Latest News

തൃക്കരിപ്പൂരിനെ സമ്പൂര്‍ണ ഇ-സാക്ഷരത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.

തൃക്കരിപ്പൂര്‍: [www.malabarflash.com]തൃക്കരിപ്പൂര്‍ ഇനി സമ്പൂര്‍ണ ഇ-സാക്ഷരത ഗ്രാമപഞ്ചായത്ത്. ശനിയാഴ്ച തൃക്കരിപ്പൂരില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം കെ മുനീര്‍ തൃക്കരിപ്പൂരിനെ സമ്പൂര്‍ണ ഇ-സാക്ഷരത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു.

ഇ സാക്ഷരത വഴി ജനങ്ങളില്‍ വലീയ തോതില്‍ അവബോധമുണ്ടാക്കാന്‍ കഴിഞ്ഞെന്നും കുടുംബശ്രീയും മറ്റു അയല്‍ കൂട്ടങ്ങളും ഇതില്‍ വലീയ പങ്ക് വഹിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ അതുല്യം നാലാം ക്ലാസ് പദ്ധതിയില്‍ പരീക്ഷാര്‍ത്ഥികള്‍ മുഴുവനും വിജയിച്ചതിന്റെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.
കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനത്തെ മൂന്നാമത്തേതും കാസര്‍കോട് ജില്ലയില്‍ ആദ്യത്തേതുമാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്. തിരുവനന്തപുരം ജില്ലയിലെ പള്ളിച്ചാല്‍, കരകുളം എന്നിവയാണ് സംസ്ഥാനത്ത് ഒന്നും രണ്ടും സ്ഥാനക്കാര്‍. 18 നും 60 നും മധ്യേ പ്രായക്കാരായ 6000 ലധികം പേരാണ് തൃക്കരിപ്പൂരില്‍ ഇ-സാക്ഷരത നേടിയത്. 13-ാം വാര്‍ഡ് ഉടുമ്പുന്തലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ സാക്ഷരരായത്.

സംസ്ഥാനത്ത് ആദ്യഘട്ടമെന്ന നിലയില്‍ 100 പഞ്ചായത്തുകളിലാണ് ഇ-സാക്ഷരത പരിശീലനം നടന്നത്. ഇതില്‍ ജില്ലയില്‍ 7 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കിയത്. വിവിധ സന്നദ്ധ സേവന സംഘടനകള്‍ മുഖേന 100 മണിക്കൂറായിരുന്നു പരിശീലന കാലയളവ്. ഗ്രന്ഥശാലകള്‍, അംഗനവാടികള്‍, തൊഴിലിടങ്ങള്‍ തുടങ്ങിയവ പരിശീലന കേന്ദ്രങ്ങളായി. ഗവ.പോളിടെക്‌നിക് കോളേജ് എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ പരിശീലനവുമായി സഹകരിച്ചു, വാര്‍ഡു തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാരും ഇന്‍സ്ട്രക്ടര്‍മാരും പരിശീലനത്തിന് നേതൃത്വം നല്‍കി. 

കമ്പ്യൂട്ടറില്‍ അടിസ്ഥാന വിവരം നല്‍കലായിരുന്നു ആദ്യപടി. തുടര്‍ന്ന് ഇ-മെയില്‍ അയക്കാനും സ്വീകരിക്കാനും പരിശീലിപ്പിച്ചു. തുടര്‍ന്ന് വരുന്ന രണ്ടും മൂന്നും ഘട്ടങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നടപ്പിലാക്കുക. പഞ്ചായത്ത് പാലിയെടിവ് കെയര്‍ സമിതിക്കു വേണ്ടി കുടുംബശ്രീ , അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ സമാഹരിച്ച ഒരു ലക്ഷം രൂപ സി ഡി എസ് അഗങ്ങള്‍ മന്ത്രിക്ക് കൈമാറി . മുന്‍ പഞ്ചായത്ത് അഗങ്ങളായ വി എം ശ്രീധരന്‍ , വി ടി ശാഹുല്‍ ഹമീദ് , കെ വി വിജയന്‍ എന്നിവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് മന്ത്രി കൈമാറി .

പ്രഖ്യാപന ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പി.എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര ഡയറക്ടര്‍ എന്‍.ബാലഗോപാലന്‍ , ഹാന്റിക്രാഫ്റ്റ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ,പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പി.വി.പത്മജ, അഡ്വ. എം.ടി.പി.കരീം, വി.കെ.ബാവ, അബ്ദുല്‍ റഹ്മാന്‍ ഹാജി , എ .സി വേലായുധന്‍, ടി.അബ്ദുള്ള, പി.തങ്കമണി, എം.മാലതി, ടി.വി.പ്രഭാകരന്‍, സി.എം.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍ സ്വാഗതവും എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.