Latest News

സൗദിയില്‍ വന്‍ അഗ്നിബാധ: 11 മരണം

ദമാം: [www.malabarflash.com] ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അറാംകോയുടെ ജീവനക്കാരുടെ താമസ സ്ഥലത്തുണ്ടായ അഗ്നിബാധയില്‍ 11 പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. അല്‍കോബാര്‍ അല്‍റാകയിലെ റസിഡന്‍ഷ്യല്‍ കോംപൗണ്ടില്‍ ആറ് നില കെട്ടിടത്തില്‍ കാര്‍ പാര്‍ക്കിംഗ് ആയും ഫാര്‍ണിച്ചര്‍ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന അടിയിലെ നിലയിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്.

വൈകാതെ മുകള്‍ നിലകളിലേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സിനും സൗദി അറാംകൊക്കും കീഴിലെ യൂനിറ്റുകള്‍ അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്റ്ററുകളും പ്രയോജനപ്പെടുത്തി. അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും കോംപൗണ്ടിലെ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ശ്വാസടസ്സമുണ്ടായവരുടെയും പരിക്കേറ്റവരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ കെട്ടിടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസക്കാരായുണ്ട്. 

അടിയിലെ നിലയിലെ കാറുകള്‍ക്കും ഫര്‍ണിച്ചറിനും തീപ്പിടിച്ചതോടെ മുകള്‍ നിലകളില്‍ കനത്ത പുക നിറയുകയും അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുകയും ചെയ്തു. പരിക്കേറ്റവരെ ദഹ്‌റാനിലെ സൗദി അറാംകൊ ആശുപത്രിയിലും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു ആശുപത്രികളിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവര്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രികള്‍ വിട്ടു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.