Latest News

ആയിരം പേര്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി

ദുബൈ: [www.malabarflash.com] സാമ്പത്തിക പ്രയാസം ചികിത്സയ്ക്ക് തടസമാവുകയും രോഗം കൊണ്ട് വിഷമിക്കുകയും ചെയ്യുന്ന പാവപ്പെട്ട വൃക്ക രോഗികള്‍ക്കായി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി സൗജന്യ ഡയലിസിസ് സൗകര്യം ഒരുക്കുവാന്‍ തീരുമാനിച്ചു. 

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ നിര്‍ധരരായ ആയിരം വൃക്ക രോഗികള്‍ക്കാണ് ഷിഫ2015 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രയോജനം ചെയ്യുക. ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പ്രസിഡണ്ട് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു.

വൃക്ക രോഗികളുടെ എണ്ണം ആശങ്കയുളവാക്കുന്ന വിധത്തില്‍ ദിനേനയെന്നോണം വര്‍ധിച്ച് കൊണ്ടിരിക്കുമ്പോള്‍ നിര്‍ധരരായ ആയിരം വൃക്ക രോഗികള്‍ക്ക് സാന്ത്വനമായി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളും, സി.എച്ച് സെന്ററുകളും കേന്ദ്രീകരിച്ചാണ് സൗജന്യ ഡയാലിസിസ് സംവിധാനത്തിന് കെ.എം.സി.സി തീരുമാനിച്ചിരിക്കുന്നത്. 

കൂടാതെ വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് റമദാനില്‍ സാമ്പത്തിക സഹായം നല്‍കുവാനും, ജില്ലാ എം.എസ്.എഫ് കമ്മിറ്റിയും ജില്ലാ കെ.എം.സി.സിയും സംയുക്തമായി നടത്തുന്ന 'മെസ്റ്റ് 2015' വിജയികളാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുവാനും യോഗം തീരുമാനിച്ചു.

അഫ്‌സല്‍ മെട്ടമ്മല്‍, ടി.ആര്‍ ഹനീഫ മേല്‍പറമ്പ്, ഖാദര്‍ ബെണ്ടിച്ചാല്‍, മുഹമ്മദലി തൃക്കരിപ്പൂര്‍, സി.എച്ച് നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്കം, അഡ്വ. ഇബ്രാഹിം ഖലീല്‍, ഷാഫി ഹാജി പൈവളികെ, ഇസ്മാഈല്‍ നാലാംവാതുക്കല്‍, വി.കെ ഖാലിദ് പടന്ന എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം നന്ദിയും പറഞ്ഞു.
Advertisement
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.