Latest News

അധ്യാപകന്റെ കൈയ്യിയ്യ നിന്നും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ സഹായിച്ചവരെ പാക്കം സ്‌കൂള്‍ ആദരിക്കുന്നു

ഉദുമ:[www.malabarflash.com] ദേശീയപാതയില്‍ വീണുപോയ 9,74,424 രൂപയടങ്ങിയ ബാഗ് തിരികെ ലഭിച്ചത്, സിനിമയുടെ തിരക്കഥപോലെ അവിശ്വസനീയം.

പാക്കം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 35ഓളം ജീവനക്കാരുടെ ഓണശമ്പളം ചട്ടഞ്ചാല്‍ ട്രഷറിയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ അധ്യാപകനായ പയ്യന്നൂരിലെ രാജേഷ് ശേഖരിച്ചു.ബൈക്കില്‍ വരുമ്പോള്‍ ചട്ടഞ്ചാലിനും കുണിയക്കും ഇടയില്‍ പണമടങ്ങിയ ബാഗ് വീണു. ജീവനക്കാര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി ബാഗ് നഷ്ടപ്പെട്ടുവെന്ന് ഉറപ്പാക്കിയശേഷം ബേക്കല്‍ പോലീസില്‍ പരാതിപ്പെട്ടു.

പെരിയാട്ടടുക്കം പോലീസ് ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ ദേശീയപാതയില്‍ വീണ ബാഗിന് മുകളിലൂടെ ഒരു കാര്‍ കയറിഇറങ്ങി കടന്നുപോയി. തൊട്ടുപിറകില്‍ വന്ന കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ടാങ്കര്‍ ലോറി ബാഗിന് മുന്നില്‍ നിര്‍ത്തുന്നു. ഡ്രൈവര്‍ മാത്രമാണ് ഈ വാഹനത്തിലുണ്ടായിരുന്നത്. ഇയാളിറങ്ങി ബാഗ് എടുക്കുന്നു. തൊട്ടുപിറകില്‍വന്ന ബട്ടത്തൂരിലെ ഓട്ടേഡ്രൈവര്‍ വിശ്വനാഥന്‍ ഇത് കാണുകയും ഡ്രൈവറോട് 'ഇത് നിങ്ങളുടെ ബാഗ് അല്ലല്ലോ, പിന്നെ എന്തിന് എടുക്കുന്നുവെന്ന്' തര്‍ക്കിക്കുന്നു. എന്റെ വണ്ടിയില്‍നിന്ന് ഇപ്പോള്‍ വീണ ബാഗാണ് ഇതെന്ന് പറഞ്ഞ് ഉടന്‍ ടാങ്കര്‍ വേഗത്തില്‍ മംഗലാപുരം ഭാഗത്തേക്ക് ഓടിച്ചുപോയി. പന്തികേട് തോന്നിയ വിശ്വനാഥന്‍ ലോറിനമ്പര്‍ എഴുതി എടുക്കുന്നു.

വിശ്വനാഥനും ലോറിഡ്രൈവറും തമ്മില്‍ നടന്ന വാക്തര്‍ക്കം അതുവഴി മോട്ടോര്‍ബൈക്കില്‍ വന്ന പെരിയ ബി.എസ്.എന്‍.എല്‍. ജീവനക്കാരായ അനില്‍കുമാറും സുനില്‍കുമാറും കാണുന്നു. ഇതിനിടെ പാക്കം സ്‌കൂളിലെ ജീവനക്കാരുടെ ശമ്പളമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം കാട്ടുതീപോലെ പടര്‍ന്നു. ലോറിഡ്രൈവറും ഓട്ടേഡ്രൈവര്‍ വിശ്വനാഥനും തമ്മിലുണ്ടായ തര്‍ക്കം ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ ട്രഷറിയില്‍ അറിയിക്കുന്നു. നിമിത്തംപോലെ അതേ സമയത്ത് ബേക്കല്‍ സ്‌റ്റേഷനിലെ പുതിയ എസ്.ഐ.മാരിലൊരാളായ പ്രശാന്ത്കുമാര്‍ ട്രഷറിയിലെത്തുന്നു. ഇതോടെ പോലീസിന് ആത്മവിശ്വാസം വര്‍ധിച്ചു. പക്ഷേ ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ നല്‍കിയ ടാങ്കര്‍ ലോറി നമ്പര്‍ കൃത്യമായിരുന്നില്ല. ഇതിനിടയില്‍ അന്വേഷണസംഘം, തര്‍ക്കിച്ച ഓട്ടേഡൈവര്‍ ബട്ടത്തൂരിലെ ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ വിശ്വനാഥനാണെന്ന് കണ്ടെത്തുന്നു. കൃത്യമായ ലോറി നമ്പര്‍ ശേഖരിക്കുന്നു.

