Latest News

പാഠപുസ്തകത്തിന് മലയാളം ആപ്

തൃശൂര്‍: [www.malabarflash.com] പാഠപുസ്തകത്തിന്‍െറ കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാറിനും ഉദിക്കാതെ പോയ ബുദ്ധി ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ കാണിച്ചു. പുസ്തകം അച്ചടിക്കാനുള്ള കരാര്‍ ലഭിക്കാന്‍ കാത്തിരിക്കുന്ന പ്രസുടമകള്‍ ഉള്‍പ്പെടെയുള്ളവരെ ആപ്പിലാക്കിയാണ് തൃശൂര്‍ ആറ്റൂര്‍ സ്വദേശിയായ മോജു മോഹന്‍ ആപ്ളിക്കേഷന്‍ വികസിപ്പിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് പുസ്തകം ചുമക്കണ്ട, മഴ നനഞ്ഞും വര്‍ഷാവസാനം ആകുമ്പോഴേക്കും പുസ്തകങ്ങള്‍ കീറിപ്പോയെന്ന പരാതിയുമില്ല. കുടുംബത്തിലെ മുഴുവന്‍ പേരുടെയും പാഠപുസ്തകങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടും. പേപ്പറും മഷിയുമില്ല എന്ന അച്ചടി വകുപ്പിന്‍െറ പരാതിയും പുസ്തകം മാവേലി എത്തുംമുമ്പ് നല്‍കാമെന്ന് മന്ത്രിയുടെ വാചകമടിയും ഇനി മതിയാക്കാം.

Paada Pusthakam എന്ന ഗൂഗ്ള്‍ പ്ളേ സ്റ്റോറിലെ ആന്‍ഡ്രോയ്ഡ് ആപ് ഉപയോഗിച്ച് ഒന്ന് മുതല്‍ 10 വരെ ക്ളാസിലെ മുഴുവന്‍ പാഠപുസ്തകങ്ങളും ഡൗണ്‍ ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണിലും ടാബ്ലറ്റിലും കമ്പ്യൂട്ടറിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിജിറ്റല്‍ പുസ്തകം തയാറാക്കിയിരിക്കുന്നത്. ഗൂഗ്ള്‍ പ്ളേസ്റ്റോറില്‍ നിന്ന് നിന്നും സൗജന്യമായി ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം മെനുവില്‍ നിന്ന് അതത് ക്ളാസുകളിലെ ടെക്സ്റ്റ് ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. 

പാഠപുസ്തകങ്ങള്‍ക്ക് പുറമെ എസ്.സി.ഇ.ആര്‍.ടി യുടെ പൂര്‍ണ വിവരങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള എജുക്കേഷന്‍ കലണ്ടര്‍, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടാവുന്ന അത്യാവശ്യ ഹെല്‍പ് ലൈന്‍ നമ്പറുകള്‍, അധ്യാപകരുടെ കൈപ്പുസ്തകം, കോഴ്സ് ബുക്, ഇയര്‍ പ്ളാനര്‍, ഐടി@സ്കൂള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പങ്ങാരപ്പിള്ളി സെന്‍റ് ജോസഫ് എച്ച്.എസിലെ പൂര്‍വ വിദ്യാര്‍ഥിയായ മോജു അവിടത്തെ അധ്യാപകരുടെയും സര്‍ക്കാര്‍ സൈറ്റുകളുടെയും സഹായത്തോടെയാണ് പുസ്തകത്തിനുള്ള വിവരങ്ങള്‍ ശേഖരിച്ചത്. നാലുദിവസം കൊണ്ട് വിദ്യാര്‍ഥി സൗഹൃദ രൂപത്തില്‍ ആപ്ളിക്കേഷന്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം പ്ളേ സ്റ്റോര്‍ അംഗീകരിച്ചതോടെ ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാം. മുഴുവന്‍ ക്ളാസുകളിലേതും കൂടി നൂറോളം പുസ്തകങ്ങള്‍ ആപ്പിലുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.