Latest News

പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി

അബൂദാബി:[www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് തുടക്കമായി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ അബൂദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു. ഊഷ്മളമായ വരവേല്‍പാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത്.


ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനം. 34 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തില്‍ തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് യു.എ.ഇയില്‍ ഇറങ്ങിയ ഉടന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.


25ലക്ഷത്തോളം ഇന്ത്യക്കാര്‍ അധിവസിക്കുന്ന യു.എ.ഇയിലേക്ക് 34 വര്‍ഷത്തിനുശേഷമുള്ള ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വരവിന് പ്രവാസിസമൂഹവും രാഷ്ട്രീയ-വാണിജ്യ കേന്ദ്രങ്ങളും വലിയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. അധികാരമേറ്റടെുത്തശേഷം നരേന്ദ്ര മോദിയുടെ ഗള്‍ഫ് മേഖലയിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായും അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായും കൂടിക്കാഴ്ച നടത്തും. യു.എ.ഇയില്‍ നിന്ന് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രവാസികളും സ്വദേശികളുമായ വ്യവസായികള്‍ക്ക് മുന്നില്‍ തന്‍െറ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതി അവതരിപ്പിക്കുന്നതിനുമായിരിക്കും മോദി ഊന്നല്‍ നല്‍കുക.


ഞായറാഴ്ച അബൂദബിയില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. ഊര്‍ജ മേഖലയിലെ സഹകരണം, തീവ്രവാദത്തിനെതിരായ യോജിച്ച പോരാട്ടം തുടങ്ങിയവ മറ്റു പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലൊന്നിലും മോദി സന്ദര്‍ശനം നടത്തും. തിങ്കളാഴ്ച ദുബൈയിലെ ത്തുന്ന മോദി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.


തുടര്‍ന്ന് വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലൊരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെ ടുക്കും. ഇതാണ് മോദിയുടെ യു.എ.ഇയിലെ ഏക പൊതുപരിപാടി. 17ന് രാത്രിതന്നെ ദുബൈയില്‍ നിന്ന് മോദി ന്യൂഡല്‍ഹിക്ക് തിരിക്കും.






Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.