Latest News

സ്‌കൂള്‍തിരഞ്ഞെടുപ്പ് നടത്താന്‍ ഇനി ബാലറ്റും വോട്ടുപെട്ടിയും വേണ്ട

മലപ്പുറം: [www.malabarflash.com]സ്‌കൂള്‍തിരഞ്ഞെടുപ്പ് നടത്താന്‍ ഇനി ബാലറ്റും വോട്ടുപെട്ടിയും വേണ്ട. കംപ്യൂട്ടറില്‍ ഒരൊറ്റ ക്ലിക്ക് മതി. ഇഷ്ടസ്ഥാനാര്‍ഥിയുടെ പേരില്‍ കുട്ടികളുടെ വോട്ട് വീഴും. മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് സ്‌കൂള്‍തിരഞ്ഞെടുപ്പ് കംപ്യൂട്ടര്‍വത്കരിക്കാന്‍ സോഫ്‌ററ്‌വെയര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. 'മൈ ലീഡര്‍' എന്ന പേരിലുള്ള ആപ്ലിക്കേഷനിലൂടെ എത്രവലിയ സ്‌കൂളിലും അനായാസം തിരഞ്ഞെടുപ്പ് നടത്താം. രഹസ്യസ്വഭാവമുള്ള ഇതിന് ഇന്റര്‍നെറ്റ് കണക്ഷനും ആവശ്യമില്ല.

മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറിസ്‌കൂളിലെ ഷമീല്‍ കടന്നമണ്ണ, കോട്ടയം ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിലെ റിയോണ്‍ സജി, അഭിജിത് ബാലകൃഷ്ണന്‍ എന്നിവരാണ് സോഫ്‌ററ്‌വെയര്‍ ഉണ്ടാക്കിയത്. പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികളായ ഇവര്‍ കഴിഞ്ഞവര്‍ഷം തിരൂരില്‍ നടന്ന ശാസ്‌ത്രോത്സവത്തിലാണ് പരിചയപ്പെട്ടത്. 'വെബ്ലൗഡ്' എന്ന പേരില്‍ കമ്പനിയുണ്ടാക്കിയാണ് മൂവര്‍സംഘം രംഗത്തിറങ്ങിയത്.

ഏത് ഓപ്പറേഷന്‍സിസ്റ്റത്തിലും ഇന്‍സ്റ്റാള്‍ചെയ്യാതെതന്നെ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കാം. ഇതില്‍ സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങളും ചിത്രവും എളുപ്പത്തില്‍ ചേര്‍ക്കാനാകും. 'നോട്ട' അടയാളത്തില്‍ നിഷേധവോട്ടിനും അവസരമൊരുക്കാം. പാസ്സ്‌വേഡ്‌ സുരക്ഷയുള്ള ആപ്ലിക്കേഷനില്‍ കംപ്യൂട്ടര്‍ ഓഫ് ചെയ്താലും വിവരങ്ങള്‍ നഷ്ടമാകില്ലെന്ന് ഷമീല്‍ പറയുന്നു.

ട്രയല്‍വോട്ടിലൂടെ കുട്ടികള്‍ക്ക് ആപ്ലിക്കേഷന്‍ പരിചയപ്പെടുത്താനാകും. വോട്ടുചെയ്താല്‍ ബീപ് ശബ്ദമുണ്ടാകും. ഒരാള്‍ വോട്ടുചെയ്ത് നിശ്ചിതസമയം കഴിഞ്ഞേ അടുത്തയാള്‍ക്ക് വോട്ടുചെയ്യാനാകൂ. ഇത് കള്ളവോട്ടിനുള്ള സാധ്യത ഇല്ലാതാക്കും. വോട്ടിന്റെ സ്വകാര്യത നഷ്ടമാകുകയുമില്ല.

ആപ്ലിക്കേഷനില്‍ ഓരോക്ലാസിനും പ്രത്യേകമായി വോട്ടെടുപ്പ് നടത്താം. അതുകൊണ്ടുതന്നെ സ്‌കൂള്‍മുഴുവന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഒരൊറ്റ കംപ്യൂട്ടര്‍ മതി. ലാപ്‌ടോപ് ആണെങ്കില്‍ ഓരോക്ലാസിലും കൊണ്ടുനടന്ന് വോട്ടെടുപ്പ് നടത്താം. ആകെവോട്ടും ഓരോരുത്തര്‍ക്കും കിട്ടിയതും അപ്പപ്പോള്‍ അറിയാനാകും.

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 13ന് സ്‌കൂള്‍പാര്‍ലെമെന്റ് തിരഞ്ഞെടുപ്പ് നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ട്. ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് www.webloud.in/myleader എന്ന വെബ്‌സൈറ്റില്‍നിന്ന് 'മൈ ലീഡര്‍' ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്ത് ഉപയോഗിക്കാം.

മഞ്ചേരി സ്‌കൂളില്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് വിജയകരമായിരുന്നു. മലപ്പുറം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ഇതേരീതിയില്‍ വേട്ടെടുപ്പ് നടത്താന്‍ ആലോചിക്കുന്നതായി ഐ.ടി അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹബീബുറഹ്മാന്‍ പുല്‍പ്പാടന്‍ പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.