Latest News

യുവേഫ സൂപ്പര്‍ കപ്പ് കിരീടം ബാര്‍സിലോനയ്ക്ക്; മെസ്സിക്ക് ഇരട്ടഗോള്‍

ടിബിലിസ്ന്:[www.malabarflash.com] ഗോള്‍മഴ അലങ്കാരം തീര്‍ത്ത ആവേശപ്പോരാട്ടത്തി നൊടുവില്‍ സെവിയ്യന്‍ വീര്യത്തെ മറികടന്ന ബാര്‍സിലോനയ്ക്ക് യുവേഫ സൂപ്പര്‍ കപ്പ് കിരീടം. അത്യന്തം ആവേശം നിറഞ്ഞ മല്‍സരത്തിന്റെ അധിക സമയത്ത് സ്പാനിഷ് താരം പെഡ്രോ നേടിയ ഗോളാണ് ബാര്‍സിലോനയ്ക്ക് കിരീടം സമ്മാനിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും നാലു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് മല്‍സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. ബാര്‍സയ്ക്കായി മെസി (7, 15), റാഫിഞ്ഞ (44), ലൂയിസ് സ്വാരസ് (52), പെഡ്രോ എന്നിവര്‍ ഗോളുകള്‍ നേടി. എവര്‍ ബനേഗ (3), റേയെസ് (57), ഗമെയ്‌റോ (72, പെനല്‍റ്റി), കൊനോപ്ല്യാങ്ക എന്നിവരുടെ വകയായിരുന്നു സെവിയ്യയുടെ ഗോളുകള്‍. 2006 ഇതേ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാര്‍സയെ 3–0നു തോല്‍പിച്ച് സെവിയ്യ ജേതാക്കളായിരുന്നു. 2015–16 സീസണിലെ ആദ്യ മേജര്‍ കിരീടമാണ് ചാംപ്യന്‍സ് ലീഗ് ജേതാക്കളും യുവേഫ കപ്പ് ജേതാക്കളും ഏറ്റുമുട്ടിയ യുവേഫ സൂപ്പര്‍ കപ്പ്.
മുണ്ടിനീരു ബാധിച്ചതിനെ തുടര്‍ന്ന് വിശ്രമിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറില്ലാതെയായിരുന്നു ജോര്‍ജിയയിലെ ടിലിബിസില്‍ നടന്ന സൂപ്പര്‍ കപ്പ് ഫൈനലിനായി ബാര്‍സിലോന ഇറങ്ങിയത്. അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസിയുടെ ഉശിരന്‍ പ്രകടനമായിരുന്നു മല്‍സരത്തിന്റെ ആദ്യപകുതിയുടെ പ്രത്യേകത. കളി ചൂടു പിടിച്ചുവരുന്നതിന് മുന്‍പ് തന്നെ എവര്‍ ബനേഗ നേടിയ ഫ്രീകിക്ക് ഗോളിലൂടെ സെവിയ്യ ആദ്യ വെടി പൊട്ടിച്ചെങ്കിലും മെസിയിലൂടെ ബാര്‍സ തിരിച്ചടിച്ചു. 

