Latest News

വേദന തിന്നു നൂര്‍ജ നിരങ്ങുന്നു; മകളെ ഒരധ്യാപികയാക്കാന്‍

കാഞ്ഞങ്ങാട്: [www.malabarflash.com] നൂര്‍ജയ്ക്കും മകള്‍ക്കും ഇടയില്‍ 731 കിലോമീറ്റര്‍ ദൂരമുണ്ട്. അതിലേറെ ദൂരം റോഡുകളില്‍ നിരങ്ങി, വേദന തിന്നു നൂര്‍ജ കൈനീട്ടുന്നത് എന്തിനെന്നോ? വേളാങ്കണ്ണിയിലെ അഗതിമന്ദിരത്തില്‍ കഴിയുന്ന മകളെ നന്നായി പഠിപ്പിക്കാന്‍, അവളുടെ സ്വപ്നം പോലെ ഒരധ്യാപികയാക്കാന്‍ സഹനവഴികളില്‍, മുന്നിലെത്തുന്ന സ്‌നേഹമനസ്സുകള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ ഇവര്‍ സ്വരുക്കൂട്ടുന്നതു മകളുടെ സ്വപ്നം നിറവേറ്റാന്‍ വേണ്ടിയാണ്.

ഇരുകാലുകളുടെയും ശേഷി നഷ്ടപ്പെട്ട തമിഴ്‌നാട് വേളാങ്കണ്ണി സ്വദേശിനി നൂര്‍ജ(45), അതിഞ്ഞാല്‍ മന്‍സൂര്‍ ആശുപത്രിക്കു സമീപത്തെ വാടകമുറിയില്‍ താമസിച്ചാണ്, സമീപഗ്രാമങ്ങളിലേക്കു 'നിരങ്ങിയെത്തുന്നത്'. അഞ്ചാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം കാഞ്ഞങ്ങാട്ട് എത്തിയതാണ്. ഏഴു വയസ്സുള്ളപ്പോള്‍ പിടിപ്പെട്ട പനി നൂര്‍ജയുടെ കാലുകളുടെ ശേഷി നഷ്ടപ്പെടുത്തി. കുറവുകള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് ഇബ്രാഹിം എന്നൊരാള്‍ നൂര്‍ജയെ ജീവിതത്തിലേക്കു ക്ഷണിച്ചത്. അവരെ മുച്ചക്ര വണ്ടിയിലിരുത്തി, കടന്നുപോയ ഇബ്രാഹിമിന്റെ മുഖം കാഞ്ഞങ്ങാട്ടുകാരുടെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്.

ആറു വര്‍ഷം മുന്‍പ് അദ്ദേഹം മരിച്ചതോടെ നൂര്‍ജയും മകളും ഒറ്റപ്പെട്ടു. പഠനം മുടങ്ങരുതെന്നു കരുതി മകളെ നാട്ടിലെ അഗതിമന്ദിരത്തിലാക്കി. ഇപ്പോള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍, അവധി കിട്ടുമ്പോഴെല്ലാം കാഞ്ഞങ്ങാട്ടേക്കു വരും; തനിക്കായി സഹനവഴികള്‍ താണ്ടുന്ന ഉമ്മയെ ചേര്‍ത്തുപിടിക്കാന്‍. ഇക്കഴിഞ്ഞ പെരുനാളിനും അവള്‍ നൂര്‍ജയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ചെറുതെങ്കിലും തന്റെ ദുരവസ്ഥ കാണുമ്പോള്‍ സഹായിക്കുന്നവരാണു മലയാളികളെന്നു നൂര്‍ജയുടെ സാക്ഷ്യം. വേളാങ്കണ്ണിയലെ അഗതി മന്ദിരത്തില്‍ നിന്നു നിറഞ്ഞ ചിരിയുമായി നൂര്‍ജയുടെ മകള്‍ ഇന്നും സ്‌കൂളിലേക്കു പോകും, അതേസമയം, ഇവിടെ നൂര്‍ജയും വീടുവിട്ടിറങ്ങും. കാസര്‍കോട്ടെ ആള്‍ത്തിരക്കും വാഹനങ്ങളും പ്രശ്‌നമാക്കാതെ, അവര്‍ റോഡില്‍ നിരങ്ങും...
(കടപ്പാട്: മനോരമ)





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.