Latest News

കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] കാഞ്ഞങ്ങാട്ടും മാണിക്കോത്തും കവര്‍ച്ചയും മോഷണവും നടത്തിയ രണ്ട് പേരുടെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍.

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിനടുത്തുള്ള ജോളി ബേക്കറിയില്‍ നിന്ന് പട്ടാപ്പകല്‍ മേശവലിപ്പിലുണ്ടായിരുന്ന 68000 രൂപ അപഹരിച്ച കള്ളന്റെ ദൃശ്യം സി സി ടി വി യില്‍ തെളിഞ്ഞു. ആഗസ്റ്റ് 3 ന് രാവിലെ കട തുറന്ന് സാധനങ്ങള്‍ ജീവനക്കാര്‍ ഒതുക്കി വെക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി അവരുടെ ശ്രദ്ധ തിരിഞ്ഞത് മനസിലാക്കിയ അജ്ഞാതനായ മധ്യവയസ്‌കന്‍ ബേക്കറിയില്‍ അകത്ത് എത്തുകയും പൊടുന്നനെ പണം കൈക്കലാക്കി മുങ്ങുകയുമായിരുന്നു. ഇയാള്‍ പ്ലാസ്റ്റിക്ക് സഞ്ചി കൈയ്യില്‍ കരുതി ബേക്കറിക്കകത്ത് കയറുന്നതും തൊട്ടു പിന്നാലെ ഇതേ പ്ലാസ്റ്റിക്ക് സഞ്ചിയുമായി മടങ്ങി വരുന്നതും സി സി ടി വി യില്‍ വ്യക്തമാണ്.


നല്ല തടിയും മീശയും സൗന്ദര്യവുമുള്ള ഈ അജ്ഞാതന്‍ ധരിച്ചത് ഷര്‍ട്ടും മുണ്ടുമാണ്. തൊട്ടടുത്ത ഇലക്‌ട്രോണിക്‌സ് കടയിലെ സി സി ടി വിയിലാണ് അജ്ഞാതന്റെ ദൃശ്യം പതിച്ചത്.
മാണിക്കോത്ത് പെട്രോള്‍ ബങ്കിനടുത്ത് ടു വീലര്‍ ഗ്യാരേജിന് മുകളിലെ രണ്ട്മുറികളില്‍ മോഷണം നടത്തിയ വിരുതന്റെ ദൃശ്യവും സി സി ടി വി യില്‍ തെളിഞ്ഞിട്ടുണ്ട്. ഗ്യാരേജിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി മനോജ് കുമാറും മറ്റൊരു രാജസ്ഥാന്‍ സ്വദേശിയും ഗ്യാരേജ് കെട്ടിടത്തിന് മുകളിലെ വ്യത്യസ്ത മുറികളിലാണ് താമസം. ആഗസ്റ്റ് 7 ന് വൈകുന്നേരം 6 മണിയോടെ മനോജ് കുമാര്‍ മുറിയിലേക്ക് എത്തിയപ്പോള്‍ എടിഎം കാര്‍ഡും പണവുമടങ്ങുന്ന പേഴ്‌സ് കാണാനില്ലായിരുന്നു. 

രാജസ്ഥാന്‍ യുവാവിന്റെ മുറിയില്‍ നിന്ന് 4000 രൂപ അടങ്ങുന്ന പേഴ്‌സും മൊബൈല്‍ ഫോണും അപഹരിച്ചു. മനോജ് കുമാറിന്റെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് കള്ളന്‍ കാലിക്കടവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കൗണ്ടറില്‍ നിന്ന് 1500 രൂപ അന്ന് രാത്രി 7.23 മണിക്ക് പിന്‍വലിച്ചിരുന്നു. എ ടി എമില്‍ നിന്ന് പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട 7.24 മണിക്ക് മനോജ് കുമാറിന്റെ മൊബൈല്‍ ഫോണില്‍ ബാങ്കിന്റെ മെസേജ് എത്തിയിരുന്നു.


ഇതേ തുടര്‍ന്ന് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് അഡീ. എസ് ഐ വിശ്വേന്ദ്രന്‍ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കാലിക്കടവ് എ ടി എം കൗണ്ടറിലെ സി സി ടി വി പരിശോധിക്കുകയും സംഭവ സമയം കൗണ്ടറിലുണ്ടായിരുന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 

കാവി മുണ്ടും ചുവന്ന ഷര്‍ട്ടുമുള്ള യുവാവാണ് മാണിക്കോത്ത് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. കൗണ്ടറില്‍ ഈ സമയം പാന്റ് ധരിച്ച മറ്റൊരു യുവാവുണ്ടായിരുന്നു. മോഷ്ടാവിന് എ ടി എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനെ കുറിച്ച് അറിവില്ലായിരുന്നുവെന്നും പാന്റ് ധാരിയായ യുവാവിനോട് ചോദിച്ചാണ് പണം പിന്‍വലിക്കുന്ന രീതി മനസിലാക്കിയതെന്നും പോലീസ് കരുതുന്നു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.