Latest News

മനോജ് വധം: നാലു സിപിഎമ്മുകാര്‍കൂടി അറസ്റ്റില്‍

തലശേരി: [www.malabarflash.com] ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി നാലു സിപിഎം പ്രവര്‍ത്തകരെകൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി പി.ഐ. മധുസൂദനനെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു.

കിഴക്കെ കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ റിജേഷ് (37), കളപ്പുരത്തുംകണ്ടി സുനില്‍കുമാര്‍ (45), മംഗലത്തേരി സജിലേഷ് (30), കത്തിയാല്‍ മഹേഷ് (36) എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ ആക്ട് പ്രകാരം കേസെടുത്ത നാലുപേരെയും ജില്ലാ സെഷന്‍സ് കോടതി ഒരു മാസത്തേക്കു റിമാന്‍ഡ് ചെയ്തു.

കൊലയാളി സംഘത്തെ സജ്ജമാക്കുകയും പ്രതികള്‍ക്കു സിംകാര്‍ഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തതിനു ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ റിജേഷിന്റെ വീടു കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന നടന്നതെന്നു സിബിഐ കണെ്ടത്തിയിട്ടുണ്ട്. കൊലപാതകത്തിനിടെ പരിക്കേറ്റ മുഖ്യപ്രതി വിക്രമനെ റിജേഷിന്റെ കാറിലാണു ചികിത്സയ്ക്കായി കൊണ്ടുപോയത്. മദ്യത്തിന് അടിമപ്പെട്ടു നടന്ന വിക്രമനെ ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കുകയും കൊലപാതകത്തിനു നേതൃത്വം നല്‍കാന്‍ സജ്ജമാക്കുകയും ചെയ്തതു റിജേഷിന്റെ നേതൃത്വത്തിലാണെന്നും സിബിഐ പറയുന്നു.

തലശേരി ഗവ.റസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തിയാണു നാലു പ്രതികളെയും അറസ്റ്റ് ചെയ്തത്. കൊലക്കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പ്രതികളെന്നു കണെ്ടത്തിയ 19 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 15 പേര്‍ റിമാന്‍ഡിലാണ്. മൂന്നുപേര്‍ക്കു ഹൈക്കോടതിയും ഒരാള്‍ക്കു ജില്ലാ സെഷന്‍സ് കോടതിയും ജാമ്യം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചില്‍നിന്നു കേസന്വേഷണം ഏറ്റെടുത്തശേഷം സിബിഐ സംഘം ആദ്യമായാണു നാലു പേരെ പ്രതികളെന്നു കണെ്ടത്തി അറസ്റ്റ് ചെയ്തത്.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, തലശേരി ഏരിയാ സെക്രട്ടറി എം.സി. പവിത്രന്‍, കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ധനഞ്ജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ സിബിഐ വിവിധ ഘട്ടങ്ങളിലായി ചോദ്യംചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണു സിബിഐ നല്‍കുന്ന സൂചന.

1999 ഓഗസ്റ്റ് 25ന് പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായ മനോജിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനാണു ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.