ശനിയാഴ്ച രാവിലെതന്നെ ബേക്കല്‍ പോലീസ് പള്ളിക്കര ചെര്‍ക്കാപ്പാറയിലെ ഗോപിയെ സഹായിയായി കണ്ടെത്തുന്നു.ഗോപിക്ക് നന്നായി ഹിന്ദി സംസാരിക്കാനറിയും. ഗ്യാസ് ടാങ്കറിന്റെ ഡ്രൈവറുംകൂടിയാണ് ഇദ്ദേഹം. വണ്ടിനമ്പര്‍ കണ്ടതോടെ ഗോപി, അന്വേഷണ സംഘത്തേയുംകൊണ്ട് നേരെ മംഗലാപുരം കാട്ടിപ്പള്ളത്ത് എത്തി. ടാങ്കര്‍ ലോറി അവിടെ ഉണ്ടായിരുന്നു. പുറത്തുപോയ ടാങ്കര്‍ഡ്രൈവര്‍ തിരിച്ചുവന്നപ്പോള്‍ പോലീസ് വിശദമായി ചോദ്യംചെയ്തു. ബാഗും പണവും തിരിച്ചുകിട്ടി. ഇതിനിടയില്‍ 16,000ത്തോളം രൂപ ടാങ്കര്‍ ഡ്രൈവര്‍ ചെലവാക്കിക്കഴിഞ്ഞിരുന്നു. ഈ തുകയ്ക്ക് കാത്തുനില്‍ക്കാതെ അന്വേഷകസംഘത്തെ നയിച്ച ബേക്കല്‍ എസ്.ഐ. എ.ആദംഖാനും കൂട്ടരും ശനിയാഴ്ച രാത്രിതന്നെ മംഗലാപുരത്തുനിന്ന് നാട്ടിലേക്ക് തിരികെപോവുന്നു.

ഞായറാഴ്ച ഉച്ചയോടെ പാക്കം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാര്‍ക്ക് ഓണശമ്പളം വിതരണം ചെയ്തു. രണ്ടുപകലും ഒരുരാത്രിയും ബേക്കല്‍ പോലീസ് നടത്തിയ കുറ്റമറ്റ അന്വേഷണമാണ് 9.74 ലക്ഷം രൂപ തിരികെ കിട്ടാന്‍ കാരണമായത്. ഇതോടൊപ്പം അധ്യാപകനായ രാജേഷിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തു. കിട്ടിയ വിവരങ്ങള്‍ അതത് സമയത്ത് കൈമാറി, അന്വേഷകസംഘത്തെ സഹായിച്ചവര്‍ സമൂഹത്തിന് മാതൃകകാട്ടിയെന്ന് നാട്ടുകാരെല്ലാം അഭിപ്രായപ്പെട്ടു.

പണം തിരികെ ലഭിക്കാന്‍ സഹായിച്ചവരെയെല്ലാം പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരും കുട്ടികളും സപ്തംബര്‍ ഒന്നിന് ആദരിക്കും.

ഓട്ടേഡ്രൈവര്‍ വിശ്വനാഥന്‍, പെരിയയിലെ ബി.എസ്.എന്‍.എല്‍. ജീവനക്കാരായ സുനില്‍കുമാര്‍, അനില്‍കുമാര്‍, ചെര്‍ക്കാപ്പാറയിലെ ഗ്യാസ് ടാങ്കര്‍ഡ്രൈവര്‍ ഗോപി, ബേക്കല്‍ സ്‌റ്റേഷനിലെ എസ്.ഐ.മാരടക്കമുള്ളവരെയാണ് ആദരിക്കുക. കുട്ടികള്‍ക്ക് ഇത് മാതൃകയാവണം എന്ന ഉദ്ദേശ്യത്തോടെയാണ് ആദരിക്കല്‍ ചടങ്ങ് ഓണം അവധികഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന അന്നുതന്നെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് അധ്യാപകര്‍ അറിയിച്ചു. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ക്കും ചെര്‍ക്കാപ്പാറയിലെ ഗോപിക്കും ബേക്കല്‍ സ്‌റ്റേഷനില്‍നിന്ന് പാരിതോഷികം നല്‍കുമെന്ന് എസ്.ഐ. അറിയിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.