Latest News

പിതാവിന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍; മകനും ഗുണ്ടകളും അറസ്റ്റില്‍

കാക്കനാട്: [www.malabarflash.com] പിതാവിനെ നേര്‍വഴിക്കു നടത്താനെന്ന പേരില്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു കൈയും കാലും തല്ലിയൊടിച്ച മകനും സംഘാംഗങ്ങളും അറസ്റ്റില്‍. പാലാരിവട്ടം നടുവിലേമുല്ലേത്ത് (കപ്പട്ടി) വര്‍ഗീസ് (62) ആണ് മകന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായത്. 

സംഭവവുമായി ബന്ധപ്പെട്ടു വര്‍ഗീസിന്റെ രണ്ടാമത്തെ മകന്‍ ഡാല്‍സണ്‍ (28), ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ അമ്പലത്തിനു സമീപം സുധീഷ് ഭവനില്‍ സുധീഷ് കുമാര്‍ (38), ഹരിപ്പാട് തെക്കേക്കര പുത്തന്‍ വീട് അച്ചുഭവനില്‍ രതീഷ് (മമ്മുട്ടി 31), മാന്നാര്‍ കുട്ടംപേരൂര്‍ കുന്നത്തൂര്‍ അമ്പലത്തിനു സമീപം കുറ്റിയില്‍ താഴ്ചയില്‍ വീട്ടില്‍ ശിവജിത് (28) എന്നിവരാണ് അറസ്റ്റിലായത്. അക്രമി സംഘത്തിലെ നാലാമന്‍ ഒളിവിലാണ്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ഗീസ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ 11ന് പട്ടാപ്പകലാണ് അക്രമി സംഘം വര്‍ഗീസിന്റെ ഉടമസ്ഥതയില്‍ കാക്കനാട് ചിറ്റേത്തുകരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ആക്രമണം അഴിച്ചുവിട്ടത്. 

ഹോക്കിസ്റ്റിക്ക് ഉപയോഗിച്ചാണു കൈയും കാലും തല്ലിയൊടിച്ചത്. അര ലക്ഷം രൂപയ്ക്കു ക്വട്ടേഷന്‍ നല്കിയ മകന്‍ തന്നെയാണ് ആശുപത്രിയില്‍ പിതാവിനെ ശുശ്രൂഷിക്കാന്‍ കൂട്ടിനുണ്ടായിരുന്നത്. ഓഫീസിലെ ജീവനക്കാരെ ബന്ധികളാക്കിയ ശേഷമായിരുന്നു ആക്രമണം. വര്‍ഗീസിന്റെ വലതുകാലും ഇടതുകൈയും തല്ലിയൊടിച്ച സംഘം ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണമാലയും മോതിരവും വിലപിടിപ്പുള്ള റിസ്റ്റ് വാച്ചും കവര്‍ന്നു. 

വര്‍ഗീസിന്റെ സഹോദരപുത്രന്റെ പേരു വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. സഹോദരപുത്രന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നു വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. 

വര്‍ഗീസും സഹോദരപുത്രനും തമ്മില്‍ ശത്രുതയിലായിരുന്നു. കുടുംബപ്രശ്‌നങ്ങളാണു പിതാവിന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ മകനെ പ്രേരിപ്പിച്ചതെന്നു കേസ് അന്വേഷിക്കുന്ന ഇന്‍ഫോപാര്‍ക്ക് പോലീസ് പറഞ്ഞു.

പലതവണ പിതാവിനു മുന്നറിയിപ്പു നല്‍കിയിട്ടും വകവച്ചില്ല. ഇതേത്തുടര്‍ന്നാണു ചെങ്ങന്നൂരിലെ ക്വട്ടേഷന്‍ സംഘത്തെ മകന്‍ ഏര്‍പ്പാടാക്കിയതെന്നു പോലീസ് പറഞ്ഞു.വര്‍ഗീസിന്റെ സഹോദരപുത്രന്‍ മനോജാണ് അക്രമത്തിനു പിന്നിലെന്നു സംശയിച്ച പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കു സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായി. 

പിതാവ് അക്രമിക്കപ്പെട്ടതു സഹോദരപുത്രന്‍ മുഖേനയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഡാല്‍സണ്‍ ശ്രമിച്ചതും പോലീസിനു കൂടുതല്‍ സംശയത്തിനിടയാക്കി. ഡാല്‍സന്റെ മൊബൈല്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ചെങ്ങന്നൂരിലെ ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചു സൂചന ലഭിച്ചതെന്നു പോലീസ് പറഞ്ഞു. പിതാവിനെ ആക്രമിച്ച സംഘത്തെ പിടികൂടണമെന്നാവശ്യപ്പെട്ടു ഡാല്‍സണ്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ നിരീക്ഷണത്തിലാണു സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്ന നിഗമനത്തിലെത്തിയത്.

35,000 രൂപ മുന്‍കൂര്‍ നല്കിയാണ് ക്വട്ടേഷന്‍ സംഘത്തെ എറണാകുളത്ത് എത്തിച്ചത്. കലൂരില്‍ ലോഡ്ജില്‍ താമസിപ്പിച്ചു സംഭവദിവസം ചിറ്റേത്തുകരയില്‍ പിതാവിന്റെ സ്ഥാപനം കാണിച്ചുകൊടുത്തതും മകനായിരുന്നു. പിതാവിനെ ആക്രമിക്കാന്‍ ഹോക്കി സ്റ്റിക്കും വാങ്ങിക്കൊടുത്തു. അക്രമികള്‍ കവര്‍ന്ന വര്‍ഗീസിന്റെ റിസ്റ്റ് വാച്ച് ക്വട്ടേഷന്‍ സംഘം ഡാല്‍സനെ തിരിച്ചേല്‍പ്പിച്ചിരുന്നു. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒരു വര്‍ഷം മുമ്പ് എറണാകുളത്തു കതൃക്കടവ് ഭാഗത്തു ട്രാഫിക് വാര്‍ഡന്‍ പദ്മിനിയെ ജോലിക്കിടെ ആക്രമിച്ച കേസില്‍ വര്‍ഗീസിന്റെ മൂത്ത മകന്‍ പ്രതിയായിരുന്നു. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്.

തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോയി, എസ്‌ഐ ടി.ഇ. കബീര്‍, എഎസ്‌ഐ റജി കുര്യന്‍, പോലീസുകാരായ മനോജ്, സജീഷ്, ബിനു, ജോസി, ബൈജു തുടങ്ങിയവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.