Latest News

മാപ്പിളകവി കെ.ടി മൊയ്തീന്‍ അന്തരിച്ചു

തിരൂരങ്ങാടി: [www.malabarflash.com] പ്രസിദ്ധ മാപ്പിള കവി തിരൂരങ്ങാടി താഴേചിനയിലെ കഴുങ്ങുംതോട്ടത്തില്‍ കെ.ടി മൊയ്തീന്‍ (69) അന്തരിച്ചു. മലയാളം, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

പരന്‍വിധിച്ചുമ്മാ വിട്ട് ചൊങ്കില്‍ നടക്കുന്ന ശുജഅത്ത് നമ്മുക്കുണ്ട് നാട്ടില്....... ഉമ്മുല്‍ഖുറാവില്‍ അണഞ്ഞ ഉമ്മുല്‍കിതാബിന്റുടമ.............. ആകെ ലോക കാരണ മുത്തൊളി യാറസൂലെ... തുടങ്ങിയവ കെ.ടി മൊയ്തീന്റെ രചനകളില്‍ ചിലതാണ്. അനശ്വര ഗായകന്‍ എവി മുഹമ്മദാണ് മിക്ക ഗാനങ്ങള്‍ക്കും ശബ്ദം നല്‍കിയത്. ഇദ്ധേഹവും സഹോദരന്‍ കെ.ടി മുഹമ്മദ്, എ.ടി മുഹമ്മദ്, എന്നിവരും എ.വി മുഹമ്മദും അടങ്ങിയ തിരൂരങ്ങാടിയിലെ മാപ്പിളപാട്ട് സംഘം പ്രസിദ്ധമായിരുന്നു.

15ാം വയസില്‍തന്നെ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നുവന്ന കെ.ടി മൊയ്തീന്റെ പ്രധാന വഴികാട്ടി ജേഷ്ഠ സഹോദരനും അറിയപ്പെട്ട മാപ്പിള കവിയുമായിരുന്ന കെ.ടി മുഹമ്മദ് സാഹിബാണ്.

ആദ്യകാലങ്ങളില്‍ വട്ടപ്പാട്ട് സംഘത്തില്‍ ചേരുകയും 12 വര്‍ഷത്തോളം ഇതില്‍ സജീവമായി നിലനില്‍ക്കുകയും ചെയ്തു. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗാന കാവ്യ സമാഹാരം 610 പേജുള്ള സമ്പൂര്‍ണകൃതി 2007ല്‍ കൊണ്ടോട്ടി മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്മാരകകമ്മിറ്റി പുറത്തിറക്കിയിരുന്നു. 

തമിഴ് പുലവന്‍മാരുടെ സീറാപാട്ടുകളെ കുറിച്ച് അവഗാഹം നേടിയ മൊയ്തീന്‍ ആദ്യകാല കല്യാണങ്ങളിലും ആഘോഷങ്ങളിലും പാടിപ്പതിഞ്ഞ നിരവധി മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. വട്ടപ്പാട്ടിന് പുറമെ പല ഗായക സംഘങ്ങള്‍ക്കൊപ്പം പൊതു പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്.


ഭാര്യ: മറിയുമ്മ. മക്കള്‍: അസ്‌ലം, ഇല്‍യാസ്, ശറഫുദ്ദീന്‍, സല്‍മത്ത്. മരുമക്കള്‍: മൊയ്തീന്‍ കുണ്ടൂര്‍ (തിരൂരങ്ങാടി. വില്ലേജ് ഓഫീസ്), നുസ്‌റത്ത്, സലീന. സഹോദരങ്ങള്‍: കുഞ്ഞഹമ്മദ്, ആയിശുമ്മു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരൂരങ്ങാടി മേലേചിന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.