Latest News

സഫിയ വധക്കേസ്: ഒന്നാംപ്രതി കെ.സി. ഹംസയ്ക്ക് വധശിക്ഷ

കാസര്‍കോട്: [www.malabarflash.com] കുടക് അയ്യങ്കേരിയിലെ സഫിയ(14)യെ ഗോവയിലേക്ക് കൊണ്ടുപോയി കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കനാലില്‍ കുഴിച്ചിട്ട കേസിലെ ഒന്നാം പ്രതി കരാറുകാരന്‍ പൊവ്വല്‍ മാസ്തിക്കുണ്ടിലെ കെ.സി ഹംസയെ (50) മരണം വരെ തൂക്കാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ ശക്തിധരന്‍ വിധിച്ചു. 

കൊലക്കുറ്റത്തിനാണ് തൂക്കുകയറും പത്ത് ലക്ഷം രൂപ പിഴയും. തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം കഠിനതടവും കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ആറുവര്‍ഷം കഠിനതടവും വേറെയും അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് എട്ട് ലക്ഷം രൂപ സഫിയയുടെ ഉപ്പക്കും ഉമ്മക്കും നല്‍കണം. 

ഹംസയുടെ ഭാര്യ മൈമൂന(38)ക്ക് തെളിവ് നശിപ്പിച്ചതിന് മൂന്ന് വര്‍ഷവും കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് മൂന്ന് വര്‍ഷവും തടവ് വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. കൂടാതെ അയ്യായിരം രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ്. 

നാലാം പ്രതി ആരിക്കാടി കുന്നിലിലെ അബ്ദുല്ല(58)യെ മൂന്ന് വര്‍ഷം കഠിന തടവിനും അയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ്. രണ്ടുപേരുടേയും ശിക്ഷ നടപ്പിലാക്കുന്നത് ആഗസ്റ്റ് 16വരെ കോടതി നിര്‍ത്തിവെച്ചു. അതിനാല്‍ ഇന്ന് ജാമ്യം അനുവദിച്ചു. ഹംസയെ കനത്ത പൊലീസ് കാവലില്‍ ജയിലിലേക്ക് കൊണ്ടുപോയി.
കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും പബ്ലിക് പ്രോസിക്യൂട്ടറേയും ശാസ്ത്രീയ പരിശോധന നടത്തിയവരെയും അന്വേഷണത്തിന് വേണ്ട സഹായങ്ങള്‍ നല്‍കിയ ഗോവ പൊലീസിനെയും വിധിന്യായത്തില്‍ കോടതി പ്രശംസിച്ചു.
അഞ്ചു പേര്‍ക്കെതിരെയായിരുന്നു ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി സന്തോഷ് കുമാര്‍ കുറ്റപത്രം നല്‍കിയിരുന്നത്. രണ്ടും മൂന്നും പ്രതികളെ കോടതി വിട്ടിരുന്നു. ഹംസയും ഭാര്യയും അബ്ദുല്ലയും കുറ്റക്കാരാണെന്ന് ജുലായ് 14ന് കോടതി കണ്ടെത്തിയിരുന്നു.
2006 ഡിസംബര്‍ 22നാണ് കൊല നടന്നത്. മാസ്തിക്കുണ്ടിലെ വീട്ടില്‍ വേലക്ക് നിര്‍ത്തിയിരുന്ന പെണ്‍കുട്ടിയെ മടിക്കേരിയിലെ അവരുടെ രക്ഷിതാക്കളറിയാതെ ഗോവയിലേക്ക് കൊണ്ടുപോവുകയും ഗോവയിലെ ഫ്‌ളാറ്റില്‍ വെച്ച് ചൂട് കഞ്ഞിവെള്ളം മറിഞ്ഞ് പൊള്ളലേറ്റ സഫിയയെ മതിയായ ചികിത്സ നല്‍കാതെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി കാറില്‍ കൊണ്ടുപോയി കനാലില്‍ കുഴിയെടുത്ത് മൂടിയെന്നാണ് കേസ്. 

ഹംസയാണ് കൊലപാതകം നടത്തിയതെന്ന് കോടതിയില്‍ തെളിഞ്ഞു. ഭാര്യ മൈമൂന കൊലപാതക കുറ്റം മറച്ചുവെച്ച് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കുട്ടിയെ രക്ഷിതാക്കളില്‍ നിന്ന് തട്ടിക്കൊണ്ടു കൊണ്ടുപോയെന്നും കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ച് ഒന്നാം പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നാണ് അബ്ദുല്ലക്കെതിരെയുള്ള കുറ്റം.
ആദ്യം ലോക്കല്‍ പൊലീസാണ് കേസന്വേഷിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി കെ.പി ഫിലിപ്, ഡി.വൈ.എസ്.പി. കെ.വി സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സഫിയ തിരോധാനം അന്വേഷിക്കുകയും കൊലപാതകം പുറത്ത് കൊണ്ടുവരികയും ചെയ്തത്.
Advertisement

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.