Latest News

വിധി കേള്‍ക്കാന്‍ വികെപി ഇല്ല

കാഞ്ഞങ്ങാട്: [www.malabarflash.com] കൊളവയലിലെ വികെപി മുഹമ്മദലിയുടെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ പതിനാലുകാരിയായ സഫിയയുടെ തിരോധാനം ജലരേഖയായി മാറുമായിരുന്നു. കാഞ്ഞങ്ങാട്-കൊന്നക്കാട് റൂട്ടിലോടുന്ന വികെപി എന്ന ബസിന്റെ മുതലാളി മാത്രമായിരുന്നു ഒരു കാലത്ത് വികെപി മുഹമ്മദലി. പൊതു പ്രവര്‍ത്തന രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ഒരിടത്തുമുണ്ടായിരുന്നില്ല. 

യാദൃശ്ചികമായാണ് സഫിയയുടെ തിരോധാനത്തെക്കുറിച്ച് മുഹമ്മദലി അറിയുന്നത്. അജാനൂര്‍ ക്രസന്റ് സ്‌കൂളിലെ ഡ്രൈവര്‍ ഇബ്രാഹിമിന്റെ ബന്ധുവായ മടിക്കേരി അയ്യങ്കേരിയിലെ മൊയ്തുവിന്റെയും ആയിസുമ്മയുടെയും സങ്കടം ഇബ്രാഹിം സാന്ദര്‍ഭികമായി ഒരിക്കല്‍ വികെപി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മുഹമ്മദലിയോട് വിശദീകരിച്ചിരുന്നു. 

ആ കുടുംബം അനുഭവിച്ച സങ്കടങ്ങള്‍ തിരിച്ചറിഞ്ഞ വികെപി, മൊയ്തുവിനോടും ആയിസുമ്മയോടും കാഞ്ഞങ്ങാട്ട് എത്താന്‍ ഇബ്രിഹിമിനോട് ആവശ്യപ്പെടുന്നിടത്ത് നിന്നാണ് സഫിയ തിരോധാനത്തിന്റെ ചുരുളഴിയാന്‍ തുടങ്ങിയത്. കാഞ്ഞങ്ങാട്ടെത്തിയ മൊയ്തുവിനോടും ആയിസുമ്മയോടും മകളെ കാണാതായതിനെപ്പറ്റി വിശദമായി വികെപി സംസാരിച്ചു.

സഫിയയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതെന്ന് വികെപി ഉറപ്പിച്ചു. മറ്റൊന്നും അദ്ദേഹം ആലോചിച്ചില്ല. മൊയ്തുവിനോടും ആയിസുമ്മയോടും പോലീസില്‍ പരാതി നല്‍കാനും പ്ലക്കാര്‍ഡ് ഏന്തി കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്താനും വികെപി നിര്‍ദ്ദേശിച്ചു. അവരത് അക്ഷരം പ്രതി അനുസരിച്ചു. 

പരാതി നല്‍കാനും കുത്തിയിരിപ്പ് നടത്താനുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തത് വികെപിയായിരുന്നു.സഫിയയുടെ തിരോധാനം അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഇരുവരും കരാറുകാരന്‍ ഹംസയെ നേരില്‍ കണ്ടു.
ഇതോടെ സഫിയ അന്വേഷിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലുകളിലും യാത്രകളിലുമൊക്കെ പ്രതി ഹംസയും ഒപ്പം കൂടി. ഇതിനിടെ മകളെ കണ്ടെത്താന്‍ മാതാവ് ആയിസുമ്മ കാസര്‍കോട്ടെ തിരുവില്‍ 160 ദിവസത്തോളം നിരാഹാരം കിടന്നു. പിന്നീട് സമരത്തിന്റെയൊക്കെ പിന്നണിയില്‍ വികെപിക്ക് തുണയായി അമ്പലത്തറ കുഞ്ഞികൃഷ്ണനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഡോക്ടര്‍ ഗീതയും രംഗത്തെത്തി. 

ഈ സമരങ്ങള്‍ നടക്കുമ്പോഴൊക്കെയും ഒന്നും സംഭവക്കാത്ത മട്ടില്‍ ഹംസയും സത്യാഗ്രഹ പന്തലില്‍ വന്ന് പോകുകയും ചെയ്തു. അങ്ങനെ സഫിയ തിരോധാന സംഭവം പുറം ലോകം അറിയുകയായിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഈ കുടുംബത്തിന്റെ ദയനീയ ചിത്രം വരച്ചു കാട്ടിയപ്പോള്‍ പോലീസിന് നില്‍ക്കക്കള്ളിയില്ലാതെയായി. 

അങ്ങനെയാണ് മനസ്സില്ലാ മനസ്സോടെ ലോക്കല്‍ പോലീസ് സഫിയയെ കണ്ടെത്താനുള്ള ശ്രമമെങ്കിലും തുടങ്ങിയത്. സമരത്തിന് തീ കൊളുത്തിയ വികെപി പിന്നീട് തനിച്ചായില്ല. പൊതു സമൂഹം ഈ സമരത്തില്‍ പങ്കാളികളായി. പിന്നീട് നടന്ന എല്ലാ പ്രക്ഷോഭ പരിപാടികളുടെയും മുന്‍ നിരയില്‍ വികെപി മുഹമ്മദലി ഉണ്ടായിരുന്നു. മൊയ്തുവിനും ആയിസുമ്മക്കും വേണ്ട സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ യാതൊരു വൈമുഖ്യവും കാട്ടിയില്ല. 

ഈ പ്രക്ഷോഭ സമരം മുഹമ്മദലിയെ ഒരു പൊതു പ്രവര്‍ത്തകനാക്കി വളര്‍ത്തി. പിന്നീട് പരിസ്ഥിതി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലൂന്നി ഒട്ടേറെ പരിപാടികള്‍ക്കും സമരങ്ങള്‍ക്കും മുഹമ്മദലി നേതൃത്വം നല്‍കി. മൊയ്തുവിനും ആയിസുമ്മക്കും ഇപ്പോള്‍ മനസ്സ് വിങ്ങുകയാണ്. മകളുടെ ഘാതകര്‍ക്ക് ജില്ലാ കോടതി ശിക്ഷ വിധിച്ചപ്പോള്‍ അത് കേള്‍ക്കാന്‍ മുഹമ്മദലി ഇല്ലാതെ പോയ ദുഃഖം. 

2012 മാര്‍ച്ച് 8ന് ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുഹമ്മദലി മരണപ്പെടുകയായിരുന്നു. സമരപ്പന്തലില്‍ കൈത്താങ്ങായി ഭാര്യ ഖയറുന്നീസയും ഇപ്പോള്‍ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന ഷാരൂഖും ക്രസന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥി സെമിയും പലപ്പോഴും എത്താറുണ്ടായിരുന്നു.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.