തംബര്‍ 30നകം പൂര്‍ത്തീകരിക്കാനും ജില്ലാ ആസൂത്രണ സമിതിയോഗം തീരുമാനിച്ചു. കാലവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത റോഡ്, ഭവന നിര്‍മ്മാണം, സ്പില്‍ഓവര്‍ പദ്ധതികളുടെ സമയപരിധി നീട്ടണം. താത്കാലികമായി നിയമിക്കന്നതിനുപകരം ജില്ലയില്‍ എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ നി്ര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമന്നും യോഗം ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് കാരുണ്യഫാര്‍മസികളില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ സപ്ലൈകോ വഴി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ ഓമനാ രാമചന്ദ്രന്‍, എ. ജാസ്മിന്‍, എം. തിമ്മയ്യ, കെ. ശങ്കര്‍റേ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. മുംതാസ് ഷുക്കൂര്‍, ബി.എം പ്രദീപ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, നീലേശ്വരം നഗരസഭചെയര്‍പേഴ്‌സണ്‍ വി.ഗൗരി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗ്‌സഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment