Latest News

പ്രധാനമന്ത്രിക്ക് മുമ്പില്‍ പരിഹാരം തേടി

ഞായറാഴ്ച യു.എ.ഇയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവ് പ്രവാസി ജീവിതത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കുമെന്നന്വേഷിക്കുകയാണ് 25 ലക്ഷം വരുന്ന പ്രവാസി ഇന്ത്യക്കാര്‍. അവരുടെ നിരവധി നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എത്രമാത്രം ഉപയുക്തമാവുമെന്നതാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്. [www.malabarflash.com]

ദിനേനയെന്നോണം കോടിക്കണക്കില്‍ രൂപ നാട്ടിലേക്കയക്കുന്നവരാണ് പ്രവാസികള്‍. അവരില്‍ ഭൂരിഭാഗവും സാധാരണ തൊഴിലാളികളുമാണ്. അതുകൊണ്ടുതന്നെ അവരനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പെരുപ്പവും വളരെ വലിയതായിരിക്കും.
രാജ്യം സ്വാതന്ത്ര്യം നേടി 34 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍ ഐക്യ എമിറേറ്റ്‌സ് സ്വാതന്ത്ര്യം നേടി പത്ത് വര്‍ഷം മാത്രമെ ആയിരുന്നുള്ളൂ. വികസനത്തിന്റെ പ്യൂപദശയുടെ ആ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ തൊഴില്‍ തേടി ഇവിടേക്ക് ചേക്കേറുന്ന അവസരമായിരുന്നു. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബത്തെ പോറ്റാന്‍ നാടുംവീടും വിട്ട് ഈ ഊഷര ഭൂമിയില്‍ അഭയം തേടിയവര്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് മാതൃരാജ്യത്തിന് കോടിക്കണക്കില്‍ ഉറുപ്പികയുടെ വിദേശപ്പണം നേടിക്കൊടുക്കാനും അതുവഴി രാഷ്ട്രത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കാനും കഴിഞ്ഞതില്‍ ഏതൊരു പ്രവാസി ഇന്ത്യക്കാരനും അഭിമാനിക്കാന്‍ ഏറെ വകയുണ്ട്. [www.malabarflash.com]

നൂറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിലൂടെ വ്യാവസായിക- വാണിജ്യ- സാമ്പത്തിക മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടവും ശാസ്ത്രലോകത്തെ നമ്മുടെ രാജ്യത്തിന്റെ കുതിച്ചുചാട്ടവുമെല്ലാം പ്രവാസികളുടെ വിയര്‍പ്പിന്റെ ഒരംശം ചാലിച്ചു ചേര്‍ത്തതിന്റെ കാരണമാണെന്നും അവകാശപ്പെടാവുന്നതാണ്.
'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന് പറഞ്ഞത് പോലെ രാഷ്ട്രപുരോഗതിക്ക് തന്നാലാവും വിധം പ്രവര്‍ത്തിച്ച് പിന്തുണക്കുകയും കൂറുകാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അടിസ്ഥാന സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ബാധ്യത അതുകൊണ്ട് തന്നെ പ്രധാനമന്ത്രിക്കുണ്ട് എന്ന് കരുതുകയും പരിഹാരം പ്രതീക്ഷിക്കുകയും ചെയ്യുന്നു. 

വീണ്ടും ഒരു 34 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുമ്പോള്‍, അദ്ദേഹം ഇതുവരെ നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ വിലയിരുത്തുമ്പോള്‍ വലിയ ഒരു പ്രഖ്യാപനമെങ്കിലുമുണ്ടാവുമെന്ന ആത്മ വിശ്വാസവുമുണ്ട്. അക്കാരണത്താല്‍ യു.എ.ഇയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ കെ.എം.സി.സിയുടെ പ്രതിനിധിയെന്ന നിലയില്‍ പ്രവാസികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും അടിയന്തിര പ്രാധാന്യ- പരിഹാരമര്‍ഹിക്കുന്നതുമായ ചില വിഷയങ്ങള്‍ അങ്ങയുടെ മുമ്പിലവതരിപ്പിക്കുകയാണ്. [www.malabarflash.com]
പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാക്കിയാല്‍ ഒരുപരിധിവരെ രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാവാനും അതുവഴി തങ്ങളുടെ പ്രശ്‌നങ്ങള്‍ ഭരണാധികാരികള്‍ക്ക് മുമ്പിലവതരിപ്പിക്കാനും കഴിയും. 