ഒന്നല്ല, രണ്ടെണ്ണം. അതും എട്ടു മിനിറ്റിന്റെ ഇടവേളയില്‍. മൂന്നാം മിനിറ്റിലായിരുന്ന എവര്‍ ബനേഗയുടെ ആദ്യ ഗോള്‍. തൊട്ടുപിന്നാലെയെത്തി മെസിയുടെ മറുപടി. ഏഴാം മിനിറ്റിലായിരുന്നു ഇത്. ബോക്‌സിന് വെളിയില്‍ നിന്നും മെസിയെടുത്ത സൂപ്പര്‍ ഷോട്ട് ഗോളിക്ക് അവസരമൊന്നും നല്‍കാതെ വലയിലെത്തി. സ്‌കോര്‍ 11. 15ാം മിനിറ്റില്‍ അടുത്ത ഗോളുമെത്തി. അതും ഫ്രീകിക്കില്‍ നിന്ന്. മെസി എന്ന താരത്തിന്റെ ക്ലാസ് തെളിയിച്ച എണ്ണം പറഞ്ഞ രണ്ടു ഫ്രീകിക്ക് ഗോളുകള്‍!
15 മിനിറ്റിനിടെ മൂന്നു ഗോളുകള്‍ വീണതോടെ ആവേശമേറി. അടിയും തിരിച്ചടിയുമായി പുരോഗമിച്ച മല്‍സത്തിന്റെ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകളൊന്നുമുണ്ടാകില്ലെന്ന് കരുതിയിരിക്കെ ഇടവേളയ്ക്ക് തൊട്ടുമുന്‍പ് റാഫിഞ്ഞയിലൂടെ ബാര്‍സ മൂന്നാം ഗോള്‍ നേടി. ഗോള്‍പാകത്തിന് റാഫിഞ്ഞയ്ക്ക് പന്തെത്തിച്ച സ്വാരസായിരുന്നു യഥാര്‍ഥത്തില്‍ ഗോളിന്റെ ശില്‍പി.

ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ബാര്‍സ ഗോളടി തുടരാന്‍ തീരുമാനിച്ചതോടെ നാലാം ഗോളുമെത്തി. ഇത്തവണ സ്വാരസ് തന്നെയായിരുന്നു സ്‌കോറര്‍. മൂന്നു ഗോളിന് മുന്നിലെത്തിയതിന് പിന്നാലെ ബാര്‍സ അല്‍പം ഉഴപ്പിയതോടെ സെവിയ്യ അവസരം മുതലെടുത്തു. 57ാം മിനിറ്റില്‍ റേയെസിലൂടെ അവര്‍ രണ്ടാം ഗോള്‍ നേടി. 72ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് കെവിന്‍ ഗമെയ്‌റോ മൂന്നാം ഗോളും നേടിയതോടെ ബാര്‍സ അപകടം മണത്തു. 81ാം മിനിറ്റില്‍ മികച്ചൊരു ഷോട്ടിലൂടെ കൊനോപ്ല്യാങ്കയും ലക്ഷ്യം കണ്ടെത്തിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. വിജയ ഗോളിനായുള്ള ഇരുടീമുകളുടെയും ശ്രമങ്ങള്‍ നിഷ്ഫലമായതോടെ മല്‍സരം അധിക സമയത്തേക്ക് നീണ്ടു.
ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമായിരുന്നു അധിക സമയത്തും. നിര്‍ണായക ഗോളിനായി ഇരുടീമുകളും ശ്രമം തുടരുന്നതിനിടെ സെവിയ്യ ഗോള്‍മുഖത്ത് ബാര്‍സയ്ക്ക് അനുകൂലമായി വീണ്ടും ഫ്രീകിക്ക്. മെസിയെടുത്ത ഷോട്ട് പ്രതിരോധ മതിലില്‍ തട്ടി തെറിച്ചെങ്കിലും എത്തിയത് മെസിയുടെ കാലില്‍ത്തന്നെ. ഗോള്‍ ലക്ഷ്യമാക്കി മെസി തൊടുത്ത പന്ത് തടുത്തിടാനെ സെവിയ്യ ഗോളിക്കായുള്ളൂ. അവസരം പാര്‍ത്തിരുന്ന പെഡ്രോയുടെ ഊക്കനടി സെവിയ്യ വലയില്‍. അവസാന നിമിഷങ്ങളില്‍ ലഭിച്ച ഉറച്ച രണ്ട് അവസരങ്ങള്‍ സെവിയ്യ താരങ്ങള്‍ പുറത്തേക്കടിച്ചു കളഞ്ഞതോടെ 54 വിജയവുമായി സീസണിലെ ആദ്യ മേജര്‍ കിരീടം ബാര്‍സയ്ക്ക് സ്വന്തം.




Keywords: Sports News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.