Latest News

യുവാവിന്റെ കൊല: സുഹൃത്തുക്കള്‍ പിടിയില്‍

കണ്ണൂര്‍: [www.malabarflash.com]കതിരൂര്‍ ചോയ്യാടത്തെ പോത്തന്‍ കണ്ടി രാജേഷി(36)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ട് യുവാക്കളെ തലശ്ശേരി സി ഐ വിശ്വംഭരന്‍ നായരും സംഘവും അറസ്റ്റ് ചെയ്തു.

പിണറായി പാറപ്രത്തെ മഹീദാമന്‍സിലില്‍ സി നൗഫല്‍ (28) ചാലില്‍ സ്വദേശിയും പിണറായി കമ്പൗണ്ടര്‍ ഷാപ്പിന് സമീപം മുസ്തഫ മന്‍സിലില്‍ താമസക്കാരനുമായ എന്‍ അര്‍ഫാത്ത് (20) എന്നിവരെയാണ് ആന്ധ്രപ്രദേശിലെ ഓങ്കോളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.

ജൂലൈ 31ന് രാത്രി 11മണിയോടെയാണ് രാജേഷിനെ തലശ്ശേരി മേലൂട്ട് മേല്‍പ്പാലത്തിനടുത്തുള്ള ഇടവഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്നേ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. രാജേഷിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍ മൂന്നുപേരും. പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ല. രാജേഷ് ഉള്‍പ്പെടെയുള്ള സംഘം അന്യസംസ്ഥാന തൊഴിലാളികളേയും മറ്റും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയശേഷം മദ്യപിക്കുക പതിവായിരുന്നു. ഷെമി കോംപ്ലക്‌സിലുള്ള ഒഴിഞ്ഞ മുറികളിലാണ് ഇവര്‍ രാത്രികാലങ്ങളില്‍ കിടന്നുറങ്ങാറ്.

രാജേഷിന്റെ കൊലക്ക് കാരണമായി പോലീസ് പറയുന്നതിങ്ങനെ. ജൂലൈ 30ന് രാത്രി രാജേഷും നൗഫലും മദ്യപിച്ചശേഷം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രാജേഷ് കുത്തിയതിനാല്‍ നൗഫലിന്റെ കഴുത്തിന് മുറിവേല്‍ക്കുകയും ചെയ്തു. നാല് തുന്നിടേണ്ടിയും വന്നിരുന്നു. ഇതിന് പ്രതികാരമായാണ് രാജേഷിനെ അക്രമിക്കാന്‍ നൗഫല്‍ തീരുമാനിച്ചത്. 

പിറ്റേദിവസം വൈകീട്ട് രാജേഷ് മാഹിയില്‍ മദ്യപിക്കാന്‍ പോയി. പ്രതികളായ മൂന്നുപേരും മറ്റൊരു ബാറില്‍ നിന്നും മദ്യപിച്ചശേഷം രണ്ട്‌പേര്‍ രാജേഷിനൊപ്പം വീണ്ടും മദ്യപിച്ചു. പിന്നീട് രാജേഷിനെ ഓട്ടോയില്‍ കൂട്ടിക്കൊണ്ടുവന്ന് ഒഴിഞ്ഞസ്ഥലത്ത് നിന്നും ആക്രമിക്കുകയായിരുന്നു. നിലത്തുവീണ രാജേഷിനെ വെട്ടുകല്ലുകൊണ്ട് കാലിലും മറ്റും കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പ്രതികള്‍ സാധാരണ തങ്ങാറുള്ള സ്ഥലത്ത് പോയികിടന്നു. 

പിറ്റേന്ന് കാലത്താണ് രാജേഷ് കൊല്ലപ്പെട്ട വിവരം പ്രതികള്‍ അറിഞ്ഞത്. ഉടന്‍തന്നെ ഇവര്‍ ചെന്നൈയിലേക്ക് മുങ്ങി.
അവിടെ കുറേദിവസം സത്യസായി സേവാകേന്ദ്രത്തിലാണ് താമസിച്ചത്. പിന്നീട് നൗഫലും അര്‍ഫാത്തും ആന്ധ്രാപ്രദേശിലെ ഓങ്കോളിലെത്തുകയും അവിടെ ഒരു ഹോട്ടലില്‍ പണിയെടുക്കകയും ചെയ്തു. 

രാജേഷും സംഘവും നേരത്തെ അടിപിടികേസില്‍ പ്രതികളായി റിമാന്റിലായി 27നാണ് ജയില്‍മോചിതരായത്. അര്‍ഫാത്ത് കഞ്ചാവ് കേസില്‍ പാലക്കാട് പിടിയിലായി ജയിലിലുമായിരുന്നു. പോലീസിന്റെ സമഗ്രമായ ഇടപെടലാണ് ഈ കേസിന് തുമ്പുണ്ടാവാന്‍ കാരണമായത്.
എ എസ് ഐ എ കെ വത്സന്‍ , സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ ബിജുലാല്‍, അജയന്‍, വിനോദ്, മഹേഷ്, സുജേഷ്, എസ് പിയുടെ ഷാഡോ ടീമില്‍പെട്ട രഞ്ജിത്ത് , മനോജ് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലാപോലീസ് മേധാവി പി എന്‍ ഉണ്ണിരാജന്റെ മേല്‍നോട്ടത്തിലായിരുന്നു കേസന്വേഷണം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.