Latest News

സ്റ്റേഡിയത്തില്‍ പ്രവേശം നാലുമണി മുതല്‍; മോദിയുടെ പ്രസംഗം 8.30ന്

ദുബൈ:[www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദുബൈയില്‍ നല്‍കുന്ന സ്വീകരണ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. കാല്‍ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് അതിന്‍െറ ഇരട്ടി ആളുകള്‍ സ്വമേധയാ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി കാത്തിരിക്കുന്ന സ്ഥിതിവിശേഷം സംഘാടകരെയും ഇന്ത്യന്‍ അധികൃതരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതുകാരണം രജിസ്ട്രേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്നു.

തിങ്കളാഴ്ച വൈകിട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ മോദിയുടെ പ്രസംഗം രാത്രി 8.30ന് ആയിരിക്കുമെങ്കിലും മണിക്കൂറുകള്‍ക്ക് മുമ്പ് സ്റ്റേഡിയത്തില്‍ ഇടംപിടിക്കേണ്ടിവരും. വൈകിട്ട് നാലു മണിക്ക് ഗേറ്റ് തുറക്കുമെന്നും 6.30 വരെയേ പ്രവേശം അനുവദിക്കൂവെന്നും സംഘാടക സമിതി കണ്‍വീനര്‍ കെ. കുമാര്‍ അറിയിച്ചു.
റെഡ് ലൈനിലെ ദുബൈ ഇന്‍റര്‍നെറ്റ്സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്നും തിരിച്ചും സൗജന്യ ബസ് സര്‍വീസുണ്ടാകും. വൈകിട്ട് മൂന്നു മണി മുതല്‍ ആറു മണിവരെയുള്ള ഷട്ടില്‍ സര്‍വീസിനായി 200 ബസുകളാണ് ഒരുക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കൂവെന്ന് കുമാര്‍ പറഞ്ഞു. 

രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരികയും വേണം. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശം ഉണ്ടാകില്ല. ഭക്ഷണവും പാനീയങ്ങളും കാമറയും അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കള്‍ സ്റ്റേഡിയത്തനകത്തുള്ള സ്റ്റാളുകളില്‍ നിന്ന് വാങ്ങാവുന്നതാണ്. പ്രഥമ ശുശ്രൂഷക്കുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ സജ്ജീകരിക്കുന്നുണ്ട്. പാരാമെഡിക്കല്‍ സ്റ്റാഫും രംഗത്തുണ്ടാകും.
മോദിക്കായുള്ള കാത്തിരിപ്പിന്‍െറ മടുപ്പ് മാറ്റാനായി ഏഴു മണിമുതല്‍ ഒരു മണിക്കൂറോളം നീളുന്ന കലാ-സാംസ്കാരിക പരിപാടികളുണ്ടാകും. ഇതിനായി ഇന്ത്യയില്‍ നിന്നുള്ള 35 അംഗ സംഘം ശനിയാഴ്ച എത്തും. ഇവര്‍ക്കൊപ്പം യു.എ.ഇയില്‍ നിന്നുള്ള കലാകാരന്‍മാരും അണിനിരക്കുന്നതോടെ ചടങ്ങിന് വര്‍ണം പകരും.
കടുത്ത ചൂട് കണക്കിലെടുത്ത് അതിനനസരിച്ചുള്ള വസ്ത്രം ധരിച്ചുവരുന്നത് നന്നായിരിക്കും. വിശറികള്‍ സൗജന്യമായി വിതരണം ചെയ്യും.
പ്രധാനമന്ത്രി അമേരിക്ക, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രവാസി സമൂഹവുമായി നടത്തിയ വന്‍ ജനപ്രിയ പരിപാടിയുടെ മാതൃകയില്‍ തന്നെയാണ് ദുബൈയിലും സ്വീകരണം ഒരുക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണ് ഇവക്ക് മേല്‍നോട്ടം വഹിക്കുന്നത്.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.