Latest News

കുവൈത്തിലേക്ക് ബ്രൗണ്‍ഷുഗര്‍ കടത്താനുള്ള ശ്രമം പരാജയപ്പെട്ടു; യുവാവ് ജീവനൊടുക്കി, മൂന്നുപേര്‍ പിടിയില്‍

ആലുവ:[www.malabarflash.com] അനാഥാലയത്തില്‍ വളര്‍ന്ന യുവാവിനെ ഉപയോഗിച്ചു കുവൈത്തിലേക്ക് ബ്രൗണ്‍ ഷുഗര്‍ കടത്താന്‍ ശ്രമം. യുവാവ് ഉള്‍പ്പെടെ മൂന്നു പേരെ എക്‌സ്‌സൈസ് അറസ്റ്റ് ചെയ്തു. യുവാവിന് ഒന്നര കിലോഗ്രാം ലഹരിമരുന്നു കൈമാറിയ കൂനമ്മാവ് വള്ളുവള്ളി സ്വദേശി നടുവിലപറമ്പില്‍ മുഹമ്മദ് ഹാരിഷ് (27) ജീവനൊടുക്കി. കോഴിക്കോട് വേനപ്പാറ പുതുമന എബിന്‍ ജോസ് (24), ആലുവ തുരുത്ത് മംഗലശേരി മുഹമ്മദ് ഷാഫി (22), ആലുവ തോട്ടുമുഖം പണിക്കശേരി അബിക് (28) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് എക്‌സ്സൈസ് അറസ്റ്റ് ചെയ്തു.

സംഭവത്തെകുറിച്ച് എക്‌സ്‌സൈസ് പറയുന്നത്: അനാഥാലയത്തില്‍ വളര്‍ന്ന എബിനു വിദേശത്തേക്കു പോകാന്‍ താല്‍പര്യമുണ്ടെന്നു മനസ്സിലാക്കിയ സംഘം കുവൈത്തില്‍ ജോലിയും വീസയും ശരിയാക്കി നല്‍കുകയായിരുന്നു. ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍ നിന്നായിരുന്നു കുവൈത്തിലേക്കു പോകേണ്ടിയിരുന്നത്. ഇതിനായി എബിനെ ശനിയാഴ്ച ആലുവയില്‍ നിന്ന് ഹാരിഷ് സ്വകാര്യ ബസില്‍ കയറ്റിവിട്ടു. എന്നാല്‍, പിടിക്കപ്പെടുമെന്ന ഭയം കാരണം പാതി വഴിയില്‍ യാത്ര മതിയാക്കിയ എബിന്‍ എക്‌സൈസ് അധികൃതര്‍ക്കു മുന്‍പില്‍ ഹാജരാകുകയായിരുന്നു. 

താനറിയാതെ തന്റെ പക്കല്‍ ലഹരി മരുന്നു തന്നയയ്ക്കുകയായിരുന്നു എന്നാണ് ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. ആവര്‍ത്തിച്ചു ചോദ്യം ചെയ്തതോടെ ഇയാളും സംഘത്തില്‍പ്പെട്ടതാണെന്ന് എക്‌സ്‌സൈസ് കണ്ടെത്തി.

വിസയും ബാഗും മറ്റും നല്‍കിയ മുഹമ്മദ് ഹാരിഷിനെ തിരക്കി എക്‌സൈസ് സംഘം ഉച്ചയോടെ വള്ളുവള്ളിയില്‍ എത്തിയപ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ജീവനൊടുക്കിയ ഇയാളുടെ കബറടക്ക ചടങ്ങുകള്‍ നടക്കുകയായിരുന്നു. ഇതോടെ എക്‌സൈസ് സംഘം മടങ്ങി. 

ബസ് യാത്രയ്ക്കിടെ എബിന്റെ ഫോണ്‍ സ്വിച്ച് ഓഫായതോടെ പൊലീസ് പിടികൂടിയെന്ന ധാരണയില്‍ തൂങ്ങിമരിച്ചതാകാമെന്നു എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സിഐ ടി.എസ്. ശശികുമാര്‍ പറഞ്ഞു. ആലുവയില്‍ ബന്ധുവിന്റെ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു ജീവനൊടുക്കിയ മുഹമ്മദ് ഹാരിഷ്.

ബാഗിനുള്ളില്‍ ഏത്തപ്പഴം, ഹല്‍വ, വസ്ത്രങ്ങള്‍ എന്നിവയ്ക്കടിയിലായി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗണ്‍ ഷുഗര്‍. ഈ സംഘത്തിന്റെ ചതിയില്‍ പെട്ട കാസര്‍കോട് സ്വദേശി കുവൈത്തില്‍ ജയിലില്‍ കഴിയുന്നതായും വിവരമുണ്ട്.

പ്രിവന്റീവ് ഓഫിസര്‍ വി.എ. ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാജന്‍ പോള്‍, പി.വി. ജോസ്, സുനീഷ് കുമാര്‍ എന്നിവരുടെ സംഘമാണു പ്രതികളെ ചോദ്യം ചെയ്യുന്നത്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.