 [www.malabarflash.com]നിര്‍ഭാഗ്യവശാല്‍ വോട്ടവകാശത്തിന്റെ കാര്യത്തില്‍ ഒരു മെല്ലെപ്പോക്ക് നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പറയാതിരിക്കാനാവില്ല. പരമോന്നത നീതിപീഠം ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടും അന്തിമ തീരുമാനത്തിലെത്താന്‍ അറച്ച് നില്‍ക്കുന്നതിന്റെ രഹസ്യമെന്താണെന്നും മനസ്സിലാവുന്നില്ല. കേരളത്തില്‍ അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാനാവുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ സാങ്കേതികതയെന്ന പദമുപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് കത്രിച്ചുകളഞ്ഞു.
മറ്റൊരു പ്രധാനകാര്യം വിമാനക്കമ്പനികളുടെ കൊള്ളയാണ്. കുറഞ്ഞകൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ നാട്ടില്‍ പോവേണ്ടി വരുമ്പോള്‍, സീസണ്‍ കാലങ്ങളില്‍ നാലിരട്ടിയും അഞ്ചിരട്ടിയും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ച് പാവപ്പെട്ട പ്രവാസികളുടെ മുതുക് ഒടിക്കുന്നു. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികളടക്കം യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഈ സന്നിഗ്ദഘട്ടത്തില്‍ പോലും പെരുമാറുന്നത്. പ്രവാസത്തോളം തന്നെ പഴക്കമുള്ള ഇക്കാര്യത്തില്‍ നിരവധി നിവേദനങ്ങള്‍ നടത്തിയിട്ടും പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും സര്‍ക്കാര്‍ കണ്ണടക്കുകയാണ് പതിവ്. 

കേരള സര്‍ക്കാര്‍ ഇതിന് പ്രതിവിധിയായി ഒരുവേള 'എയര്‍കേരള' പദ്ധതിയാവിഷ്‌കരിച്ച് പ്രശ്‌നപരിഹാരം തേടിയെങ്കിലും കേന്ദ്രം കനിഞ്ഞില്ല. യാത്ര എന്നത് എയര്‍ലൈന്‍ കമ്പനികളുടെ ഔദാര്യമല്ലെന്ന കാര്യം ഉത്തരവാദപ്പെട്ടവര്‍ ഓര്‍ക്കണം. ഇത് ഗവണ്‍മെന്റിന്റെ ബാധ്യതയായി കണക്കാക്കുകയും അധിക ചാര്‍ജ്ജിന് സബ്‌സിഡി നല്‍കുകയും വേണം. [www.malabarflash.com]
നാട്ടിലേക്ക് തിരിച്ച് പോവേണ്ടി വരുമെന്നത് ഏതൊരു പ്രവാസിയും നേരിടുന്ന അലിഖിത നിയമമാണ്. ആരോഗ്യം, അനാരോഗ്യം, മരണം എന്നീ മൂന്ന് ഘടകങ്ങളെ ആശ്രയിച്ചാണ് ഓരോരുത്തരും ഇവിടെ കഴിഞ്ഞുകൂടുന്നത്. ആരോഗ്യഘട്ടത്തില്‍ തിരിക്കേണ്ടിവരുന്നവര്‍ക്ക് സാമ്പത്തിക- സാമൂഹിക പുരോഗതി കൈവരിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചും അനാരോഗ്യത്തോടെ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിന് മെഡിക്കല്‍ ഇന്‍ഷൂറന്‍സും പെന്‍ഷനും ഏര്‍പ്പെടുത്തിയും പുനരധിവാസ പദ്ധതി യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കണം. 

 [www.malabarflash.com]വിവിധ കാരണങ്ങളാല്‍ മരണപ്പെടുന്നവരുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോവുന്നത് എംബസിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിഗണിക്കുകയും 'പുനറല്‍ സര്‍വീസ്' നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനയാത്രക്കാവശ്യമായ സൗകര്യങ്ങള്‍ സൗജന്യമാക്കിക്കൊണ്ട് അന്ത്യയാത്രക്ക് ആദരം നല്‍കുകയും വേണം.
കുടുംബസമേതം ഇവിടെ താമസിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ തൊഴില്‍ നഷ്ടം മൂലം നാട്ടിലേക്ക് തിരിച്ച് പോവേണ്ടിവരുമ്പോള്‍ ഇവിടുത്തെ സ്‌കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്ന കുട്ടികളെയും നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുത്താതെ തുടര്‍ വിദ്യാഭ്യാസമൊരുക്കാന്‍ പെട്ടെന്ന് ടി.സി വാങ്ങി വിദ്യാഭ്യാസം പറിച്ച് നടാനുള്ള പ്രവേശന സൗകര്യമൊരുക്കണം. 

