Latest News

കണ്ണൂര്‍ അഴീക്കോട് സിപിഎം-ബിജെപി സംഘര്‍ഷം; നാലുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: [www.malabarflash.com] അഴീക്കോട് മേഖലയില്‍ വ്യാപക സംഘര്‍ഷം. സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കും രണ്ടു സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകരുടെ പത്തോളം വീടുകളും ബി.ജെ.പി പ്രവര്‍ത്തകരുടെ ആറു വീടുകളും അക്രമത്തില്‍ തകര്‍ന്നു. മൂന്ന് സി.പി.എം ഓഫീസുകളും തകര്‍ത്തിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അഴീക്കോട് പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളോ പ്രകടനങ്ങളോ നടത്താന്‍ പാടില്ലെന്നും കൂട്ടംകൂടി നില്‍ക്കരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു. 

പോലീസ് സൂപ്രണ്ട് പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്.പിമാരായ മൊയ്തീന്‍കുട്ടി, പ്രജീഷ് തോട്ടത്തില്‍, സി.ഐ. ബാബു, എസ്.ഐ. ശ്രീജിത്ത് കൊടേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പോലീസ് അഴീക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ആര്‍.എസ്.എസ് പള്ളിക്കുന്ന് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് പള്ളിയാംമൂലയിലെ ബിനോയ്(24), അഴീക്കല്‍ കാപ്പിലെപീടികയില്‍ അനപാട്ട് സഹീര്‍(35) എന്നിവര്‍ക്കും സി.പി.എം പ്രവര്‍ത്തകരായ ഷൈജു, സജീര്‍ എന്നിവര്‍ക്കുമാണ് വെട്ടേറ്റത്. ബിനോയിയെ കൊയിലി ആശുപത്രിയിലും സഹീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഷൈജുവിനെയും സജീറിനെയും എ.കെ.ജി. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാര്‍ട്ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെയും അക്രമം നടന്നു. പത്ത് സി.പി.എം പ്രവര്‍ത്തകരുടെയും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരുടെയും വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്. അഴീക്കോട് തെക്കുഭാഗത്തെ സി.പി.എം പ്രവര്‍ത്തകരായ ഷാജിത്ത്, ജിനചന്ദ്രന്‍, അജിത്ത്, ഹരിഹരന്‍, മീന്‍കുന്നിലെ അജിത്ത്, നീര്‍ക്കടവിലെ ശശി, രാജന്‍, വിലാസിനി എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം നടന്നത്.
ഞായറാഴ്ച വിവാഹം നടക്കേണ്ട നീര്‍ക്കടവിലെ ഒരു വീടിന് നേരെയും അക്രമം നടന്നു. സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. രവീന്ദ്രന്റെ മകന്‍ ജിതിന്റെ വിവാഹം ഞായറാഴ്ചയാണ്.
വീടുകളുടെ അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കയറിയ സംഘം ഫ്രിഡ്ജ്, ടി.വി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. തിരുവോണ ദിവസമായ വെളളിയാഴ്ച രാത്രിയും ശനിയാഴ്ച പുര്‍ച്ചെയുമാണ് അക്രമങ്ങള്‍ അരങ്ങേറിയത്. 

അഴീക്കോട് കാപ്പിലെപീടികയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ എ.കെ.ജി. മന്ദിരവും മീന്‍കുന്നിലെ സി.പി.എം പാര്‍ട്ടി ഓഫീസും തകര്‍ത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാന പ്രകാരം അഴീക്കോട് പഞ്ചായത്തില്‍ ഹര്‍ത്താലാചരിച്ചുവരികയാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
മുഴുവന്‍ വീടുകളുടെയും ജനല്‍ ഗ്ലാസുകള്‍ തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആര്‍.എസ്.എസ്-ബി.ജെ.പി. അക്രമികള്‍ അഴിഞ്ഞാടിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം. പ്രകാശന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ ആരോപിച്ചു. 

അഴീക്കോട് മേഖലയില്‍ സി.പി.എം വ്യാപകമായ അക്രമണത്തിന് കോപ്പുകൂട്ടുകയാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടു വീടുകള്‍ തീവെക്കുകയും ബി.ജെ.പി. പ്രവര്‍ത്തകരുടെ എട്ടോളം വീടുകള്‍ തകര്‍ക്കുകയും ചെയ്തതായും പള്ളിയാംമൂലയിലും അഴീക്കോടും പ്രവര്‍ത്തകരെ അക്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി. സരസ്വതിയുടെ വീട് ഉള്‍പ്പെടെ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീട് അക്രമിച്ച് തകര്‍ത്തതായി ബി.ജെ.പി. അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് വരുന്നത് തടയാനാണ് അക്രമം നടത്തുന്നതെന്നും പോലീസ് അലംഭാവം കാണിക്കുന്നതായും കമ്മിറ്റി ആരോപിച്ചു.
പോലീസ് കാണിച്ച തികഞ്ഞ അലംഭാവമാണ് അഴീക്കോട്, നീര്‍ക്കടവ് ഭാഗത്ത് ആര്‍.എസ്.എസ്. ക്രിമിനലുകള്‍ അഴിഞ്ഞാടാന്‍ കാരണമെന്ന് സി.പി.എം അഴിക്കോട് ലോക്കല്‍ സെക്രട്ടറി മണ്ടൂക്ക് മോഹനന്‍ പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.