Latest News

ക്വാറിയില്‍ നിന്ന് അടര്‍ന്ന് വീണ പാറയ്ക്കടിയില്‍പെട്ട് സഹോദരിമാര്‍ മരിച്ചു

ആറ്റിങ്ങല്‍: [www.malabarflash.com] ക്വാറിയുടെ മുകളില്‍ നിന്നടര്‍ന്ന് വീണ പാറക്കഷണങ്ങള്‍ക്കടിയില്‍പ്പെട്ട് സഹോദരിമാര്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത(65), സഹോദരി പൊയ്കമുക്ക് പിരപ്പന്‍കോട്ട്‌കോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ ശങ്കരി (46) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്.

പൊയ്കമുക്ക് പാറയടിയില്‍ റവന്യു പുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയിലാണ് അപകടം. ഇരുപതിലധികം ക്വാറികള്‍ ഈ മലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലളിതയും ശങ്കരിയും വളരെക്കാലമായി ക്വാറിയില്‍ ചതപ്പ പെറുക്കി ചല്ലിയടിക്കുന്ന തൊഴിലാളികളാണ്. ക്വാറിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് വെടിവച്ച് പാറ പൊട്ടിക്കാറുളളത്. ഞായറാഴ്ച ഈ ക്വാറിയില്‍ വെടിവച്ച് പാറ പൊട്ടിച്ചിരുന്നു. വെടിയില്‍ പൊട്ടിയടര്‍ന്നെങ്കിലും താഴെ വീഴാതിരുന്ന പാറക്കഷണങ്ങളാണ് തിങ്കളാഴ്ച അപകടം വിതച്ചത്.

ചല്ലിയടിക്കാനെത്തിയ സ്ത്രീകള്‍ ക്വാറിയുടെ ചുവട്ടില്‍ നിന്ന് ചതപ്പ പെറുക്കുമ്പോള്‍ മഴപെയ്തു. ഈ സമയം മറ്റുളളവര്‍ ക്വാറിയുടെ ചുവട്ടില്‍ നിന്ന് മാറി. ലളിതയും ശങ്കരിയും മഴ വക വയ്ക്കാതെ ചതപ്പ പെറുക്കുമ്പോഴാണ് 50 അടിയിലധികം ഉയരത്തില്‍ നിന്ന് പാറക്കഷണങ്ങള്‍ അടര്‍ന്ന് വീണത്.

ലളിതയുടെ മുകളില്‍ വീണ പാറക്കഷണം ക്വാറിയിലെ തൊഴിലാളികള്‍ ചേര്‍ന്നാണ് നീക്കം ചെയതത്. പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. വളരെ വലിപ്പമുളള പാറക്കഷണമാണ് ശങ്കരിയുടെ ദേഹത്ത് വീണത്. അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പാറ നീക്കം ചെയ്തത്. ശങ്കരിയുടെ മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.

വസന്തയാണ് മരിച്ച ലളിതയുടെ മകള്‍. മരുമകന്‍ അശോകന്‍
സൗമ്യ, രമ്യ എന്നിവരാണ് മരിച്ച ശങ്കരിയുടെ മക്കള്‍. ഇരുവരും അവിവാഹിതരാണ്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.