Latest News

അഡ്വ. കോടോത്ത് നാരായണന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: [www.malabarflash.com] കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും കാസര്‍കോട് സാഹിത്യ വേദിയുടെ ആദ്യകാല പ്രസിഡണ്ടുമായിരുന്ന അഡ്വ. കോടോത്ത് നാരായണന്‍ നായര്‍(94) അന്തരിച്ചു. വെളളിയാഴ്ച കോഴിക്കോട് ചാലപ്പുറത്തെ അനന്തപുരം വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് നടക്കും.

അഭിഭാഷകവൃത്തിക്കൊപ്പം കാസര്‍കോടിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന കോടോത്ത് നാരായണന്‍ നായര്‍ ദീര്‍ഘകാലം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് മുമ്പിലെ വീട്ടിലായിരുന്നു താമസം. മൂന്ന് വര്‍ഷം മുമ്പ് ഏക സഹോദരനും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായരുടെ നിര്യാണത്തെത്തുടര്‍ന്ന് താമസം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. 

പരേതരായ വി.പി ഗോവിന്ദന്‍ നായനാരുടെയും കോടോത്ത് പാര്‍വ്വതിയമ്മയുടെയും മകനായി ജനിച്ച നാരായണന്‍ നായര്‍ നീലേശ്വരം രാജാസ് സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പാലക്കാട് വിക്‌ടോറിയ കോളേജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് ബെല്‍ഗാം ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബിയും പാസായി. 

മംഗലാപുരത്താണ് ആദ്യമായി അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് കാസര്‍കോട് കോടതിയിലെ സജീവസാന്നിധ്യമാവുകയായിരുന്നു. 1971 മുതല്‍ ആറ് വര്‍ഷക്കാലം ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. തലശ്ശേരി, കോഴിക്കോട് കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

22 വര്‍ഷക്കാലം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലീഗല്‍ അഡ്‌വൈസറായും സേവനമനുഷ്ഠിച്ചു.
കാസര്‍കോട് സാഹിത്യ വേദിയുടെ രൂപീകരണത്തിന് പിന്നിലെ ഒരു പ്രധാനശക്തി കോടോത്ത് നാരായണന്‍ നായരായിരുന്നു. ടി. ഉബൈദ് മാഷുമൊത്തുള്ള സൗഹൃദവും നിരന്തരമായ വായനയും അദ്ദേഹത്തെ സാഹിത്യ,സാംസ്‌കാരിക രംഗങ്ങളിലേക്കടുപ്പിച്ചു. ആദ്യകാലത്ത് ദീര്‍ഘകാലം കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ടായിരുന്നു. തളങ്കരയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത് സമ്മേളനത്തില്‍ സ്വാഗതസംഘം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി നാരായണന്‍ നായര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. 

കാസര്‍കോട് മലയാള സഭക്ക് വേണ്ടി മഹാജന കമ്മീഷനില്‍ വാദിച്ചത് കോടോത്ത് നാരായണന്‍ നായറായിരുന്നു. കാസര്‍കോടിനെ കേരളത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചപ്പോഴും മലയാളം-കന്നഡ ഭാഷകള്‍ക്കിടയിലെ സൗഹൃദത്തിന് വേണ്ടി എന്നും ശബ്ദിച്ച ഒരാളായിരുന്നു അദ്ദേഹം.
രണ്ട് വര്‍ഷം മുമ്പ് വരെ കാസര്‍കോട് കോടതികളില്‍ നാരായണന്‍ നായര്‍ സജീവമായിരുന്നു. പ്രമാദമായ നിരവധി കേസുകള്‍ക്ക് വേണ്ടി അദ്ദേഹം കോടതിയില്‍ ഹാജരായിട്ടുണ്ട്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു അപ്പോഴും അദ്ദേഹം സമയം നീക്കിവെച്ചിരുന്നത്. ദീര്‍ഘകാലം കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കമലാ നാരായണന്‍. മക്കള്‍: പ്രദീപ് കുമാര്‍ (അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സ്), മാധവനുണ്ണി (അഭിഭാഷകന്‍, കേരള ഹൈക്കോടതി), വി.പി സതി, ജ്യോതിപ്രിയ. മരുമക്കള്‍: പ്രസാദ് (റിട്ട. മെഡിക്കല്‍ ഓഫീസര്‍, വെറ്ററിനറി), അഡ്വ. വി.എ സതീഷ് കുമാര്‍ (തളിപ്പറമ്പ്), വനിത, ഷൈലജ.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.