ആയിരക്കണക്കിന് തൊഴിലന്വേഷകര്‍ക്ക് വിനയായി മാറിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിലെ 'ഇ- മൈഗ്രേറ്റ്' സമ്പ്രദായത്തിലെ അപാകതകള്‍ അടിയന്തിരമായി പരിഹരിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ ഒഴിവാക്കണം. [www.malabarflash.com]

യു.എ.ഇ- ഇന്ത്യാ സര്‍ക്കാറുകള്‍ ഒപ്പിട്ട് നാലുവര്‍ഷത്തോളമായ കരാറാണ് ഇന്ത്യന്‍ തടവുകാരുടെ കൈമാറ്റം. എന്നാല്‍ ഇതുവരെയും ഒരാളെപ്പോലും ഇന്ത്യന്‍ ജയിലുകളിലേക്ക് മാറ്റാനായിട്ടില്ല. വിവിധ കാരണങ്ങളാല്‍ നിയമക്കുരുക്കില്‍പെട്ട് ജയില്‍വാസമനുഭവിക്കുന്ന തടവുകാര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കാനുള്ള അവസരമൊരുക്കണം.
ഇപ്പോള്‍ നിലനില്‍ക്കുന്നതും ഭാവിയില്‍ കുടിയേറ്റങ്ങളുടെ ഭാഗമായി കടന്നുവരാനുള്ള സങ്കീര്‍ണമായ ബാധ്യതകളെ പരിഹരിക്കുന്നതിനായി മിനിസ്ട്രി ഓഫ് ഓവര്‍സീസ് അഫേഴ്‌സിനെ വകുപ്പില്ലാ സ്ഥാപനമെന്നതില്‍ നിന്ന് മാറ്റി പ്രവാസികളുടെ കാര്യങ്ങള്‍ നോക്കാന്‍ നിലവിലുള്ള അപര്യാപ്തത ഇല്ലാതാക്കണം. 

വിദേശ വകുപ്പിന് കീഴില്‍ നിലവില്‍ പ്രവാസി പ്രശ്‌നങ്ങളോ പ്രയാസങ്ങളോ പരിഗണിക്കപ്പെടുന്നില്ല എന്നതിനാല്‍ ഒരു എന്‍.ആര്‍.ഐ നയം തന്നെ വിഭാവനം ചെയ്തുകൊണ്ട് പ്രവാസികളാല്‍ രാജ്യത്ത് ലഭിക്കുന്ന വിദേശ നാണ്യങ്ങള്‍ വര്‍ധിപ്പിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഭരണഘടനാ സൗകര്യമൊരുക്കി നിയമവ്യവസ്ഥയുണ്ടാക്കണം. [www.malabarflash.com]
ഏറ്റവും മികച്ച പരിശീലനം കിട്ടിയ അതിവിദഗ്ധ തൊഴിലാളികള്‍ ഏറ്റവുമധികമുള്ളത് ഗള്‍ഫിലാണ്. അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ തൊട്ട് സര്‍ക്കാര്‍ തലത്തില്‍ ഉന്നത ജോലിയുള്ളവരുമുണ്ട്. എന്നാലും പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കപ്പെടണം. 

പരസ്പര ധാരണ കരാര്‍ ഒപ്പുവെക്കണം. മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താന്‍ കഴിയണം. എങ്കില്‍ മാത്രമെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലപ്രദമാവുകയുള്ളൂ. 

ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിലൂടെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നതുമായ ചരിത്ര തിരുശേഷിപ്പുകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന ശുഭപ്രതീക്ഷയുള്ളു. ഇവിടെ ചൂണ്ടിക്കാട്ടിയതും അല്ലാത്തതുമായ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ അടിയന്തിരശ്രദ്ധ പതിയുകയും പരിഹാരമുണ്ടാവുകയും ചെയ്താല്‍ ഞങ്ങള്‍ ധന്യരായി.
പി.കെ അന്‍വര്‍ നഹ





Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.