Latest News

ജീവനു വേണ്ടി നാടുവിട്ട പാക് ഡോക്ടര്‍ക്ക് ജോലി അഹ്മദാബാദിലെ ചെരിപ്പുകടയില്‍

അഹമ്മദാബാദ്: [www.malabarflash.com] പാകിസ്താനിലെ കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് ബിരുദമുള്ള ദശ്‌രഥ് കേല ഒമ്പത് വര്‍ഷം മുമ്പ് ഡോക്ടറായി ജോലി തുടങ്ങിയത് 25000 രൂപ ശമ്പളത്തിനാണ്. പക്ഷേ, ഇന്നിപ്പോള്‍ അദ്ദേഹം ജോലി ചെയ്യുന്നത് അഹമ്മദാബാദിലെ ചെരിപ്പുകടയില്‍. പാകിസ്താനില്‍ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭീഷണിയില്‍ കഴിയുന്ന അനേകം ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് പറയാനുള്ള കഥ തന്നെയാണ് ദശ്‌രഥിനും പറയാനുള്ളത്.

കറാച്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ദശ്‌രഥ് കേല കറാച്ചിയില്‍ ഡോക്ടറായി ജോലി തുടങ്ങിയത് 2001ലാണ്. ഒമ്പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ജീവിതസ്ഥിതിയാകെ മാറി, കുടുംബത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി അവിടെ നിന്ന് പാലായനം ചെയ്ത് ഗുജറാത്തിലെത്തി. ഇപ്പോള്‍, അഹമ്മദാബാദില്‍ ബന്ധുവിന്റെ ചെരുപ്പുകടയില്‍ ജോലി ചെയ്യുന്നു.

ജീവിതം മാറിമറിഞ്ഞതിന്റെ കഥകള്‍ കേല വിവരിക്കുന്നതിങ്ങനെ: പാകിസ്താനിലെ മതമൗലിക തീവ്രവാദികളെ ഭയന്നാണ് 2006ല്‍ ഗുജറാത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റില്ലാതെ മറ്റ് രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് ചെരുപ്പുകടയില്‍ പോകുന്നത്. തീവ്രവാദികളെ ഭയന്ന് ഇത്തരത്തില്‍ 200ഓളം ഡോക്ടര്‍മാര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്.

പാകിസ്താനില്‍ ന്യൂനപക്ഷമായ ഹിന്ദു സമുദായത്തിന്റെ നിലനില്‍പ് അപകടത്തിലാണെന്ന് കേല പറയുന്നു. കുടുംബത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് ഗുജറാത്തിലേക്ക് ഒളിച്ചോടിയത്. ന്യൂനപക്ഷ സംരക്ഷണത്തില്‍ പാക് ഭരണകൂടം തീര്‍ത്തും പരാജയമാണ്. ഹിന്ദുക്കള്‍ മാത്രമല്ല, ഷിയാ വിഭാഗക്കാരും ഏതു നിമിഷവും അക്രമിക്കപ്പെട്ടേക്കാമെന്ന നിലയിലാണ്.

പാകിസ്താനിലെ രോഗികള്‍ തങ്ങളെ ദൈവത്തെപ്പോലെയാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഗുജറാത്തിലെത്തിയപ്പോള്‍ ജീവിക്കാന്‍ വേണ്ടി ഒരു ജോലിക്ക് യാചിക്കേണ്ട അവസ്ഥയായി. ബിരുദ സര്‍ട്ടിഫിക്കറ്റുമായി ജോലികള്‍ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്കുമാത്രമെ ഇവിടെ ആസ്പത്രികളില്‍ ജോലി നല്‍കുകയുള്ളൂ എന്ന നിലപാടാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വീകരിച്ചത്. ഡോക്ടര്‍ വ്യക്തമാക്കുന്നു.

പാകിസ്താനില്‍ നിന്ന് പലായനം ചെയ്‌തെത്തുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഏഴു വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിക്കണമെന്നാണ് നിയമം.



Keywords: National News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.